01:42pm 10 November 2026
NEWS
യു.ഡി.എഫ് ഭരണം വന്നാൽ മുഖ്യമന്ത്രിയെ ശരിയായ സമയത്ത് തിരുമാനിക്കും :മുൻകൂട്ടി ആരെയും ഉയർത്തിക്കാട്ടില്ലെന്ന് വി.ഡി. സതീശൻ
11/07/2025  08:10 AM IST
സുരേഷ് വണ്ടന്നൂർ
യു.ഡി.എഫ് ഭരണം വന്നാൽ മുഖ്യമന്ത്രിയെ ശരിയായ സമയത്ത് തിരുമാനിക്കും :മുൻകൂട്ടി ആരെയും ഉയർത്തിക്കാട്ടില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ, മുഖ്യമന്ത്രിയായി ഒരാളെയും മുൻകൂട്ടി ഉയർത്തിക്കാട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം എം.എൽ.എമാരുടെയും പാർട്ടി ദേശീയ നേതൃത്വത്തിന്റെയും അഭിപ്രായങ്ങൾ കണക്കിലെടുത്തായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.മുഖ്യമന്ത്രി മോഹവുമായി ഒരാൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങിയാൽ അത് സ്വന്തം വിജയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമാകും. അത് മുന്നണിയുടെ മൊത്തത്തിലുള്ള വിജയത്തിന് ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ വിജയം കൂട്ടായ പ്രവർത്തനത്തിന്റെ ഫലം

തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നിവിടങ്ങളിലെ മികച്ച വിജയങ്ങൾക്ക് ശേഷമാണ് നിലമ്പൂരിലെ വിജയം. ഇത് യു.ഡി.എഫിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. എല്ലാ ഘടകകക്ഷികളെയും ഒന്നിപ്പിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിച്ചു. പി.വി. അൻവറിന്റെ വിഷയത്തിൽ, യു.ഡി.എഫ് സ്ഥാനാർത്ഥിയെ അധിക്ഷേപിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. അത് കോൺഗ്രസും ഘടകകക്ഷികളും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം നിരയെയും മൂന്നാം നിരയെയും സജ്ജമാക്കി

പുതിയ തലമുറയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും വി.ഡി. സതീശൻ സംസാരിച്ചു. രണ്ടാം നിരയെയും മൂന്നാം നിരയെയും ഞങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചെറുപ്പക്കാരെ വിശ്വസിച്ച് ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചാൽ അവർ അത് ഭംഗിയായി ചെയ്യും. പാർട്ടി പുനഃസംഘടന സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും, ഉചിതമായ സമയത്ത് നടപടികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വ്യത്യസ്തമായ രാഷ്ട്രീയ ശൈലി

തനിക്കുള്ളത് വേറിട്ടൊരു രാഷ്ട്രീയ ശൈലിയാണെന്ന് സതീശൻ പറഞ്ഞു. പറയുന്ന കാര്യങ്ങൾ നടപ്പായില്ലെങ്കിൽ തനിക്ക് ദേഷ്യം വരും. എന്നാൽ, നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവരെ അഭിനന്ദിക്കുകയും ചെയ്യും. മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്ക് അവരവരുടേതായ ശൈലികളുണ്ടായിരുന്നു. അവരിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ക്യാപ്റ്റൻ', 'മേജർ' വിവാദങ്ങൾ അനാവശ്യമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർ സമരങ്ങൾ പ്രഖ്യാപിച്ച് യു.ഡി.എഫ്

ആരോഗ്യ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചിലർ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ഭീഷണി വിലപ്പോകില്ല. കരിങ്കൊടി പ്രതിഷേധത്തിൽ എന്തിനാണ് അസ്വസ്ഥതയെന്നും അദ്ദേഹം ചോദിച്ചു. എല്ലാ സമുദായ സംഘടനകളുമായി യു.ഡി.എഫിന് നല്ല അടുപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നതുൾപ്പെടെയുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കും. രാഷ്ട്രീയ തിരക്കുകൾക്കിടയിലും പുസ്തകവായനയ്ക്കും വനയാത്രകൾക്കും സമയം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img