10:37pm 10 September 2026
NEWS
ശ്രീ.ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു.
09/09/2026  05:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശ്രീ.ജിജോ ജോൺ പുത്തേഴത്തിന്റെ നിര്യാണത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു.

കോട്ടയം : പത്രവായനക്കാർക്ക് സുപരിചിതമായ ബൈലൈനാണ് ശ്രീ. ജിജോ ജോൺ പുത്തേഴത്തിന്റേത്. അദ്ദേഹത്തിന്റെ വിരൽത്തുമ്പിലൂടെ പിറന്ന വാർത്തകളാണ് ആ പേരിനെ മലയാളികളുടെ മനസ്സിൽ അടയാളപ്പെടുത്തുന്നതും. അന്വേഷണാത്മക പത്രപ്രവർത്തനരംഗത്തെ എണ്ണംപറഞ്ഞ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ശ്രീ.ജിജോ. ക്രിയാത്മകവും പ്രതിബദ്ധതയാർന്നതുമായ മാധ്യമപ്രവർത്തനത്തിനുള്ള അംഗീകാരമായി ഗോയങ്ക പുരസ്‌കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ മലയാള മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ തേടിയെത്തി. അടുത്തിടെ മുളന്തുരുത്തിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി അദ്ദേഹം എത്തിയിരുന്നു. ദേശീയശ്രദ്ധ നേടിയ 700 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാർത്താപരമ്പര തുടർച്ചയായ ദിവസങ്ങളിൽ മനോരമയിൽ വായിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു.

ജിജോയുടെ ആകസ്മിക വേർപാടിലൂടെ അദ്ദേഹം പിന്തുടർന്നിരുന്ന അനേകം വാർത്തകൾക്ക് അപ്രതീക്ഷിത വിരാമം കുറിക്കപ്പെട്ടേക്കാം. എന്നാൽ, ആ തൂലികയിലൂടെ മലയാളി വായിച്ചറിഞ്ഞ വാർത്തകൾക്ക് ഒരിക്കലും മരണമില്ല. ജിജോയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാം​ഗങ്ങൾക്കും മലയാള മനോരമയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും സർവ്വേശ്വരൻ ആശ്വാസം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീ. ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img