
തിരുവനന്തപുരം: പതിമൂന്നാം വയസ്സിൽ അവിചാരിതമായി എടുത്തണിഞ്ഞ ആ ചുവന്ന കുപ്പായവും വെള്ളത്താടിയും കെ. ഡഗ്ലസ് എന്ന അൻപത്തിമൂന്നുകാരൻ ഇന്നും മാറ്റിവെച്ചിട്ടില്ല. കൗൺസലിംഗ് സൈക്കോളജിസ്റ്റായ ഡോ. ഡഗ്ലസ് കഴിഞ്ഞ നാല് പതിറ്റാണ്ടായി തിരുവനന്തപുരം നഗരത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ്.
തുടക്കം ഒരു പള്ളി കരോളിൽ
കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ കരോളിന് കൂടിയ എട്ടാം ക്ലാസുകാരന്റെ ചുറുചുറുക്ക് കണ്ടാണ് അന്നത്തെ സ്ഥിരം പാപ്പ തന്റെ വേഷം ഡഗ്ലസിന് കൈമാറിയത്. അന്ന് തുടങ്ങിയ യാത്ര ഇന്ന് 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഡഗ്ലസിന്റെ അച്ഛൻ ഇ.എം. കുഞ്ഞൂഞ്ഞും മുൻപ് ക്രിസ്മസ് പാപ്പയായി വേഷമിട്ടിട്ടുണ്ട്.
മതസൗഹാർദ്ദത്തിന്റെ സന്ദേശം
പള്ളി കരോളുകളിൽ നിന്ന് മാറി 'ഗ്രേറ്റ് ലാൻഡ് ഗ്ലോബൽ അസോസിയേഷൻ' എന്ന ക്ലബ് രൂപീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം. ഈ കരോൾ സംഘത്തിൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരുമുണ്ടെന്നത് ഇതിന്റെ പ്രത്യേകതയാണ്.
ജാതിമതഭേദമന്യേ നഗരവാസികൾ ഡഗ്ലസിനെയും സംഘത്തെയും വരവേൽക്കുന്നു.
വീടിന് പുറത്ത് പാട്ടുപാടി പോകുന്നതിന് പകരം, വീടിനുള്ളിൽ കയറി എല്ലാവരെയും നേരിൽ കണ്ടാണ് ഇവരുടെ അവതരണം.
കഴിഞ്ഞ ദിവസം പ്രശസ്ത നടൻ മധുവിന്റെ വസതിയിലുൾപ്പെടെ ഈ സംഘം സന്ദർശനം നടത്തി.
അമേരിക്കൻ മേക്കോവർ, ബമ്പർ ഭാഗ്യം
തുടക്കകാലത്ത് വെറും മുഖംമൂടി ഉപയോഗിച്ചിരുന്ന ഡഗ്ലസ് ഇപ്പോൾ അമേരിക്കയിൽ നിന്നും ബന്ധുക്കൾ എത്തിച്ചുനൽകുന്ന പ്രത്യേക മേക്കോവർ കിറ്റുകളാണ് ഉപയോഗിക്കുന്നത്.
33 വർഷം മുമ്പ് സർക്കാർ ആദ്യമായി ക്രിസ്മസ് ബമ്പർ ലോട്ടറി അവതരിപ്പിച്ചപ്പോൾ, അതിന്റെ പരസ്യചിത്രത്തിൽ പാപ്പയായി അഭിനയിച്ചതും ഡഗ്ലസായിരുന്നു. ഓണക്കാലത്ത് മഹാബലിയായും ഇദ്ദേഹം വേഷമിടാറുണ്ട്.
കുടുംബവും ലക്ഷ്യവും
തിരുവനന്തപുരം ഞാണ്ടൂർകോണം ഹിൽവ്യൂ ഗാർഡൻസിലാണ് താമസം. ഭാര്യ മോനിഷ സർവോദയ സ്കൂൾ അധ്യാപികയാണ്. മക്കളായ ഡിയോണും ഡോയലും അച്ഛന്റെ കരോൾ യാത്രകളിൽ കൂടെയുണ്ടാകാറുണ്ട്. മകൻ ഡോയൽ മികച്ചൊരു കീബോർഡ് പ്ലെയർ കൂടിയാണ്.
ജീവകാരുണ്യമാണ് ലക്ഷ്യം: കരോൾ സംഘത്തിന് ലഭിക്കുന്ന സംഭാവനകൾ പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഡോ. ഡഗ്ലസും സംഘവും മാറ്റിവെക്കുന്നത്. പാവപ്പെട്ടവർക്ക് സാന്ത്വനമേകുക എന്നതാണ് തന്റെ ഈ നാൽപ്പത് വർഷത്തെ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.








