
പി വി എ നാസർ
ദോഹ: ഈദുൽ ഫിത്വർ ആഘോഷത്തിന്റെ ഭാഗമായി സ്കൈ മീഡിയ 974 ഇവെന്റ്സുമായി സഹകരിച്ച് ദോഹയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ആസ്വാദകരുടെ ആവേശം വാനോളം ഉയർത്തിയ സംഗീത പരിപാടിയായി മാറി. മാപ്പിളപ്പാട്ട് രംഗത്തെ അതികായകർ ഒന്നിച്ച പരിപാടി പെരുന്നാൾ ആഘോഷത്തിന്റെ മൊഞ്ച് കൂട്ടുന്നതായി.
കണ്ണൂർ ഷെരീഫ്, താജുദ്ധീൻ വടകര, ഷാഫി കൊല്ലം, സജില സലീം,സജിലി സലിം, സലിം സലിം , റിയാസ് കരിയാട് ഫാസില ബാനു തുടങ്ങിയ ഗായിക ഗായകന്മാരാണ് ഖത്തറിലെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനം കവർന്ന പരിപാടി അവതരിപ്പിച്ചത്. കണ്ണൂർ സലീമിന്റെ കുടുംബം അവതരിപ്പിച്ച വ്യതസ്തമായ ഗാനങ്ങളും കണ്ണൂർ ഷെരീഫിന്റെ തനതായ മാപ്പിളപ്പാട്ടുകളും ശ്രോതാക്കളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. ഗായകരോടൊപ്പം കൂടെ പാടിയും നൃർത്തം ചവിട്ടിയും തിങ്ങിനിറഞ്ഞ ഓഡിറ്റോറിയം സംഗീത ലഹരിയിൽ ആനന്ദ നൃർവിതിയിലായ കാഴ്ചയാണ് അനുഭവപ്പെട്ടത്. കുടുംബങ്ങളും കുട്ടികളും ആയി സ്റ്റേഡിയത്തിന് അകത്തും പുറത്തും തിങ്ങി നിറഞ്ഞ ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ സമീപകാലത്ത് ദോഹ കണ്ട ഏറ്റവും വലിയ സംഗീത പരിപാടിയായി മാറി .
ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗൽഭനായിരുന്ന കെ മുഹമ്മദ് ഈസ്സയുടെ ഓർമക്കായി താജുദ്ധീൻ വടകര അദ്ദേഹത്തിന്റെ പിതാവ് എം കുഞ്ഞി മൂസ രചിച്ച ഗാനം ആലപിച്ചു. ഖത്തറിൽ ആതുര സേവന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ജേക്കബ് ഡെന്റൽ സെന്റർ എം. ഡി. ഡോ. ജേക്കബിനെ പരിപാടിയിൽ ആദരിച്ചു. മാപ്പിളപ്പാട് സുൽത്താൻ കണ്ണൂർ ഷെരീഫ് അദ്ദേഹത്തിന് ഷാൾ അണിയിച്ചു.
സ്കൈ മീഡിയ മാനേജിംഗ് ഡയറക്ടർ പ്രേം സിംഗ് ഗായിക ഗായകന്മാരെ മൊമെന്റോ നൽകി ആദരിച്ചു. സ്കൈ മീഡിയ ഓപ്പറേഷൻ മാനേജർ സൗഭാഗ്യ കോർഡിനേറ്ററായ സംകൃത പമഗരി എന്ന പരിപാടി 974 ഇവന്റസിന്റെ മികച്ച സംഘാടന മികവ് തെളിയിക്കുന്നതായി.











