01:32pm 03 December 2025
NEWS
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോൾ പരി​ഗണനയിലില്ലെന്ന് കേന്ദ്രം
02/12/2025  12:33 PM IST
nila
 രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോൾ പരി​ഗണനയിലില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോൾ പരി​ഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ ചോദ്യത്തിന് മറുപടി നൽകവെ കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക് എന്നീ വമ്പൻ ബാങ്കുകളിലേക്ക് ചെറു പൊതുമേഖലാ ബാങ്കുകളെ കൂട്ടിച്ചേർക്കുമെന്ന വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ ചോദ്യം. 

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള യാതൊരു പദ്ധതിയും നിലവിലില്ല. എന്നാൽ, 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപന മെച്ചപ്പെട്ട പ്രകടനത്തിന് സഹായകമായതായി ധനമന്ത്രാലയം കൂട്ടിച്ചേർത്തു. 2017-ലാണ് ഇന്ത്യയിൽ പൊതുമേഖലാ ബാങ്കുകളുടെ ലയനപ്രക്രിയ ആരംഭിച്ചത്. 2019-ൽ 27 ബാങ്കുകൾ 12 ആക്കി ചുരുക്കി.

ഇപ്പോൾ ഇന്ത്യയിലെ 12 പൊതുമേഖലാ ബാങ്കുകളിൽ ഒന്നും 'മെഗാ ബാങ്ക്' വിഭാഗത്തിലേക്ക് എത്തുന്നില്ലെന്നും ശ്രദ്ധേയമാണ്. ലോകത്തെ മുൻനിര 40 ബാങ്കുകളിൽ അവർക്കൊന്നും സ്ഥാനം ഇല്ല; എസ്ബിഐക്ക് പോലും നിലവിലെ സ്ഥാനം 47 ആണ്. ഇതുകൊണ്ടാണ് ബാങ്ക് ലയനം വഴി വലിപ്പം കൂട്ടാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലുകൾ ഉയർന്നത്.

രാജ്യത്തിന്റെ ഇൻഫ്രാസ്ട്രക്ചർ, ഉൽപ്പാദന മേഖലകൾ തുടങ്ങി വലിയ പദ്ധതികൾക്ക് ആവശ്യമായ വായ്പകൾ നൽകാൻ കൂടുതൽ ശക്തിയുള്ള ബാങ്കുകൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ ബാങ്കുകളുടെ വലിപ്പം ഇതിനായി പോരാ. ലയനം നടപ്പാക്കിയാൽ ഉയർന്ന സാമ്പത്തിക ശേഷിയുള്ള ‘മെഗാ ബാങ്കുകൾ’ സൃഷ്ടിക്കാനാകും. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം പത്ത് വരെ ചുരുക്കണമെന്ന ആശയം മുൻപ് തന്നെ കേന്ദ്രസർക്കാരിൽ പരിഗണനയിലുണ്ടായിരുന്നു.

ഇന്ത്യക്ക് മത്സരാധിഷ്ഠിതമായ, അന്താരാഷ്ട്ര നിലവാരത്തിലെ വലിയ ബാങ്കുകൾ ആവശ്യമാണെന്നും ഈ കാര്യത്തിൽ റിസർവ് ബാങ്കും ബാങ്കിംഗ് മേഖലയിലെ വിദഗ്ധരും തമ്മിൽ ചർച്ചകൾ തുടരുകയാണെന്നും ധനമന്ത്രി നിർമലാ സീതാരാമൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏഷ്യയിലെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ വൻതോതിലുള്ള ബാങ്കുകളിലൂടെ ആധിപത്യം പുലർത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാല് ബാങ്കുകളും ചൈനയുടെതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img