
കൊച്ചി: കുർബാന അർപ്പിക്കാതെ മാർ ജോസഫ് പാംപ്ലാനി നടത്തുന്നപുതിയ ദേവാലയങ്ങളുടെ വെഞ്ചിരിപ്പുകൾ വെറും പ്രഹസനവും സഭാ നിയമങ്ങളുടെ ലംഘനവും വിശ്വാസികളെ കബളിപ്പിക്കുന്ന പരിപാടിയുമാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് കുറ്റപ്പെടുത്തി.
സഭയിലെ നിയമവും കീഴ് വഴക്കങ്ങളുമനുസരിച്ച് ദേവാലയ കൂദാശ നടത്തുന്ന മെത്രാൻ പ്രസ്തുത ദേവാലയത്തിൽ കുർബാന അർപ്പിക്കുന്നതോടെയാണ് വെഞ്ചിരിപ്പ് കർമ്മങ്ങൾ പൂർത്തിയാകുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ കൂദാശകൾ നിർവ്വഹിച്ചതും 28ന് നടക്കുന്ന മരടിലെ ദേവാലയ വെഞ്ചിരിപ്പും അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി ദിവ്യ ബലി നടത്താതെ നിർവ്വഹിക്കും. ദേവാലയ കൂദാശയെ ഒരു നാമമാത്ര ചടങ്ങാക്കി നടത്തിയ ശേഷം സഭാവിരുദ്ധർക്കും വിമതർക്കും സീറോ മലബാർ സഭ നിരോധിച്ച കുർബാന നടത്താൻ സിനസ് സെക്രട്ടറി കൂടിയായ മാർ പാംപ്ലനി ദേവാലയം വിട്ടുകൊടുക്കുന്നു. ഇതിലൂടെ സഭ നിയമങ്ങളുടെ പരസ്യമായ ലംഘനവും വിശ്വാസി സമൂഹത്തിന് തെറ്റായ സന്ദേശവുമാണ് നൽകുന്നത്.തുടർച്ചയായി അതിരൂപതയിൽ നിയമ ലംഘനങ്ങക്കും തെറ്റായ രീതികൾക്കും നേതൃത്വം നൽകുന്ന ഈ മെത്രാനെ എത്രയും വേഗം അതിരൂപതയുടെ ചുമതലകളിൽ നിന്നും പുറത്താക്കണം.ഇതു സംബന്ധിച്ച് വത്തിക്കാൻ ഭരണ സമിതിക്കും സഭയുടെ സ്ഥിരം സിനസ് അംഗങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റി പരാതികൾ നൽകിയിട്ടുണ്ടെന്നും പാംപ്ലാനിയുടെ തെറ്റായ ഇത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നുംഭാരവാഹികളായ അഡ്വ. മത്തായി മുതിരേന്തി, അഡ്വ. ജോയി ജോർജ്ജ്, ജേസഫ് പി. എബ്രഹാം, ക്യാപ്റ്റൻ ടോം ജോസഫ് എന്നിവർ അറിയിച്ചു.
Photo Courtesy - Google








