07:42am 05 September 2026
NEWS
ഫാഷൻ ലോകത്തെ ചിത്രശലഭം
15/01/2025  08:10 AM IST
മൈക്കിൾവർഗ്ഗീസ് ചെങ്ങാടക്കരി
ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്ത്രശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

വസ്ത്രധാരണത്തിന് നേരേയുള്ള കണ്ണാടിയാണ് ഫാഷൻ ഡിസൈനർ. അനുഗൃഹീതയായ ഒരു ഫാഷൻ ഡിസൈനർക്ക് മാറിമറിയുന്ന ട്രെൻഡുകളും ഇഷ്ടാനിഷ്ടങ്ങളും നിമിഷാർദ്ധം കൊണ്ട് തിരിച്ചറിയാനാകും. ഫാഷൻ ഡിസൈൻ മേഖലയിൽ ഇന്ത്യയിലും വിദേശത്തുമായി കാൽനൂറ്റാണ്ടു കാലത്തെ അനുഭവസമ്പത്തിന് ഉടമയായ കൊച്ചിയിലെ നിത എബ്രഹാം അങ്ങനെയുള്ള ഫാഷൻ ഡിസൈനറാണ്. കൊച്ചിയുടെ ഐടി മേഖലയായ കാക്കനാട് കേന്ദ്രീകരിച്ച് നിത തുടക്കമിട്ട ബൊട്ടീക്കാണ് 'യാര ബൈ നിത'.

 നിലമ്പൂർ സ്വദേശിയായ നിത എബ്രഹാം വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ച വ്യക്തിയാണ്. ജന്മസിദ്ധമായ കഴിവുകൾ അവരെ ഫാഷന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കാക്കനാട്ടെ സ്വന്തം സ്ഥാപനത്തിൽ തിരക്കുകൾക്കിടയിൽ 'മഹിളാരത്‌നം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി നിത സംസാരിച്ചു.

വഴികാട്ടികളായി സഹോദരങ്ങൾ....

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ദൈവഹിതം പോലെ ഓരോ വഴികാട്ടികളുണ്ടായിരുന്നു. അമ്മയും മുത്തശ്ശിയും നല്ല തുന്നൽക്കാരായിരുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിൽ വളർന്നതിനാൽ കുട്ടിക്കാലത്തേ തയ്യലിനോട് അഭിനിവേശമായിരുന്നു. എറണാകുളം സെന്റ്  തെരേസാസിൽ ബിരുദ പഠനം പൂർത്തിയാക്കിയപ്പോൾ സഹോദരി നിഷയാണ് നിതയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയതും ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ ഒരുവർഷ ഡിപ്‌ളോമ കോഴ്‌സിന് ചേർക്കുന്നതും.

'ഫാഷൻ ഡിസൈനറാകാൻ അനുഭവസമ്പത്തിനൊപ്പം പഠനവും ആവശ്യമാണ്. വെറുതെ ഒരു ബോട്ടിക്ക് ആർക്കും തുടങ്ങാം. എന്നാൽ തുണികളെപ്പറ്റി അറിവുണ്ടാകാൻ ഫാഷൻ കോഴ്‌സ് ആവശ്യമാണ്. ഒരു തുണി കണ്ടാൽ അത് സിന്തെറ്റിക്കാണോ, കോട്ടൺ ആണോ എന്നറിയാൻ ബേണിംഗ് ടെസ്റ്റ് ഉണ്ട്. ഇതൊക്കെ മനസ്സിലാക്കാൻ നല്ലൊരു ഫാഷൻ ഡിസൈനർ കോഴ്‌സ് ആവശ്യമാണ്....' നിത പറഞ്ഞു.

ജെ.ഡി. ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞയുടൻ ദൈവത്തിന്റെ അടുത്ത കരസ്പർശം സഹോദരൻ നിജു എബ്രഹാമിലൂടെയായിരുന്നു. റെഡിമെയ്ഡ് വസ്ത്രനിർമ്മാണ മേഖലയിലെ പ്രമുഖരായ പ്രോലൈൻ കമ്പനിയിൽ ജോലി തരപ്പെടുത്തി നൽകിയത് സഹോദരനാണ്. ഫാഷൻ ഡിസൈനറുടെ റോളാണ് നിത ആഗ്രഹിച്ചതെങ്കിലും കസ്റ്റമർക്കും ഫാഷൻ ഡിസൈനർക്കുമിടയിലെ കണ്ണിയായ മെർച്ചൻഡൈസറുടെ ചുമതലയാണ് കിട്ടിയത്. വസ്ത്രത്തെപ്പറ്റിയുള്ള കസ്റ്റമറുടെ ഫീഡ്ബാക്ക് താഴെത്തട്ടിൽ നിന്ന് കിട്ടുന്ന മുറയ്ക്ക് സാംപ്‌ളിംഗ് നടത്തി പ്രൊഡക്ഷൻ വിഭാഗത്തിലേക്ക് കൈമാറുന്നതാണ് മെർച്ചൻഡൈസറുടെ റോൾ. ടീ ഷർട്ടുകളുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 500 തൊഴിലാളികൾ ജോലിയെടുക്കുന്ന കമ്പനിയുടെ  മാനേജിംഗ് ഡയറക്റ്റർ സിഖുകാരനായ ഹരീഷ് മോഹ്നാനി ആയിരുന്നു. അദ്ദേഹത്തിന് കീഴിലുള്ള രണ്ട് വർഷത്തെ ജോലി വലിയ അനുഭവ സമ്പത്താണ് നിതയ്ക്ക് നൽകിയത്.

കുവൈറ്റിലെ ഫാഷൻ ലോകത്ത്....

വിവാഹം കഴിഞ്ഞതോടെ ഫാഷൻ ജീവിതത്തിൽ ചെറിയൊരു ഇടവേളയുണ്ടായെങ്കിലും അധികകാലം നീണ്ടില്ല. മിലറ്ററി കോൺട്രാക്ടറായ ഭർത്താവ് സജു ജോസഫിനൊപ്പം 2000-ൽ കുവൈറ്റിലേക്ക്. അവിടെ ഫാഷന്റെ മറ്റൊരു ലോകം നിതുവിനെ കാത്തിരിക്കുകയായിരുന്നു. ഈജിപ്ത്യൻ വംശജയായ മാഡം സുഹേർ കുവൈറ്റിലെ സാൽമിയ നഗരത്തിൽ നടത്തുന്ന സാലിമോഡ ബോട്ടിക്കിൽ ഫാഷൻ ഡിസൈനറായി ചേർന്നത് വഴിത്തിരിവായി.

'സ്ത്രീകൾക്കുള്ള പാർട്ടി വെയറുകൾക്കും  ഗൗണുകൾക്കുമായിരുന്നു ആവശ്യക്കാർ ഏറെയും.' നിത കുവൈറ്റ് കാലം ഓർമ്മിച്ചെടുത്തു. 30 തയ്യൽക്കാരാണ് ബോട്ടിക്കിലുണ്ടായിരുന്നത്. കസ്റ്റമറുടെ താൽപ്പര്യ പ്രകാരം ഇന്ത്യൻ, അറബിക് ഡിസൈനുകൾ  മിക്‌സ്‌ചെയ്തുള്ള ഡിസൈൻ തയ്യാറാക്കി നൽകിയത് അറബി സ്ത്രീകൾക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഫാബ്രിക്ക് പെയിന്റിംഗും ചെയ്യുമായിരുന്നു.'

2009 ൽ കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതുവരെ അവിടെയായിരുന്നു ജോലി.

ഐടി മേഖലയിൽ ബോട്ടിക്ക്....

ഉറ്റ സ്‌നേഹിതയായ അഞ്ജു സോണിയുമായി ചേർന്ന് 14 വർഷം മുമ്പ് കാക്കനാട്ട് നിതു തുടങ്ങിയ ബോട്ടിക് കൊച്ചിയുടെ ഐടി മേഖലയ്ക്ക് സമീപത്തെ ആദ്യത്തേതായിരുന്നു. അന്ന് എറണാകുളം നഗരത്തിൽ മാത്രമാണ് വിരലിൽ എണ്ണാവുന്ന ബോട്ടിക്കുകൾ പ്രവർത്തിച്ചിരുന്നത്. നാലുവർഷം നല്ലരീതിയിൽ പ്രവർത്തിച്ചെങ്കിലും 2014-ൽ നിതുവും കുടുംബവും ഖത്തറിലേക്ക് പോയതോടെ പൂട്ടേണ്ടി വന്നു.

ചിത്രശലഭം പോലെ മനോഹരം....

2017-ൽ കൊച്ചിയിൽ തിരിച്ചെത്തിയത്  സ്വന്തമായി ബോട്ടിക്ക് തുടങ്ങണമെന്ന ഉറച്ച തീരുമാനത്തോടെയാണ്. അങ്ങനെ മൂന്ന് തയ്യൽക്കാരുമായി കാക്കനാട്ട് തുടങ്ങിയ ബോട്ടിക് ഏഴു കൊല്ലം പിന്നിടുമ്പോൾ 25 തയ്യൽക്കാരുമായി ചിറക് വിരിച്ച് വിഹായസ്സിലേക്ക് പറക്കുകയാണ്. അറബിക് ഭാഷയിൽ യാര എന്നാൽ ചെറിയ ചിത്രശലഭം എന്നാണ് അർത്ഥം. സാരി, ബ്ലൗസ്, സൽവാർ, ചുരിദാർ, പാർട്ടി വെയർ, വെസ്റ്റേൺ വെയർ, ഗാഗ്ര, വിവാഹപ്പാർട്ടികൾക്കുള്ള ഫുൾ ഫാമിലി ക്ലോത്തിംഗ് തുടങ്ങി വിപുലമായ വസ്ത്രങ്ങളാണ് ബോട്ടിക്കിൽ ലഭ്യമാകുന്നത്.

'കസ്റ്റമൈസ് സ്റ്റിച്ചിംഗിലാണ് ബോട്ടിക്കിന്റെ വിജയം. കസ്റ്റമറുടെ ആഗ്രഹപ്രകാരം ഡിസൈൻ പറഞ്ഞു കൊടുത്താണ് തുന്നുന്നത്.' നിത പറഞ്ഞു.

ഡ്രസ്സാണ് താരം... മാറുന്ന അഭിരുചികൾ

വസ്ത്രധാരണം സംബന്ധിച്ച സങ്കൽപ്പങ്ങൾ മാറിമറിയുകയാണെന്ന് ഫാഷൻ സ്പന്ദനങ്ങൾ തൊട്ടറിയുന്ന നിത സാക്ഷ്യപ്പെടുത്തുന്നു.

'ആർക്കും ബോട്ടം വേണ്ട. കോളേജ് വിദ്യാർത്ഥിനികൾ ഷോർട്ട് ടോപ്പാണ് ഇഷ്ടപ്പെടുന്നത്. എല്ലാവർക്കും ഇടാൻ പറ്റുന്ന ഷോർട്ട് ഡ്രെസ് ഇനത്തിൽപ്പെട്ട വസ്ത്രത്തിനാണ് ഇപ്പോൾ പ്രചാരം. സൽവാറും കൂർത്തയും ദുപ്പട്ടയുമൊക്കെ ഡ്രസ്സിന് വഴിമാറുകയാണ്. സ്ലീവ്‌ലെസ് ഇടാൻ ആർക്കും മടിയില്ല. സ്ത്രീകളുടെ ഈ മാറ്റത്തോട് പുരുഷൻമാരും പൊരുത്തപ്പെട്ടിരിക്കുന്നു.'

വിവാഹവസ്ത്രത്തിന്റെ കാര്യത്തിൽ ഇപ്പോഴും സാരിയോടു തന്നെയാണ് ആൾക്കാർക്ക് താൽപ്പര്യം. അതേപോലെ, എല്ലാവരും കോട്ടൺ വസ്ത്രങ്ങളോട് കൂടുതൽ പ്രതിപത്തി കാട്ടുന്നു.

മൾട്ടി ബ്രാൻഡ് ഷോപ്പുകൾ... മാറുന്ന വിപണന തന്ത്രം

ബ്രാൻഡഡ് തുണിത്തരങ്ങളും ഹോം മെയ്ഡ് തുണിത്തരങ്ങളും വിപണനം ചെയ്യാൻ ഒട്ടേറെ പുതിയ സാധ്യതകളുണ്ടെന്ന് നിത പറയുന്നു. അതിൽ ഏറ്റവും പുതിയ ട്രെന്റാണ് ചെറുതും വലുതുമായ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൾട്ടി ബ്രാൻഡ് ഷോപ്പുകൾ. ഇത്തരം ഷോപ്പുകളിൽ ഓരോ ബ്രാൻഡിനും അവരുടെ തുണിത്തരങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും സ്ഥലം ലഭ്യമായിരിക്കും.

എക്‌സിബിഷനുകൾ വിപണി പിടിക്കാനുള്ള മറ്റൊരു മാർഗ്ഗമാണ്. തിരുവനന്തപുരം മുതൽ കാസർകോഡുവരെ മാസത്തിൽ  നാലു എക്‌സിബിഷനിൽവരെ നിത പങ്കെടുത്തിട്ടുണ്ട്. ബ്രാൻഡ് വളരാൻ ഇത് സഹായകമായി. ഓൺലൈൻ കസ്റ്റമേഴ്‌സ് മറ്റൊരു അവസരമാണ്.

ബെംഗളൂരുവല്ല, നമ്പർ വൺ ഫാഷൻ സിറ്റി എറണാകുളം

ഫാഷൻ സിറ്റിയെന്ന നിലയിൽ എറണാകുളം  ബെംഗ്‌ളൂരുവിനേക്കാൾ വളർന്നതായി നിത പറയുന്നു. ഫാഷന്റെ കാര്യത്തിൽ കുറേക്കൂടി മോഡേണും വൈവിധ്യം നിറഞ്ഞതുമാണ് എറണാകുളം. ഗുണനിലവാരത്തിന്റെ കാര്യത്തിലും കൊച്ചിയിലെ ഫാഷൻ ഉൽപ്പന്നങ്ങൾ മുന്നിലാണ്. 

കുടുംബത്തിന്റെ പിന്തുണ ഒരു സംരംഭകയ്ക്ക് ഒഴിച്ചുകൂടാത്തതാണ്. ഭർത്താവ് സജു എബ്രഹാം ജോസഫും മക്കൾ ലക്‌നൗ ഐ ഐ എം വിദ്യാർത്ഥിനി മിന്ന എബ്രഹാമും ജോസഫ് എബ്രഹാമും നിതുവിന് പിന്തുണയുമായി ഒപ്പമുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.