07:44am 26 May 2026
NEWS
മലയാള ഭാഷയുടെ രാജ്യതലസ്ഥാനം
13/04/2025  04:55 PM IST
nila
മലയാള ഭാഷയുടെ രാജ്യതലസ്ഥാനം

മലയാള ഭാഷയുടെ വളർച്ചയ്ക്ക് രാജ്യതലസ്ഥാനം വഹിച്ച പങ്ക് ഏറെ പ്രശസ്തമാണ്. ഒ വി വിജയൻ, വി.കെ.എൻ, കാക്കനാടൻ, ഓംചേരി എൻ.എൻ. പിള്ള, എം. മുകുന്ദൻ, ആനന്ദ്, സക്കറിയ, സച്ചിദാനന്ദൻ തുടങ്ങി എത്രയോ പേർ ഒരുകാലത്ത് മലയാള ഭാഷയ്ക്ക് ഡൽഹിയിലിരുന്ന് സംഭാവനകൾ നൽകിയിരിക്കുന്നു. ഇപ്പോൾ മലയാള പുസ്തക ചർച്ചകളും പ്രകാശനങ്ങളും കൊണ്ട് രാജ്യതലസ്ഥാനം മലയാളസാഹിത്യത്തിന്റെ ഒരു കേന്ദ്രമായി മാറി വരുന്നതായ തോന്നൽ ഉണ്ടായിരിക്കുന്നു. ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് കേന്ദ്ര സാഹിത്യ അക്കാദമിയിൽ നടന്നപ്പോൾ മലയാളത്തിൽ നാല് പുസ്തകങ്ങളാണ് പ്രകാശിതമായത്. പിന്നീട് രാജ്യതലസ്ഥാനം കണ്ടത് പുസ്തക ചർച്ചകളുടെയും പുസ്തക പ്രകാശനങ്ങളുടെയും വലിയ ചടങ്ങുകൾ തന്നെയാണ്. എം മുകുന്ദന്റെ 'എന്റെ എംബസിക്കാലം', അജിത്ത് മണിയന്റെ 'വിലാസലതിക ബി.എ. ഓണേഴ്സ്' എന്നീ പുസ്തക ചർച്ചയും ഉണ്ടായി. രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. മാതൃഭൂമി ചാനലിലെ റിപ്പോർട്ടറായ അനൂപ് ദാസ് രചിച്ച മറ്റൊരു മഹാഭാരതം എന്ന പുസ്തകം ഡൽഹിയിൽ ചർച്ച ചെയ്യപ്പെട്ടതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ചടങ്ങ്. നമ്മുടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ ചില മനുഷ്യരുടെ ജീവിതകഥകളാണ് പുസ്തകത്തിലുള്ളത്. അധികാരവും മതവും പ്രകൃതിയും ജാതിയുമെല്ലാം വരിഞ്ഞുമുറുക്കിയ മനുഷ്യർ. അതിനെ അതിജീവിച്ച് കാണിക്കുന്ന അനുഭവസാക്ഷ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. വാർത്തകൾ ചെയ്യുവാൻ അനൂപ് നടത്തിയ യാത്രകൾക്കിടയിൽ കണ്ട മനുഷ്യരുടെ കഥകളാണ് ഇതെന്നത് എടുത്ത് പറയണം. ഡൽഹിയിലെ പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ കെ. സി വേണുഗോപാൽ എം.പി അടക്കമുള്ള ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്നു. സീറോ അവർ എന്നുള്ള പുസ്തകത്തിന്റെ ചർച്ച ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചടങ്ങാണ്. ഹരി കരുമാടി രചിച്ച കഥകളുടെ സമാഹാരം മേഘച്ചാർത്തിലെ ചിത്രങ്ങൾ പ്രകാശനവും ചർച്ചയും നടന്നത് മാർച്ച് അവസാന വാരത്തിലാണ്. 2024 ജനസംസ്കൃതി കേന്ദ്ര  സർഗോത്സവത്തിലെ കലാസാഹിത്യ പ്രതിഭകൾക്ക് കഥാ സമാഹാരത്തിന്റെ ആദ്യ പ്രതി നൽകി മുതിർന്ന മാധ്യമ പ്രവർത്തകനും കേരള ക്ലബ്ബ് പ്രസിഡന്റ് എ.ജെ ഫിലിപ്പാണ് പ്രകാശനം നിർവ്വഹിച്ചത്. 

ചടങ്ങിൽ പുസ്തക ചർച്ച മികച്ച നിലവാരമാണ് പുലർത്തിയത്. പ്രവാസികൾക്കിടയിൽ മലയാളഭാഷയ്ക്ക് ശക്തമായ വേരോട്ടമുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ചടങ്ങ്. കേരള ക്ലബ്  സാഹിതീ സഖ്യത്തിൽ നന്ദകുമാരൻ പെരുവനം എഴുതിയ 'ആദ്യത്തെ ഓർമയിൽ' എന്ന കവിതകളുടെ സമാഹാരത്തിന്റെ പ്രകാശനവും  ഈ സമാഹാരത്തിലെ കവിതകളെക്കുറിച്ച്  ചർച്ചയും ഉണ്ടായിരുന്നു. അങ്ങിനെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മലയാളഭാഷ സജീവമാണ്. 

എ.കെ.ജി മെമ്മോറിയൽ പ്രഭാഷണം

45 വർഷമായി രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയാണ് ജനസംസ്കൃതി. കഴിഞ്ഞ 38 വർഷമായി മുടക്കമില്ലാതെ എ.കെ.ജി മെമ്മോറിയൽ പ്രഭാഷണ പരമ്പര ജനസംസ്കൃതി നടത്തിവരുന്നുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായി എ.കെ.ജി മെമ്മോറിയൽ പ്രഭാഷണം നടത്തി. എ.കെ.ജിയുടെ ഓർമ്മ ദിവസമായ മാർച്ച് മാസം 22നാണ് എല്ലാ വർഷവും ഈ പ്രഭാഷണം നടത്തുന്നത്.  ഇ.എം.എസ്, പി. ഗോവിന്ദപിള്ള, ബി.ടി. രണദിവൈ, സോമനാഥ് ചാറ്റർജി, നിഖിൽ ചക്രവർത്തി, എൻ. റാം, മുതൽ ഒട്ടേറെ പ്രമുഖർ എ.കെ.ജി മെമ്മോറിയൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. 38 മത് എ.കെ.ജി മെമ്മോറിയൽ പ്രഭാഷണമാണ് ഈ വർഷം നടന്നത്. മദ്രാസ് ഹൈക്കോടതിയിലെ മുൻ ജസ്റ്റിസ് ആയ കെ ചന്ദ്രു ആണ് ഇത്തവണ എ.കെ.ജി മെമ്മോറിയൽ പ്രഭാഷണം നടത്തിയത്. ഭരണഘടനയും അംബേദ്കറും ഇന്നത്തെ കാഴ്ചപ്പാടിൽ എന്നതായിരുന്നു അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ വിഷയം. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയിലെ അഴിമതി പുതിയ കാര്യമല്ലെന്നും അതിന് ഉത്തരം പറയാൻ ജുഡീഷ്യറി ബാധ്യസ്ഥമാണെന്നും ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ നിയമന രീതികൾ അടക്കം ചർച്ച ആക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ മൗലികാവകാശ ലംഘനങ്ങൾക്കെതിരെ ആദ്യം നിയമസംവിധാനത്തെ സമീപിച്ചത് ദക്ഷിണേന്ത്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. മൗലികാവകാശ സംരക്ഷണത്തിന് ആദ്യം സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയാണ് എ കെ ഗോപാലൻ എന്ന് ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാട്ടി. എ.കെ.ജിയുടെ ശക്തമായ നിലപാടുകളും, നേതൃത്ത്വവും ഇന്ത്യ എക്കാലവും സ്മരിക്കുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്റെ വളർച്ചയ്ക്ക് ചെറുപ്പകാലം മുതൽ ഭരണഘടനാ മൂല്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത് തിരിച്ചറിഞ്ഞ് സ്കൂളിൽ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കുന്ന കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും, ഭരണഘടന അറിഞ്ഞ് വളരുന്നവർക്കേ അവകാശബോധം ഉണ്ടാവുകയുള്ളൂ എന്നും ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ വൻതോതിൽ പണം കണ്ടെത്തിയ റിപ്പോർട്ടുകളിൽ പ്രതികരിച്ച് ജുഡീഷ്യറിയിൽ അഴിമതി വിമുക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരിൽ നിന്ന് പണം പിടിക്കുന്നത് സാധാരണമായ ഒരു സംഭവമായി മാറിയിരിക്കുന്നു. അതുകൊണ്ട് അതിപ്പോൾ വാർത്തയല്ല. ജഡ്ജിയുടെ വീട്ടിലെ പണം പിടിച്ചത് വലിയ വാർത്തയും, ചർച്ചയുമാകുന്നത് അതുകൊണ്ടാണ്. ജഡ്ജിയെ ഇംപിച്ച്മെന്റ് ചെയ്യുക മാത്രമാണ് മുന്നിലുള്ള വഴി എന്നും, അതിനുപകരം ട്രാൻസ്ഫർ പകരമാകുമോ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

മഹീന്ദ്ര എക്സലെൻസ് ഇൻ തീയേറ്റർ

രാജ്യത്തെ പ്രശസ്തമായ നാടകോത്സവങ്ങളിൽ ഒന്നാണ് മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ് ( മീറ്റ ). ഇത്തവണ ഇരുപതാമത്തെ നാടകോത്സവമായിരുന്നു. ഒരു വർഷം അവർ പത്ത് നാടകങ്ങൾ രാജ്യത്തെ വിവിധ ഭാഷകളിൽ നിന്ന് തിരഞ്ഞെടുക്കും. ഇത്തവണ രാജ്യത്തെ വിവിധ ഭാഷകളിലെ 367 നാടകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് നാടകങ്ങളിൽ രണ്ടെണ്ണം മലയാളമായിരുന്നു. ഇവിടെ നാടകം അവതരിപ്പിക്കുക എന്നത് വലിയ അംഗീകാരമായാണ് നാടക പ്രവർത്തകർ കാണുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ തിയേറ്റർ വേദിയായ മീറ്റയിൽ പങ്കുചേരുക എന്നത് ഓരോ തീയേറ്റർ കലാകാരന്റെയും സ്വപ്നമാണ്. ജീവന്റെ മാലാഖ, കണ്ടോ നിങ്ങൾ എന്റെ കുട്ടിയെ കണ്ടോ എന്നീ രണ്ട് നാടകങ്ങളാണ് മലയാള ഭാഷയിൽ അവതരിപ്പിക്കപ്പെട്ടത്. പാലക്കാട് നിന്നുള്ള ജീവന്റെ മാലാഖ എന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് ഒ. ടി ഷാജഹാൻ ആണ്. പാലക്കാട് നിന്നുള്ള മറ്റൊരു നാടക സംഘം അവതരിപ്പിച്ച കണ്ടോ നിങ്ങൾ എന്റെ കുട്ടിയെ കണ്ടോ എന്ന നാടകം അടിയന്തരാവസ്ഥക്കാലത്തെ ഈച്ചര വാര്യരുടെ കഥയാണ്. ഈ നാടകവും കണ്ണൻ പാലക്കാട് ആണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ജീവന്റെ മാലാഖ എന്ന നാടകത്തിലെ അഭിനയത്തിന് സാക്ഷിത സന്തോഷ്, മഹീന്ദ്ര എക്സലൻസ് ഇൻ തീയേറ്റർ അവാർഡ് സ്പെഷ്യൽ ജൂറി മെൻഷൻ നേടി.  

വേറിട്ട ചിത്രപ്രദർശനം: പ്രസൻസ് ഓഫ് ആബ്സെൻസ്  ഇൻ മാൻ

ഡൽഹിയിൽ വ്യത്യസ്തമായ ഒരു ചിത്രപ്രദർശനം നടന്നു. ഡൽഹിയിലെ പ്രശസ്തമായ ദി സ്റ്റെയിൻലെസ് ഗാലറിയിലാണ് പ്രസൻസ് ഓഫ് ആബ്സെൻസ് ഇൻ മാൻ: എലിഫന്റ് ഇൻ ദി റൂം എന്ന ചിത്രപ്രദർശനം നടന്നത്. ശ്രദ്ധേയമായ ഈ ചിത്രപ്രദർശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത് രണ്ട് മലയാളികളാണ് എന്നുള്ളതിൽ മലയാള ചിത്രലോകം അഭിമാനിക്കണം. പ്രശസ്ത ക്യുറേറ്ററും ചിത്രകാരനുമായ അനൂപ് കമ്മത്തും, കഥാകാരി മാധവിക്കുട്ടിയുടെ മരുമകളും കവയിത്രിയുമായ അനുരാധ നാലപ്പാടുമാണ് പ്രദർശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത്. മലയാളിക്ക് പരിചിതമായ അരിക്കൊമ്പനും പടയപ്പയും ചിത്രങ്ങളിൽ കാണാം. രതീദേവി പണിക്കർ വരച്ച അരിക്കൊമ്പന്റെ എട്ടടി ഉയരവും, ഏഴടി വീതിയുമുള്ള അക്രലിക്കിലും ഓയിലിലുമുള്ള ചിത്രം ഏറെ ശ്രദ്ധേയമായി. പ്രദർശനം ഉദ്ഘാടനം ചെയ്ത മനേകഗാന്ധി ജീവജാലങ്ങൾ ഇല്ലാതാകുന്നതിൽ കലാകാരന്മാരുടെ സങ്കടവും പ്രകൃതിയിലെ സൗന്ദര്യത്തിനായുള്ള അവരുടെ ആഗ്രഹവും ചിത്രങ്ങളിൽ അനുഭവിക്കാൻ കഴിയുമെന്ന് പറഞ്ഞു. കേരളം വളരെ സവിശേഷമായ ഒരു സ്ഥലമാണ്. പ്രകൃതിയിൽ ഏറ്റവും മികച്ചതെല്ലാം നൽകി അനുഗ്രഹിക്കപ്പെട്ട ഇടമാണ് കേരളം. ഏറ്റവും മിടുക്കരും സെൻസിറ്റീവുമായ ആളുകൾ അവിടെ നിന്നാണ് വരുന്നത്. എന്നിട്ടും എല്ലാ ജീവജാലങ്ങളോടും ഉള്ള അവഗണനയും ക്രൂരതയും മനസ്സിലാക്കുന്നില്ല എന്ന് അവർ പരിഭവിച്ചു. 

ആദ്യമായി രാജ്യത്ത് ശാസ്ത്രനയം കൊണ്ടുവന്നത്  ആര്...?

ഗുജറാത്തിനെ രാജ്യത്തെ ഒന്നാമനാക്കാൻ കുറച്ച് നാളുകളായി പല കേന്ദ്രങ്ങളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് ചരിത്രത്തെ തിരുത്തുന്ന നടപടിയാണെന്നതിൽ സംശയമില്ല. പല നീക്കങ്ങളും പരാജയപ്പെടുന്നുമുണ്ട്. ചിലത് വിജയിച്ചിട്ടുമുണ്ട്. ഒടുവിൽ പരാജയപ്പെട്ട വിഷയമാണ് രാജ്യത്തെ ആദ്യത്തെ ശാസ്ത്രനയം കൊണ്ടുവന്ന സംസ്ഥാനമെന്ന അവകാശവാദം. ഇന്ത്യയിൽ ഒരു സംസ്ഥാനം ആദ്യമായി ശാസ്ത്ര നയം കൊണ്ടുവരുന്നത് കേരളത്തിലാണ്. 1974 ൽ സി അച്യുതമേനോൻ മുഖ്യമന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് കേരളം ശാസ്ത്രനയം കൊണ്ടുവന്നത്. ചരിത്രസത്യം ഇതായിരിക്കെ, ഇന്ത്യൻ പാർലമെന്റിൽ 2022 ജൂലൈ 21ന് ഇത് സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭാ അംഗം പി. സന്തോഷ് കുമാറിന് കേന്ദ്രമന്ത്രി നൽകിയ മറുപടിയിൽ പറഞ്ഞത് ഗുജറാത്താണ് 2018 ആദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത് എന്നാണ്. എന്നാൽ വീണ്ടും ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ 2025 മാർച്ച് 21ന് ശാസ്ത്രസാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ നൽകിയ മറുപടി കേരളമാണ് 1974 ൽ ആദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത് എന്നാണ്. ഇന്ത്യൻ പാർലമെന്റിന്റെ രേഖകളിൽ അതുകൊണ്ട് തന്നെ രണ്ട് തരം ഉത്തരം ഇപ്പോൾ കാണുവാൻ സാധിക്കും. പാർലമെന്റിൽ സർക്കാർ നൽകുന്ന മറുപടിയിലെ പൊരുത്തക്കേട് കൗതുകം ഉണർത്തുന്ന കാര്യമായി മാറിയിരിക്കുകയാണ്. ഔദ്യോഗിക രേഖകളുടെ കൃത്യതയിൽ സംശയം ഉണ്ടാക്കുന്ന മറുപടികൾ നൽകിയതിനാൽ പാർലമെന്റിൽ ഇതു സംബന്ധിച്ച ചർച്ച വേണമെന്ന് രാജ്യസഭാ എം.പി കൂടിയായ പി. സന്തോഷ്കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.