02:08am 06 November 2026
NEWS
ബജറ്റ് ഊന്നുന്നത് ഉപഭോഗം വര്‍ധിപ്പിക്കുന്നതിലും
സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിലും

01/02/2025  07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബജറ്റ് ഊന്നുന്നത് ഉപഭോഗം വര്‍ധിപ്പിക്കുന്നതിലും സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിലും

2025-26 വര്‍ഷത്തെ കേന്ദ്ര ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോഗം വര്‍ധിപ്പിക്കുന്നതിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിലുമാണെന്ന് ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ അഭിപ്രായപ്പെട്ടു.  കാര്‍ഷിക മേഖല, മത്സ്യബന്ധനം, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍, കുറഞ്ഞ ചിലവിലുള്ള വീടുകള്‍, തുണിത്തരങ്ങള്‍, തുകലും അനുബന്ധ വ്യവസായങ്ങളും  എന്നിവ അടങ്ങിയ അടിസ്ഥാന മേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാ ഗാരണ്ടി വര്‍ധിപ്പിക്കുകയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്പാ പരിധി കൂട്ടുകയും ചെയ്തത് സുപ്രധാന ചുവടു വെയ്പാണ്. ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുകയും വ്യക്തിഗത ആദായ നികുതിയില്‍ ഇളവനുവദിക്കുകയും ചെയ്ത നടപടി  സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും വായ്പാ ഡിമാന്റ്  വര്‍ധിപ്പിക്കുകയും ചെയ്യും. ഗ്രാമീണ സമ്പദ് വ്യവസ്ഥ സജീവമാകുന്നതോടെ വായ്പയും  അതിന്റെ വിതരണവും വര്‍ധിയ്ക്കും. ഈ നയ വ്യതിയാനം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഒരു പോലെ ഗുണകരമാണ്. അദ്ദേഹം വിലയിരുത്തി.

സ്ത്രീകള്‍, പട്ടിക ജാതി ,പട്ടിക വര്‍ഗം, കൈവണ്ടിത്തൊഴിലാളികള്‍, തെരുവു കച്ചവടക്കാര്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളിലേക്കുള്ള വായ്പയുടെ ഒഴുക്കു  വര്‍ധിപ്പിയ്ക്കാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നുണ്ട്. വീട്ടുചിലവുകള്‍ സംബന്ധിച്ച് ഈയിടെ പുറത്തു വന്ന സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നതു പോലെ  ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അങ്ങേയറ്റം ആവശ്യമായ അടിസ്ഥാന വര്‍ഗത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പ് മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായകമായിത്തീരും. പൊതുവേ പറഞ്ഞാല്‍, നിര്‍മ്മാണ മേഖലയ്ക്കും തുല്യ പ്രാധാന്യം നല്‍കി ,പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്ന ബജറ്റാണിത്. ' നാഷണല്‍ മാനുഫാക്ചറിംഗ് മിഷ' ന് രൂപം നല്‍കുകയും വ്യാപാര, ധനകാര്യ , എംഎസ്എംഇ മന്ത്രാലയങ്ങളെ  ഏകോപിപ്പിച്ച് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ സെല്ലുകളുടേയും വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ബാറ്ററികളുടേയും നിര്‍മ്മാണം വര്‍ധിപ്പിക്കാനുള്ള ശ്രമം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അദ്ദേഹം പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img