10:46am 21 July 2024
NEWS
മുഖ്യമന്ത്രിക്ക് തൽക്കാലം ആശ്വസിക്കാം
09/06/2024  10:14 AM IST
ചെറുകര സണ്ണിലൂക്കോസ്
മുഖ്യമന്ത്രിക്ക് തൽക്കാലം ആശ്വസിക്കാം
HIGHLIGHTS

കുഴൽനാടൻ  പോരാടാൻ ഉറച്ചുതന്നെ

കൊച്ചിയിലെ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽസ് (സി.എം.ആർ.എൽ) കമ്പനിയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും അവരുടെ കമ്പനിയും 1.72 കോടിരൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുവാറ്റുപുഴ എം.എൽ.എ. ഡോ. മാത്യു കുഴൽനാടൻ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത് പിണറായി വിജയനും സി.പി.എമ്മിനും തൽക്കാലം ആശ്വാസകരമാണ് എന്നതിൽ സംശയമില്ല.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യപ്രതിയായി ജയിലിൽ കിടന്ന കേസിൽപ്പോലും തനിക്ക് മനസ്സറിവ് ഒന്നുമില്ലെന്ന ധാരണ പരത്തുന്നതിൽ വിജയിച്ച പിണറായി വിജയന്റെ മേൽ മാസപ്പടി വിവാദം വീഴ്ത്തിയ കരിനിഴൽ ഒട്ടും ചെറുതായിരുന്നില്ല. കാരണം മാസപ്പടി കേസ് പ്രതിപക്ഷം ഉയർത്തികൊണ്ടു വന്നതായിരുന്നില്ല. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്ക് സി.എം.ആർ.എൽ. കമ്പനിക്ക് യാതൊരു സേവനവും നൽകാതെ സേവനത്തിനുള്ള പ്രതിഫലം എന്ന മറയിൽ മാസംതോറും വൻതുക കൈപ്പറ്റിയിരുന്നു എന്നു കണ്ടെത്തിയത് കേന്ദ്ര സർക്കാറിനുകീഴിലുള്ള ഔദ്യോഗിക ഏജൻസിയാണ്. അതു മാധ്യമ വാർത്തയായശേഷം മാത്രമാണ് പ്രതിപക്ഷം ഏറ്റെടുക്കുന്നത്.

മാത്രമല്ല ഇക്കാര്യത്തിൽ സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന ഒരു വിശദീകരണം നൽകാൻ പണം വാങ്ങിയവർക്കോ നൽകിയവർക്കോ കഴിഞ്ഞതുമില്ല.  മുഖ്യമന്ത്രിയോടോ സി.പി.എം. എന്ന പാർട്ടിയോടോ അന്ധമായ വിധേയത്തമില്ലാത്തവരൊക്കെയും ആരോപണങ്ങളിൽ കഴമ്പുള്ളതായി കരുതുകയും ചെയ്തു. കേരള രാഷ്ട്രീയത്തിൽ ഏതു പാർട്ടിയുടെയും പ്രമുഖ നേതാവിനേയോ കുടുംബത്തേയോ നേരിട്ടു ബാധിക്കുന്ന ഗുരുതരമായ ആക്ഷേപം ഉയർന്നാൽ വളയ്ക്കുകയേ ആകാവൂ ഒടിക്കരുത് എന്ന ഒരു പരസ്പര സഹായസഹകരണം അലിഖിതമായ കീഴ്‌വഴക്കമായി മാറിയിരുന്നു. വി.എസ്. അച്യുതാനന്ദൻ, പി.ടി. തോമസ് എന്നിവരെപ്പോലെയുള്ള അപൂർവ്വം ചിലർ മാത്രം ഈ ഏർപ്പാടിനു നിന്നുകൊടുത്തിരുന്നില്ല. അതേ ജനുസ്സിൽപ്പെട്ട പുതിയ തലമുറയിലെ ഡോ. മാത്യു കുഴൽനാടൻ വിഷയം ഏറ്റെടുത്ത് നിയമസഭയിലും പുറത്തും മുഖ്യമന്ത്രിയെ കടന്നാക്രമിച്ചതോടെ, പ്രതിപക്ഷത്തെ പ്രധാന നേതാക്കൾക്കും വിഷയം കണ്ടില്ലന്നു നടിക്കാൻ പറ്റാത്ത സ്ഥിതിയായി. 
2021-ലെ മികച്ച വിജയത്തിനുശേഷം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിഛായയും വിശ്വാസ്യതയും ഇടിയുന്നതിനുകാരണമായ പല വിഷയങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു മാസപ്പടി ആരോപണം. കുഴൽനാടന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതിയുടെ നിരീക്ഷണവും വിധിയും ലോക്‌സഭാ വോട്ടെടുപ്പിനു മുമ്പായിരുന്നുവെങ്കിൽ അത് സി.പി.എമ്മിനും ഇടതുമുന്നണിക്കും നേട്ടമാകുമായിരുന്നു. സി.പി.എം. പൊതുസമൂഹത്തോട് പറയാൻ ശ്രമിച്ചത് ഈ ആരോപണം രാഷ്ട്രീയപ്രേരിതമായിരുന്നു എന്നാണ്. എന്നാൽ ഈ വാദത്തിന് വേണ്ടത്ര വിശ്വാസ്യത ലഭിച്ചില്ല. വിജിലൻസ് കോടതിവിധി പ്രതിപക്ഷത്തിനു കനത്ത തിരിച്ചടിയാണെങ്കിലും, തെരഞ്ഞെടുപ്പുകഴിഞ്ഞാണല്ലോ എന്നവർക്കാശ്വസിക്കാമെന്നുമാത്രം.

ഈ വിധി വ്യക്തിപരമായി ഏറ്റവും ക്ഷീണവും നഷ്ടവും ഉണ്ടാക്കിയത് തൽക്കാലത്തേക്ക് എങ്കിലും മാത്യു കുഴൽനാടനാണ്. ഡൽഹി രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ് കേരളത്തിൽ നിന്ന് 2019-ലെ ലോക്‌സഭാ ഇലക്ഷനിൽ മൽസരിക്കാൻ സീറ്റു തേടിയെത്തിയ കുഴൽനാടന് ചുണ്ടിനും കപ്പിനുമിടയിൽ സീറ്റു നഷ്ടപ്പെട്ടു. തുടർന്ന് 2021-ൽ നിയമസഭയിലേക്ക് മൂവാറ്റുപുഴയിൽ നിന്നു മൽസരിച്ച് ജയിച്ച് ആദ്യമായി നിയമസഭയിലെത്തി.  വിഷയങ്ങൾ ഗഹനമായി പഠിച്ച് സമർത്ഥമായി അവതരിപ്പിക്കുന്നതിലൂടെ മികച്ച നിയമസഭാ സാമാജികനെന്ന നിലയിൽ വളരെ വേഗം ശ്രദ്ധേയനായിമാറി.

കോൺഗ്രസു പോലൊരു പാർട്ടിയിൽ പല മുതിർന്ന നേതാക്കൾക്കും ഇത് അസ്വസ്ഥതയുളവാക്കിയെന്നതു രഹസ്യമല്ല. മാസപ്പടിയുൾപ്പെടെയുള്ള ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിച്ച് കുഴൽനാടൻ പലവട്ടം മുഖ്യമന്ത്രിയുമായി നേർക്കുനേർ ഏറ്റുമുട്ടുകയും, തെല്ലും പുറകോട്ടു പോകാതിരിക്കുകയും ചെയ്തതോടെ അണികൾക്കിടയിൽ ഹീറോ ആവുകയും സി.പി.എം. വിരുദ്ധരുടെയെല്ലാം മതിപ്പു നേടിയെടുക്കുകയും ചെയ്തു.

വാർത്താസമ്മേളനങ്ങളിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലും വേറിട്ട ശൈലിയിലൂടെ പ്രാഗൽഭ്യം തെളിയിച്ചു. മുഖ്യമന്ത്രിക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചവരൊക്കെ അതിന്റെ പ്രത്യാഘാതം അനുഭവിച്ചിട്ടുണ്ടെന്നും, പിന്മാറുന്നതാവും നല്ലതെന്നുമായിരുന്നു ചിലരുടെ ഉപദേശം. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസിനെക്കൊണ്ട് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള അഴിമതി അന്വേഷിപ്പിക്കാൻ കോടതിയിൽ പോകുന്നതിലെ മഠയത്തരത്തെകുറിച്ചുള്ള താക്കീത്, വിജിലൻസ് കോടതിയിൽപോയി കേസ് ള്ളിയാൽ പിന്നെ പ്രതിപക്ഷത്തിന് ഈ വിഷയം ഉന്നയിക്കാനുള്ള ധാർമ്മിക അർഹത നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ്, ഇതെല്ലാം അവഗണിച്ച് കുഴൽനാടൻ മുന്നോട്ട് പോയത് സുപ്രീം കോടതിയിൽ വരെ പോയാലും പുറകോട്ടില്ല എന്ന ദൃഢ നിശ്ചയത്തിലായിരുന്നു.

സാമാന്യം ഉയർന്ന സാമ്പത്തികശേഷിയുള്ള കുടുംബത്തിൽപ്പെട്ട ഡോ. മാത്യു കുഴൽനാടന് അദ്ദേഹം കൂടി പങ്കാളിയായ ഗ.ങ.ച.ജ. ഘഅണ എന്ന ന്യൂഡൽഹി ആസ്ഥാനമായ, ബാംഗ്ലൂർ, ഗ്വാഹത്തി, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുമുള്ള നിയമസ്ഥാപനത്തിൽ നിന്നുള്ള വരുമാനവും ചെറുതല്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ആരോപണം ഉന്നയിച്ചതിനുപകരത്തിനു പകരം എന്ന നിലയിൽ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, കുഴൽനാടൻ ഉൾപ്പെട്ട നിയമസ്ഥാപനത്തിനെതിരേ, അവിടെ കള്ളപ്പണ ഇടപാടുള്ളതായി ആരോപണം ഉന്നയിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ 2.56 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എം.എൻ.പി. ലോ എന്ന സ്ഥാപനം ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയുണ്ടായി.  

കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും അടങ്ങിയിരുന്നില്ല. കുഴൽനാടന്റെ ആസ്തികളും വരുമാനങ്ങളും ജാതകവുമെല്ലാം പഠിച്ചു. ഇടുക്കി ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ കപ്പിത്താൻ ബംഗ്ലാവ് എന്ന റിസോർട്ടും സ്ഥലവും 2020 ഒക്‌ടോബറിൽ കുഴൽനാടനും ബിസിനസ് പങ്കാളികളും ചേർന്ന് വാങ്ങുകയും, 2023 ഏപ്രിൽ ആദ്യം ഇത് വിറ്റുപോകുകയും ചെയ്തതായി കണ്ടെത്തി. കുഴൽനാടനെ പൂട്ടാനുള്ള വാശിയുടെ ഭാഗമായി അധികൃതർ എം.എൽ.എ.യുടെ മൂവാറ്റുപുഴയ്ക്കടുത്തുള്ള തറവാട് വീടും സ്ഥലവും ചിന്നക്കനാൽ റിസോർട്ടും എല്ലാം അളന്നുതിട്ടപ്പെടുത്തി. ആധാരത്തിലുള്ളതിൽ  കൂടുതൽ സ്ഥലം ഉണ്ടോ പുറംപോക്ക് കയ്യേറിയിട്ടുണ്ടോ എന്നൊക്കെയായിരുന്നു പരിശോധന.

പരിശോധനയിൽ 1964-ലെ ഭൂമി പതിവ് ചട്ടപ്രകാരം ലഭിച്ച 4.28 ഏക്കർ ഭൂമി തീറാധാരം ചെയ്ത് കൈവശം വെച്ചിരുന്ന ചിന്നക്കനാലിലെ മുൻ ഭൂഉടമ സർക്കാർ പുറമ്പോക്ക് കയ്യേറിയിരുന്നതായും 50 സെന്റ് അധികം ഉള്ളതായും കണ്ടെത്തി. അതിനെതിരെ നടപടികൾ നിലനിൽക്കവേയാണ് ഈ സ്ഥലം കുഴൽനാടനും പങ്കാളികളും വാങ്ങിയത്. ഇതിൽ അഴിമതിയുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻ ഉടുമ്പഞ്ചോല തഹസിൽദാർ പി.കെ. ഷാജി ഒന്നാം പ്രതിയായും, ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറി കെ.ജെ. മനോജ് സാബു രണ്ടാം പ്രതിയായും മാത്യുകുഴൽനാടൻ എം.എൽ.എ.യെ പതിനാറാം പ്രതിയാക്കിയും വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു.

അങ്ങനെ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ വിജിലൻസ് അന്വേഷണത്തിനു കോടതിയിൽപ്പോയ കുഴൽനാടൻ സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ നൽകിയ പരാതിയിൽ വിജിലൻസ് കേസിൽ പ്രതിയായി. വിജിലൻസ് ഇടുക്കി യൂണിറ്റാണ് എഫ്.ഐ.ആർ. ഇട്ടത്. ചിന്നക്കനാൽ പാപ്പാത്തി ചോലയിൽ, മാത്യു കുഴൽനാടൻ, ടോണി കാവുങ്കൽ, ടോം കാവുങ്കൽ എന്നിവരുടെ 'ഉടമസ്ഥത'യിലുള്ള 'എറ്റേണോ കപ്പിത്താൻസ് ഡെയ്ൽ' എന്ന റിസോർട്ട് ഉൾപ്പെടുന്ന ഭൂമി, മുൻ ഉടമയിൽ നിന്നു വാങ്ങുമ്പോൾ മിച്ചഭൂമി നടപടികളിൽ ഉൾപ്പെട്ട ഭൂമിയായിരുന്നു ഇത്. ആധാരത്തിലുള്ളതിലും അധികമായി 50 സെന്റ് കയ്യേറിയ പുറംമ്പോക്കോ, വിരിവോ ആയി മുൻ ഉടമ കൈവശം വച്ചിരുന്നു. ഈ കയ്യേറ്റ ഭൂമിയിൽ റോഡിനോട് ചേർന്ന് മതിൽകെട്ടി എന്നിവയാണ് കുറ്റകൃത്യങ്ങൾ. ഭൂമിയെ സംബന്ധിച്ച് ക്രമകേടുകൾ അറിഞ്ഞിട്ടാണ് മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയത് അതുകൊണ്ട് കുഴൽനാടൻ ക്രമക്കേടിൽ പങ്കാളിയാണ് എന്നാണ് വിജിലൻസ് നിഗമനം. ആധാരപ്രകാരമുള്ളതിലും അധികമുള്ള ഭൂമി കയ്യേറ്റഭൂമിയായി കണക്കാക്കി തിരിച്ചുപിടിക്കാൻ ഇടുക്കി ജില്ലാ കളക്ടർ ഉടുമ്പഞ്ചോല ഭൂരേഖാ തഹസിൽദാരോട് ഈ വർഷം ജനുവരി ഒടുവിൽ നിർദ്ദേശം നൽകുകയും ചെയ്തു.

എന്നാൽ മിച്ചഭൂമി നടപടികളിൽ ഉൾപ്പെട്ട ഭൂമിയായിരുന്നു എന്ന് വാങ്ങുമ്പോൾ അറിയില്ലായിരുന്നുവെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ താൻ വാങ്ങിയശേഷം ഒരിഞ്ചുഭൂമിപോലും കയ്യേറിയിട്ടില്ലെന്നും മുൻ ഉടമസ്ഥൻ അറിയുന്ന ആളായിരുന്നതുകൊണ്ട് അളന്നു തിരിച്ചില്ലെന്നും പറഞ്ഞു. ഇടുക്കിയിൽ പോലീസ്, റവന്യൂ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ഇത്ര ശുഷ്‌കാന്തിയോടെ പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണെന്നു പരിഹസിച്ച എം.എൽ.എ. തന്റെ ആസ്തി സ്വത്തുക്കൾ മുഴുവൻ പിടിച്ചെടുക്കുമെന്നു പറഞ്ഞാലും നിലപാടുകളിൽ നിന്നു പുറകോട്ട് പോകുന്നയാളല്ല താൻ എന്ന് അന്നുതന്നെ മറുപടി നൽകുകയും ചെയ്തിരുന്നു. വിമർശനം ഉന്നയിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ ഫോഴ്‌സിനെ ഉപയോഗിച്ച് വേട്ടയാടുമ്പോൾ മോദിയുടെ സുഹൃത്തായ പിണറായി സകല സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് തന്നെ വേട്ടയാടി നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയാണെന്നും, തന്റെ മടിയിൽ കനമില്ലാത്തതിനാൽ ഒരു സ്വേഛാധിപതിക്കുമുമ്പിലും തലകുനിക്കിെല്ലന്നും കുഴൽനാടൻ പറഞ്ഞിരുന്നു.

എന്നാൽ മാസപ്പടി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയതും, പരാതി ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നു കോടതി പറഞ്ഞതും ഈ ഘട്ടത്തിൽ മാത്യു കുഴൽനാടന് വലിയക്ഷീണം തന്നെയാണ് ഉണ്ടാക്കിയത്. കുഴൽനാടന്റെ ഹർജി പരിഗണിക്കവേ തന്നെ വിജിലൻസ് അദ്ദേഹത്തിന്റെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ അഴിമതിനിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ വിജിലൻസ് അന്വേഷണത്തെ എതിർത്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ സമർപ്പിച്ചരേഖകളിലോ കണ്ടെത്താനായില്ലെന്നാണ് ഹർജി തള്ളികൊണ്ട് കോടതി നിരീക്ഷിച്ചത്.

ആ്വായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിനു സി.എം.ആർ.എൽ എന്ന കമ്പനിയിലെ ഉദ്യോഗസ്ഥൻ നൽകിയ മൊഴിയിലെ മറ്റു പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ('ആർ.സി' 'ഒ.സി' തുടങ്ങിയവരെ ഉദ്ദേശിച്ച്) ആവശ്യപ്പെടാത്തതെെന്തന്നും കോടതി ചോദിച്ചിരുന്നു. അതോടൊപ്പം കോൺഗ്രസ് നേതാക്കൾക്ക് അനുകൂലമായി മുമ്പ് ഹൈക്കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ഇതിനു സമാനമെന്നരീതിയിൽ വിജിലൻസ് കോടതി ഉദാഹരിക്കുക കൂടി ചെയ്തതോടെ വിധിയിലെ രാഷ്ട്രീയവും നിയമ വൃത്തങ്ങളിൽ ചർച്ചയായി.

വിധിയിൽ നിരാശ പ്രകടിപ്പിച്ച മാത്യു കുഴൽനാടൻ കാത്തിരുന്നു കാണുക എന്ന നിലപാടിലാണ്. ഇപ്പോൾ ഒരു വിധിയുടെ പേരിൽ തന്നെ അപഹസിക്കുന്നവരോട് കാത്തിരുന്നു കാണുക എന്നേ പറയാനുള്ളൂ എന്ന് മാത്യു കുഴൽ നാടൻ 'കേരളശബ്ദ'ത്തോടു പറഞ്ഞു. വിജിലൻസ് കോടതിയുടെ വിധിന്യായങ്ങളോട് കുറച്ചൊക്കെ നിയമം പഠിച്ച ആളെന്നനിലയിൽ എനിക്കു വിയോജിപ്പുണ്ട്. ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ ഉത്തരവിൽ പരാമർശിച്ച മറ്റ് നേതാക്കൾക്കെതിരെ എന്തുകൊണ്ട് അന്വേഷണം ആവശ്യപ്പെട്ടില്ലെന്നാണ് വിജിലൻസ് കോടതി ചോദിച്ചത്. ഡയറിക്കുറിപ്പിലാണ് പി.വി.എന്നതുൾപ്പെടെയുള്ള പേരുകൾ വന്നത്. ഡയറിക്കുറിപ്പ് തെളിവായി കാണാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്.

എന്നാൽ വീണയും കമ്പനിയും പണം വാങ്ങിയെന്നത് അവർ പോലും നിഷേധിക്കാത്ത കാര്യമാണ്. ബാങ്കുരേഖകൾ ഉണ്ട്. അതുകൊണ്ടാണ് പി.വി. വാങ്ങിയ പണത്തെക്കുറിച്ച് ഹർജിയിൽ ഉന്നയിക്കാതെ മകൾ വാങ്ങിയ പണത്തെക്കുറിച്ചും അതിന്റെ പ്രത്യുപകാരത്തെക്കുറിച്ചും അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയോടോ, കുടുംബത്തോടോ വ്യക്തിപരമായ വൈരാഗ്യമില്ല. അവർക്കെതിരെ ഹർജി നൽകി പബ്ലിസിറ്റി ലഭിക്കേണ്ട കാര്യവുമില്ല. അതീവഗുരുതരമായ അഴിമതിയും ക്രമക്കേടും നടന്നു എന്ന് എനിക്ക് 100 ശതമാനം ഉത്തമബോധ്യമുള്ള കാര്യങ്ങൾ അന്വേഷിച്ച് സത്യം കണ്ടെത്തി എത്ര ഉന്നതരായാലും  രാജ്യത്തെ നിയമനടപടികൾക്കു വിധേയരാക്കാൻ ഒരു പ്രതിപക്ഷ എം.എൽ.എ എന്ന നിലയിലുള്ള കടമ നിർവ്വഹിക്കുക മാത്രമാണ് ഞാൻ ചെയ്തത്. അന്വേഷണമാവശ്യപ്പെട്ട എന്റെ ഹർജി തള്ളി. എന്നാൽ അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ട് എനിക്ക് എതിരേ എട്ട് അന്വേഷണങ്ങൾ നടത്തുന്നു. വീടിന്റെ അറ്റകുറ്റപ്പണിക്കുപോലും സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നു. എന്തെല്ലാം പ്രതിബന്ധങ്ങളും ഭീഷണികളും ഏതു ഭാഗത്തു നിന്നുണ്ടായാലും സത്യം വിജയിക്കുംവരെ താൻ പോരാടുമെന്നും ഡോ. മാത്യു കുഴൽനാടൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE