03:00am 22 October 2026
NEWS
ഹൈന്ദവാചാരസംരക്ഷണത്തിന് കേന്ദ്രം ഇടപെടണം;മോഹന്‍ഭാഗവതുമായി സന്യാസിമാര്‍ കൂടിക്കാഴ്ച നടത്തി
30/01/2025  06:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹൈന്ദവാചാരസംരക്ഷണത്തിന് കേന്ദ്രം ഇടപെടണം;മോഹന്‍ഭാഗവതുമായി സന്യാസിമാര്‍ കൂടിക്കാഴ്ച നടത്തി

കൊച്ചി: കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ സന്യാസിമാര്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് ഡോ.മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ എല്ലാ പരമ്പരകളിലുംപെട്ട സന്ന്യാസിമാര്‍ പങ്കെടുത്തു. കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികളെ ഏല്‍പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സന്യാസിമാര്‍ കൂടിക്കാഴ്ചയില്‍ ഡോ.മോഹന്‍ഭാഗവതിനോട് അഭ്യര്‍ഥിച്ചു. കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെ നടത്തുന്ന ധര്‍മ സമ്പര്‍ക്ക യാത്ര സംബന്ധിച്ചും സന്യാസി സംഘം ഡോ. മോഹന്‍ഭാഗവതുമായി സംസാരിച്ചു. മാര്‍ഗദര്‍ശകമണ്ഡലം ജന.സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി സുധീര്‍ ചൈതന്യ (ചിന്മയ മിഷന്‍), ഹംസാനന്ദപുരി (നരനാരായണ അദൈ്വതാശ്രമം), ദേവചൈതന്യാനന്ദ സരസ്വതി (കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം), നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മഠം),കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, ജി. അയ്യപ്പദാസ് (പന്മനാശ്രമം), ഡോ.ധര്‍മാനന്ദ (രാമനന്ദാശ്രമം), ആനന്ദ ചൈതന്യ (ശുഭാനന്ദ ശാന്തി ആശ്രമം), വേദാമൃതാനന്ദപുരി (അമൃതാനന്ദമയീ മഠം), സത്യപ്രിയാനന്ദ സരസ്വതി മാതാജി (പാലക്കാട് നിത്യാനന്ദാശ്രമം), അന്തര്‍യോഗിനിമാതാ തീര്‍ത്ഥ ( വാഴൂര്‍ തീര്‍ത്ഥപാദാശ്രമം), ബ്രഹ്മചാരിസഞ്ജയ (കൊളത്തൂര്‍ അദൈ്വതാശ്രമം) തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

ഫോട്ടോ ക്യാപ്ഷന്‍: കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  ഇടപെടണമെന്നാവശ്യപ്പെട്ട് മാര്‍ഗദര്‍ശകമണ്ഡലം ജന.സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ സന്യാസിമാര്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് ഡോ.മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img