
ചെങ്ങന്നൂർ: മലങ്കര സഭയ്ക്ക് എതിരായി ഉണ്ടാകുന്ന നീതിനിഷേധത്തിൽ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനില്ക്കുന്നവരെ തിരിച്ചറിയുവാൻ മലങ്കര സഭയുടെ മക്കൾക്ക് കരുത്തുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു.
ആറു പള്ളികളെ സംബന്ധിച്ച് ബഹു. കോടതിയുടെ വിധി പൂർണ്ണമായി ലഭിക്കുന്നതിന് മുമ്പ് തന്നെ ആഘോഷം തുടങ്ങിയർ, വിധി ശരിക്കും വായിച്ചോ എന്നത് സംശയമാണ്. അനുകൂലമായ ഏതെങ്കിലും പരാമർശം ഉണ്ടാകുമ്പോൾ മാത്രം കോടതി നല്ലതും, അല്ലാത്തപ്പോൾ കോടതിവിധികൾ അയിത്തം ഉള്ളതുമായി മാറുന്നത് എങ്ങനെയാണ് .
മലങ്കര സഭക്ക് അനുകൂലമായി സഭാതർക്കത്തിലെ 1958, 1995, 2017 സുപ്രീം കോടതി വിധികളെല്ലാം തുടരെ തുടരെ ലഭിച്ചത് ഈ സഭയുടെ നിലപാടിനും , സാമൂഹിക പ്രതിബദ്ധതക്കും ഇന്ത്യൻ ഭരണഘടനയോടും , നിയമ സംവിധാനത്തോടും കാണിച്ച ആദരവിനും ലഭിച്ച അംഗീകാരമാണ് .
ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധിക്ക് എതിരെ ഉള്ള കീഴ് കോടതി വിധികൾ ദുർബലം എന്നത് ബഹു. ഹൈക്കോടതി എടുത്ത് പറഞ്ഞിരിക്കുന്നു . കൂടാതെ 1934 ലെ ഭരണഘടന പ്രകാരം മാത്രമേ മലങ്കരയിലെ എല്ലാ പള്ളികളും ഭരിക്കപ്പെടാവു എന്ന് കോടതി പറയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുവാൻ ആർക്കും കഴിയില്ല. ഒളിഞ്ഞും തെളിഞ്ഞും സാഹചര്യം പോലെ തലയും വാലും കാണിച്ച് അടുത്തു വരുന്നവരെ തിരിച്ചറിയേണ്ട സമയം കൂടെയാണിത്. നീതി നിഷേധത്തിനും, അരക്ഷിതാവസ്ഥയ്ക്കും കൂട്ടുനിൽക്കുന്നവരെ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.











