
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന കാബിനറ്റ് നിയമന സമിതിയാണ് ഈ നിയമനത്തിന് അംഗീകാരം നല്‍കിയത്. നിലവിലെ ഐബി ഡയറക്ടർ തപൻ കുമാർ ഡേക ജൂണ്‍ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ രണ്ടു വർഷത്തേക്കാണ് മഹേഷ് ദീക്ഷിതിന്റെ കാലാവധി.
നിലവില്‍ ഇന്റലിജൻസ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദഹം 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങള്‍, ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം എന്നിവയില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയം ഇദ്ദേഹത്തിനുണ്ട്.
2019 ഓഗസ്റ്റില്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി അവിടുത്തെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലും ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. തുടർന്ന് ശ്രീനഗറിലെ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോ മേധാവിയായും പ്രവർത്തിച്ചു. ജമ്മു കാഷ്മീരില്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ട ചുമതലയുള്ള കാലയളവിലാണ് 2023-ല്‍ ശ്രീനഗറില്‍ ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം വിജയകരമായി പൂർത്തിയായത്. ഇത് അന്താരാഷ്ട്ര തലത്തില്‍ കാഷ്മീരിലെ സുരക്ഷിതാവസ്ഥ പ്രകടമാക്കുന്നതില്‍ വലിയ നാഴികക്കല്ലായിരുന്നു.
സൈബർ ഭീഷണികള്‍, രാജ്യത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍, ഇൻഫർമേഷൻ വാർഫെയർ എന്നിവ പ്രതിരോധിക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.
Photo Courtesy - Google










