01:22pm 25 May 2026
NEWS
പാറ്റക്കൂട്ടം അസംതൃപ്തരാണ്, ഹിറ്റ് അടിച്ചാൽ ഫലം കാണുമോ?
25/05/2026  10:50 AM IST
വിഷ്ണുമംഗലം കുമാർ
പാറ്റക്കൂട്ടം അസംതൃപ്തരാണ്, ഹിറ്റ് അടിച്ചാൽ ഫലം കാണുമോ?

കഴിഞ്ഞ പന്ത്രണ്ടുവർഷമായി നമ്മുടെ രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. ഭരണത്തിന്റെ ഉന്നതതലങ്ങളിൽ അഴിമതി കുറഞ്ഞിട്ടുണ്ട്, പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും കഠിനാധ്വാനികളാണ്. അവരുടെ ഒപ്പമെത്താൻ ഒരു വിഭാഗം ഉദ്യോഗസ്ഥന്മാരും ശ്രമിക്കുന്നുണ്ട്.ഒട്ടേറെ സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്നതും ബിജെപിയാണ്. മമത ബാനർജിയുടെ പശ്ചിമ ബംഗാളാണ് തന്ത്രപരമായ നീക്കത്തിലൂടെ ബിജെപി അവസാനം പിടിച്ചെടുത്ത സംസ്ഥാനം. ഇതൊക്കെ ശരിയാണെങ്കിലും ബിജെപി ഒരു പരിശുദ്ധ ജനാധിപത്യ പാർട്ടിയാണെന്ന് പറയാനാവില്ല. ചില ജനവിഭാഗങ്ങളോട് ബിജെപിയ്ക്ക് വിദ്വേഷമുണ്ട്. അത് പലപ്പോഴും പ്രകടവുമാണ്. നമ്മുടെ രാജ്യത്തിന്റെ മതേതരത്വമല്ല ബിജെപിയുടെ മതേതരത്വം. ദശകങ്ങളോളം ഈ രാജ്യം ഭരിച്ച പാർട്ടിയാണ് 2014 മുതൽ പ്രതിപക്ഷത്തിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. സംസ്ഥാനങ്ങൾ പലതും കോൺഗ്രസിന് കൈവിട്ടുപോയി. അന്നും ഇന്നും നെഹ്‌റു കുടുംബമാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നത്. കുടുംബാധിപത്യ പ്രശ്നമാണ് കോൺഗ്രസിനെ ഇപ്പോഴും ദുർബലപ്പെടുത്തുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ്സും ഇടതുപക്ഷ കക്ഷികളും പ്രാദേശിക പാർട്ടികളും പ്രതിപക്ഷത്തുണ്ട്. കൂട്ടത്തിൽ ദേശീയാടിസ്ഥാനത്തിൽ അടിത്തറയുള്ള പ്രധാന പ്രതിപക്ഷ കക്ഷി കോൺഗ്രസ് തന്നെയാണ്. അടിമുടി മാറിയ സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലികമായ മാറ്റം നമ്മുടെ രാജ്യത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലും വരേണ്ടതുണ്ട്. ബിജെപിയായാലും കോൺഗ്രസ്സ് ആയാലും നാം ജെൻസി എന്ന് വിശേഷിപ്പിക്കുന്ന യുവതലമുറയുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചിന്തകളും വേണ്ടപോലെ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് പറഞ്ഞുകൂടാ. ലക്ഷക്കണക്കിന് ജെൻസികൾ പ്രധാനമന്ത്രിയെയും രാഹുൽ ഗാന്ധിയെയുമൊക്കെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നുണ്ട് എന്നത് ശരിയാണ്. പക്ഷെ ജെൻസികൾ സംതൃപ്‍രാണോ എന്നു ചോദിച്ചാൽ അല്ലെന്നാണ് ഉത്തരം. യുവതലമുറയുടെ ചിന്താസരണി വ്യത്യസ്തമാണ്. സോഷ്യൽ മീഡിയയിലാണ് അവർ ജീവിക്കുന്നത്. സമകാലീന ലോകക്രമമാണ് സോഷ്യൽ മീഡിയയിൽ പ്രതിഫലിക്കുന്നത്. ജെൻസികൾ ലോകത്തെ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മ പോലെ ജെൻസികളെ അലട്ടുന്ന ഗുരുതര പ്രശ്നങ്ങളുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടലും തരക്കേടില്ലാത്ത ജോലി കണ്ടെത്തലും ജെൻസികളെ അലട്ടുന്ന പ്രശ്നങ്ങളാണ്. പഠനം ചെലവേറിയതായിരിക്കുന്നു. അതിനിടയിലാണ് നീറ്റ് പോലുള്ള ഉയർന്ന പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള കൊള്ളരുതായ്മകൾ ജെൻസികൾക്ക് ദുരനുഭവങ്ങൾ സമ്മാനിക്കുന്നത്. അസംതൃപ്തരായി കഴിയുന്ന ജെൻസികളെ കൂട്ടം കൂട്ടമായി ആകർഷിക്കാൻ സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ഒരു പുതുചലനത്തിന് കഴിയും. കോക്രോച്ച് ജനതാപാർട്ടി എന്ന ആക്ഷേപഹാസ്യ സൈറ്റിന്റെ വരവിനെയും ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് യുവതീയുവാക്കൾ അതിലേക്ക് ആകർഷിക്കപ്പെട്ടതിനെയും കാണേണ്ടത് ആ സാഹചര്യത്തിലാണ്. കോക്രോച്ച് ജനതാപാർട്ടി എന്ന പേരും ആ പേര് ഉടലെടുക്കാനിടയാക്കിയ കാരണവും ശ്രദ്ധേയമാണ്. ഉത്തരവാദിത്വ ബോധമില്ലാതെ പെരുമാറുന്ന തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളെന്ന് ഒരു ഘട്ടത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിശേഷിപ്പിച്ചിരുന്നു. അത് ഉദ്ദേശിച്ച അർത്ഥത്തിലല്ല യുവതലമുറ ഉൾക്കൊണ്ടതെന്ന് മനസ്സിലായപ്പോൾ അദ്ദേഹം തിരുത്തുകയും ചെയ്തു. പൊ ടുന്നനവേയാണ് കോക്രോച്ച് ജനതപാർട്ടി (സിജെപി) സോഷ്യൽ മീഡിയയിൽ രൂപപ്പെട്ടത്. അതിന്റെ അവതരണവും എ ഐ റീലുകളും ചിത്രങ്ങളും സ്വയം പാറ്റകളെന്ന് കരുതുന്ന ജെൻസികളെ ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷെ സി ജെപിയ്‌ക്ക് ഹിഡൻ അജണ്ട കളുണ്ടെന്നു വ്യക്തം. അമേരിക്കയിൽ താമസിക്കുന്ന മഹാരാഷ്ട്രക്കാരനായ അഭിജിത് ദീപ്കെയാണ് സി ജെ പിയുടെ പ്രധാന ഉപജ്ഞാതാവ്. ഒരു രാഷ്ട്രീയ പാർട്ടിയുടേതിന് സമാനമായ പേരും അത് മുന്നോട്ടുവെച്ച ആശയങ്ങളും ശ്രദ്ധേയമാണ്. പാറ്റയെ കേന്ദ്ര കഥാപാത്രമാക്കി ഇന്ത്യൻ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച് പ്രചരിപ്പിച്ച എ ഐ റീലുകൾ യുവമനസ്സുകളിൽ ആഴ്ന്നിറങ്ങി എന്നത് സത്യം. ദീപ്കെ മുമ്പ് ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ തലവനായിരുന്നു എന്നിടത്ത് സിജെപിയുടെ രാഷ്ട്രീയം ആരംഭിക്കുന്നു. ഈ പുതിയ സംരംഭത്തിന് പിന്നിൽ അദ്ദേഹത്തോടൊപ്പം ആരൊക്കെയുണ്ട് എന്നത് പിന്നീടെ വ്യക്തമാവുകയുള്ളൂ. ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയാകാനുള്ള തുടക്കമാണോ സിജെപിയുടെ സോഷ്യൽ മീഡിയ എൻട്രി എന്ന് പറയാനാവില്ല. പുതിയ കാലത്ത് വിപ്ലവങ്ങൾ പലതും ആരംഭിക്കുന്നത് സോഷ്യൽ മീഡിയയിലാണല്ലോ. ഏതായാലും നാടുഭരിക്കുന്ന ബിജെപി ഇതിനെ കണ്ടത് രാജ്യവിരുദ്ധ പ്രവർത്തനമായിട്ടാണ്. ഒരുപക്ഷെ പാകിസ്ഥാൻ, ബംഗ്ലാ ദേശ്, അമേരിക്ക എന്നിവിടങ്ങളിലുള്ളവരാണ് സി ജെപി യുടെ ഫോളോവേഴ്സിൽ കൂടുതൽ എന്ന് കണ്ടതുകൊണ്ടാണ് അങ്ങനെയൊരു നിലപാടിലെത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിനെ മാറ്റണം എന്ന ആവശ്യം മുന്നോട്ടുവെച്ചതോടെ ബിജെപി വിരുദ്ധതയാണ് സിജെപിയുടെ ലക്ഷ്യം എന്ന് വ്യക്തമായി. സി ജെപി യുടെ എക്സ്,ഇൻസ്റ്റാ അക്കൗണ്ടുകൾ പൂട്ടിക്കാൻ കേന്ദ്രം ഉത്തരവിട്ടത് ശരിയായോ എന്നാലോചിക്കേണ്ടതുണ്ട്. കാരണം അതാണ് സി ജെപിയെ പോപുലറാക്കിയത്. ജെൻസികളെ കയ്യിലെടുക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കേണ്ടിയിരുന്നത്. വ്യത്യസ്ത കാരണങ്ങളാൽ ജെൻസികൾ അസ്വസ്ഥരാണ് എന്ന യാഥാർഥ്യം കേന്ദ്രം മനസ്സിലാക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ ഉടലെടുക്കുന്ന പുത്തൻ വിപ്ലവാ ശയങ്ങൾ തെരുവിലേക്കിറങ്ങി പ്രകമ്പനം സൃഷ്ടിക്കുകയും ഭരണകൂടങ്ങളെ മറിച്ചിടുകയും ചെയ്യുന്ന രീതിയാണല്ലോ സമീപകാലത്ത് ലോകത്തിന്റെ പലഭാഗങ്ങളിലും നാം കാണുന്നത്. സിജെപിയ്‌ക്ക് അത്തരം ഒരു ലക്ഷ്യമുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ബംഗളുരുവിലെ ടൌൺ ഹാളിന് മുന്നിൽ മെയ്‌ 24 ന് (അതായത് ഇന്നലെ) പ്രതിഷേധിക്കുമെന്നുള്ള പോസ്റ്ററുകൾ മൂന്ന് ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു. എന്നാൽ അറിയപ്പെടുന്ന ആരും രംഗത്തെത്തി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. ബംഗളുരുവിൽ കുറെകാലമായി പ്രതിഷേധം അരങ്ങേറുന്ന സ്ഥലം ഫ്രീഡം പാർക്കാണ്. ടൌൺ ഹാളിന്റെ പരിസരത്ത് പ്രതിഷേധ പരിപാടികൾ അനുവദിക്കാറില്ല. അത് വ്യക്തമാക്കിയ പോലീസ് ടൌൺ ഹാൾ പരിസരത്ത് സുരക്ഷ കർശനമാക്കി. ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്താൻ ആരും അനുമതി തേടിയിട്ടില്ലെന്നും ആളുകൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും പോലീസ് അറിയിപ്പ് പുറപ്പെടുവിച്ചു. ആ സാഹചര്യത്തിലാണ് സിജെപിയുടെ അഭിജിത് ദീപ്കെ ലൈവിൽ വന്ന് തെരുവിൽ പ്രതിഷേധിക്കാനോ മനുഷ്യ ചങ്ങല തീർക്കാനോ ആഹ്വാനം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. ആശയപരമായ പല പ്രശ്നങ്ങളും സിജെപിയെ അലട്ടുന്നുണ്ടെന്ന് വ്യക്തം. എക്സ്, ഇൻസ്റ്റാ അക്കൗണ്ടുകൾ നിരോധിച്ചത് സിജെപിയെ പ്രശ്നത്തിലാക്കിയിരുന്നു. ഏതായാലും ബംഗളുരുവിൽ പ്രതിഷേധ പ്രകടമോ മനുഷ്യ ചങ്ങലയോ നടന്നില്ല. കോൺഗ്രസ്സ്, ബിജെപി, ജെഡി എസ്സ് കക്ഷികൾക്ക് പ്രാമുഖ്യമുള്ള, യുവജനങ്ങൾ ഏറെയുള്ള  ബംഗളുരുവിൽ മേൽപ്പറഞ്ഞ പാർട്ടികളിലൊന്നും പെടാത്ത പാറ്റകൾ ധാരാളമുണ്ട്. അവർ അസം തൃപ്‍തരാണുതാനും.പ്രധാനമായും ബിജെപിയ്‌ക്ക് എതിരാണെന്ന് കരുതപ്പെടുന്ന സിജെപി കോൺഗ്രസ്സ് ഭരിക്കുന്ന കർണാടകത്തിന്റെ തലസ്ഥാനമായ ബംഗളുരുവിൽ മനുഷ്യചങ്ങല തീർക്കുമെന്ന് പ്രചരിപ്പിച്ചതിന്റെ പിന്നിൽ ദുരൂഹതയുണ്ട്. കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്നു കണ്ടപ്പോഴായിരിക്കുമോ അഭിജിത് ദീപ്കെ നിഷേധവുമായി വന്നത്. ഏതായാലും ഒരു കാര്യം വ്യക്തമാണ്. അസംതൃപ്തരായി കഴിയുന്ന ലക്ഷക്കണക്കിന് പാറ്റകൾ നമ്മുടെ രാജ്യത്തുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അടിയന്തര നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. പാറ്റകളെ തുരത്താൻ മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും അനുയോജ്യമായ കീടനാശിനി ഹിറ്റ് ആണ്. പക്ഷെ ഹിറ്റ്‌ അടിച്ചാലും ഏതാനും ദിവസം കഴിയുമ്പോൾ പാറ്റകൾ വീണ്ടും പ്രത്യക്ഷപ്പെടും. ഹിറ്റ്‌ അടിച്ചതുപോലെയാകുമോ കേന്ദ്രത്തിന്റെ സോഷ്യൽ മീഡിയ നിരോധനം എന്ന് ഭയപ്പെടുന്നവരുണ്ട്. ജെൻസികളെ സംതൃപ്തരാക്കുന്ന ക്രിയാത്മക നടപടികളാണ് ഉടനടി കേന്ദ്ര ഭരണകൂടത്തിൽ നിന്നുണ്ടാകേണ്ടത്. "കോക്രോച്ച് തിരിച്ചെത്തിയിരിക്കുന്നു.       കോക്രോച്ചുകൾക്ക് മരണമില്ല" എന്ന പ്രചാരണം ഇൻസ്റ്റാ അക്കൗണ്ടുകൾ തിരിച്ചുകിട്ടി എന്ന അവകാശവാദത്തോടെ അഭിജിത് ദീപ്കെ നടത്തുന്നത് ഇതോട് ചേർത്തുവായിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img