08:17am 26 August 2026
NEWS
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ഈ വർഷവും തുടരും
01/01/2026  07:36 AM IST
nila
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങൾ ഈ വർഷവും തുടരും

2025ൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പുതിയ വർഷത്തിലും തുടരുമെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് സഹായകമായ രീതിയിൽ എല്ലാ മേഖലകളിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് മോദി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ലക്ഷ്യമാക്കി ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്ന കാഴ്ചപ്പാടോടെയാണ് ഈ വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

2025 ഇന്ത്യയ്ക്ക് മാറ്റങ്ങളുടെ വർഷമായിരുന്നുവെന്ന് മോദി പറഞ്ഞു. വിവിധ മേഖലകളിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് പുതിയ വേഗത നൽകിയതായും, ഇന്ത്യയ്ക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, സാധാരണ ജനങ്ങളുടെ സാമ്പത്തിക ശീലം ശക്തിപ്പെടുത്തുന്നതിനായി നികുതി ഇളവുകൾ നൽകണമെന്ന് സാമ്പത്തിക വിദഗ്ധർ ആവശ്യപ്പെട്ടു. ഡിജിറ്റൽ മേഖല വികസിപ്പിക്കാൻ ഡാറ്റ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയിൽ നയപിന്തുണ വേണമെന്നും അഭിപ്രായമുയർന്നു. സേവനമേഖലയിലെ കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികളും നിർദേശിച്ചു.

ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക മേഖല, ടൂറിസം തുടങ്ങിയ ഉയർന്ന വരുമാന സാധ്യതയുള്ള മേഖലകളിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ നൽകണമെന്നും യോഗം വിലയിരുത്തി. അപൂർവ മൂലകങ്ങളുടെ ലഭ്യതയിൽ സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.

ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. കയറ്റുമതി മേഖലക്ക് പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങളും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നടപടികളും ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img