
ദോഹ: ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി (NHRC) അധ്യക്ഷ ഹെച്ച്.ഇ. മറിയം ബിൻത് അബ്ദുള്ള അൽ അതിയ്യ തിങ്കളാഴ്ച വിവിധ ഉന്നതതല പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ താജിക്കിസ്ഥാൻ അംബാസഡർ ഹെച്ച്.ഇ. നൂർമുറോദ് മഹ്മദാലി, ദോഹയിലെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) ഓഫീസ് ഡയറക്ടർ ഫ്രാൻസെസ്കോ ഡി ഓവിഡിയോ എന്നിവരുമായാണ് അവർ പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തിയത്.താജിക്കിസ്ഥാൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ
മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും, അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.ഐ.എൽ.ഒ (ILO) പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയിൽ ഖത്തറിലെ തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങളും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി രാജ്യം സ്വീകരിക്കുന്ന നടപടികളും ചർച്ചയായി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അൽ അതിയ്യ വിശദീകരിച്ചു.
മനുഷ്യാവകാശ മേഖലയിൽ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്. രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പുരോഗതിയും വരാനിരിക്കുന്ന പദ്ധതികളും ചർച്ചകളിൽ വിഷയമായി.










