കോട്ടയം : പത്രവായനക്കാർക്ക് സുപരിചിതമായ ബൈലൈനാണ് ശ്രീ. ജിജോ ജോൺ പുത്തേഴത്തിന്റേത്. അദ്ദേഹത്തിന്റെ വിരൽത്തുമ്പിലൂടെ പിറന്ന വാർത്തകളാണ് ആ പേരിനെ മലയാളികളുടെ മനസ്സിൽ അടയാളപ്പെടുത്തുന്നതും. അന്വേഷണാത്മക പത്രപ്രവർത്തനരംഗത്തെ എണ്ണംപറഞ്ഞ മാധ്യമപ്രവർത്തകരിൽ ഒരാളാണ് ശ്രീ.ജിജോ. ക്രിയാത്മകവും പ്രതിബദ്ധതയാർന്നതുമായ മാധ്യമപ്രവർത്തനത്തിനുള്ള അംഗീകാരമായി ഗോയങ്ക പുരസ്‌കാരം ഉൾപ്പെടെയുള്ള നിരവധി ബഹുമതികൾ മലയാള മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ തേടിയെത്തി. അടുത്തിടെ മുളന്തുരുത്തിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി അദ്ദേഹം എത്തിയിരുന്നു. ദേശീയശ്രദ്ധ നേടിയ 700 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാർത്താപരമ്പര തുടർച്ചയായ ദിവസങ്ങളിൽ മനോരമയിൽ വായിച്ചതും ഈ അവസരത്തിൽ ഓർക്കുന്നു.
ജിജോയുടെ ആകസ്മിക വേർപാടിലൂടെ അദ്ദേഹം പിന്തുടർന്നിരുന്ന അനേകം വാർത്തകൾക്ക് അപ്രതീക്ഷിത വിരാമം കുറിക്കപ്പെട്ടേക്കാം. എന്നാൽ, ആ തൂലികയിലൂടെ മലയാളി വായിച്ചറിഞ്ഞ വാർത്തകൾക്ക് ഒരിക്കലും മരണമില്ല. ജിജോയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്കും മലയാള മനോരമയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും സർവ്വേശ്വരൻ ആശ്വാസം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീ. ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു.







