
കൊച്ചി: കേന്ദ്രസർക്കാരിനും ബിജെപിക്കും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഓർമകളെ പോലും ഭയമാണെന്ന് മുൻമന്ത്രി കെ ബാബു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജവഹർലാൽ നെഹ്റു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ കാലഘട്ടങ്ങളിൽ നെഹ്റുവിന്റെ നാമധേയത്തിലുള്ള വിവിധ പദ്ധതികളുടെ പേരുകൾ മാറ്റിയ നടപടി അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇപ്പോഴും നെഹ്റു ഉൾപ്പെടെയുള്ള രാജ്യത്തിനുവേണ്ടി നിലകൊണ്ട പൂർവിക നായകരുടെ ഓർമകളെ ചരിത്രത്തിൽ നിന്നും വെട്ടി മാറ്റുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. ഇന്നലെകളിൽ രാജ്യത്തിനുവേണ്ടി നിലകൊണ്ടവരുടെ ഓർമകൾ ഇവിടെ നിലനിൽക്കരുതെന്ന നിർബന്ധ ബുദ്ധിയാണ് ബിജെപിക്ക്. അതിന് നേതൃത്വം നൽകുന്നതാകട്ടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ്. നെഹ്റു ഉൾപ്പടെയുള്ള മഹാന്മാരുടെ ഓർമകൾ പോലും സംഘപരിവാറിനെ ഭയപ്പെടുത്തുന്നു. മറ്റു രാജ്യങ്ങൾക്ക് മുൻപിൽ പോലും ആത്മാഭിമാനത്തോടെ നിലനിൽക്കുവാൻ കഴിയുന്ന നിലയിൽ ഇന്ത്യയുടെ കാർഷിക വ്യവസായിക സാമൂഹ്യ ക്ഷേമ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പല പ്രവർത്തനങ്ങളുടെയും തുടക്കം കുറിക്കുവാൻ നെഹ്റുവിന് കഴിഞ്ഞിരുന്നു. നെഹ്റുവിന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന എല്ലാ അഭിവൃദ്ധിയും. ആ നേട്ടങ്ങളെ തകർക്കുവാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് നെഹ്റു പകർന്നു നൽകിയ സംഭാവനകളെ അന്നും ഇന്നും എതിർത്തതും എതിർക്കുന്നതും സംഘപരിവാർ ആണ്. നെഹ്റുവിന്റെ ഓർമകളെ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് നെഹ്റു യുവകേന്ദ്ര പദ്ധതിയിൽ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുവാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം. 1972 രൂപീകൃതമായ നെഹ്റു യുവകേന്ദ്രയുടെ പേരുമാറ്റുന്ന നടപടി ഒരിക്കലും യോജിക്കാൻ കഴിയുന്നതല്ല. ബിജെപിയും സംഘപരിവാറും എത്രകണ്ട് പരിശ്രമിച്ചാലും നെഹ്റുവിൻ മൂല്യങ്ങൾ രാജ്യം നിലനിൽക്കുന്നിടത്തോളം കാലം ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.യുഡിഎഫ് ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ എൻ വേണുഗോപാൽ, ടോണി ചെമ്മാണി, എം ആർ അഭിലാഷ്, പോളച്ചൻ മണിയൻകോട്, റീസ് പുത്തൻവീടന്, എംപി ശിവദത്തൻ, വിജു ചൂളക്കൻ, സനൽ നെടിയതറ, കേണൽ ഇ പി സെബാസ്റ്റ്യൻ, വി ആർ സുധീർ , കെ കേശവൻ , കെ വി ആന്റണി , കെ വി ജോൺസൻ തുടങ്ങിയവർ സംസാരിച്ചു










