09:48am 12 November 2026
NEWS
​'ഈസക്ക എന്ന വിസ്മയം' പുസ്തകത്തിന് ദോഹ പുസ്തകമേളയിൽ വൻ സ്വീകാര്യത
24/05/2026  11:37 AM IST
nila
​ഈസക്ക എന്ന വിസ്മയം പുസ്തകത്തിന് ദോഹ പുസ്തകമേളയിൽ വൻ സ്വീകാര്യത

ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഹൃദയങ്ങളിൽ ജീവകാരുണ്യത്തിന്റെ സമാനതകളില്ലാത്ത അടയാളപ്പെടുത്തലുകൾ നടത്തി വിടപറഞ്ഞ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ സ്മരണകൾ അയവിറക്കുന്ന അമാനുള്ള വടക്കാങ്ങര എഡിറ്റ് ചെയ്ത 'ഈസക്ക എന്ന വിസ്മയം'  പുസ്തകം ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ വായനക്കാരുടെ ശ്രദ്ധ കവരുകയാണ്. മേളയിലെ ഐ.പി.എച്ച് (IPH) പവലിയനിലൂടെ ഇതിനകം തന്നെ പുസ്തകത്തിന്റെ നിരവധി കോപ്പികളാണ് വിറ്റഴിഞ്ഞത്.ഖത്തറിലെ കലാ, കായിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ പകരം വെക്കാനില്ലാത്തവിധം നിസ്വാർത്ഥ സേവനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു ഈസക്ക. പ്രവാസലോകത്ത് പ്രയാസമനുഭവിച്ച ആയിരങ്ങൾക്ക് തണലായ അദ്ദേഹത്തിന്റെ ജീവിതവും ഓർമ്മകളും പുതുതലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്. മൺമറഞ്ഞുപോയെങ്കിലും പ്രവാസി സമൂഹത്തിന്റെ മനസ്സിൽ ഇന്നും ജീവിക്കുന്ന ഈസക്കയോടുള്ള ആദരവ് കൂടിയാണ് ഈ പുസ്തകത്തിന് ലഭിക്കുന്ന വൻ സ്വീകാര്യത.മേളയിലെ ഇന്ത്യൻ ബുക്ക് സ്റ്റാൾ സെക്ഷനിൽ മലയാള സാഹിത്യത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്തിക്കൊണ്ട്  'യുവത ബുക്സ്', 'ഐ.പി.എച്ച്' (IPH) എന്നീ പവലിയനുകളാണ് ഇത്തവണ സജീവ സാന്നിധ്യമായത്. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മപ്പുസ്തകങ്ങളും ഇസ്ലാമികചരിത്ര പഠനങ്ങളും തേടി നിരവധി വായനക്കാരാണ് ഈ പവലിയനുകളിലേക്ക് ഒഴുകിയെത്തിയത്.
​യുവതയുടെ പവലിയനിൽ മാപ്പിളപ്പാട്ട് സാഹിത്യത്തെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ബാലകൃഷ്ണൻ വള്ളിക്കുന്നിന്റെ 'മോയീൻകുട്ടി വൈദ്യർ: പ്രതിഭയും ജീവിതവും', മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ മാളുവിന്റെ ജീവിതകഥ പറയുന്ന 'മാളു: മലബാർ സമരത്തിന്റെ പെൺകരുത്ത്' എന്നീ പുസ്തകങ്ങൾ വായനക്കാർ വൻതോതിൽ സ്വന്തമാക്കി. ഇവയ്ക്കൊപ്പം വൈവിധ്യമാർന്ന ഇസ്ലാമിക ഗ്രന്ഥങ്ങൾക്കും യുവതയുടെ സ്റ്റാളിൽ ആവശ്യക്കാരേറെയായിരുന്നു.​ഐ.പി.എച്ച് പവലിയനിലും വായനക്കാരുടെ വലിയൊരു നിര തന്നെയാണ് ദൃശ്യമായത്. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ സഹോദരി ലോറൻ ബൂത്ത് എഴുതിയ 'ഇൻ സെർച്ച് ഓഫ് ഹോളി ലാൻഡ്', അഖിൽ പി. ധർമ്മജന്റെ ജനപ്രിയ നോവൽ 'രാത്രി പന്ത്രണ്ടുമണിക്ക് ശേഷം', ഖത്തർ പ്രവാസ ലോകത്തിന് ഒരുകാലത്തും മറക്കാനാകാത്ത ജീവകാരുണ്യ പ്രവർത്തകൻ ഈസക്കയുടെ ഓർമ്മകൾ പങ്കുവെക്കുന്ന 'ഈസക്ക എന്ന വിസ്മയം' എന്നീ പുസ്തകങ്ങളാണ് ഇവിടെ കൂടുതൽ വിറ്റഴിഞ്ഞത്.
​പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ 150 പതിപ്പുകൾ പിന്നിട്ട 'ആടുജീവിതം' തേടിയും നിരവധി പുസ്തകപ്രേമികൾ എത്തി. കൂടാതെ പ്രമുഖ ഉറുദു പത്രപ്രവർത്തകനായിരുന്ന മുഹമ്മദ് മുസ്ലിമിനെ കുറിച്ച് വി.എ കബീർ രചിച്ച  'ഒരു പത്രാധിപരുടെ അസാധാരണജീവിത കഥ '
പുസ്തകത്തിനും മറ്റു ഇസ്ലാമിക വിജ്ഞാനഗ്രന്ഥങ്ങൾക്കും മേളയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. അറബ് മണ്ണിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ലഭിക്കുന്ന വലിയ ആദരവിന് അടിവരയിടുന്നതായിരുന്നു ഇത്തവണത്തെ പുസ്തകമേള.അക്ഷരങ്ങളെയും വായനയെയും നെഞ്ചിലേറ്റുന്ന  ജനതയ്ക്ക് പുത്തൻ ചിന്തകളും പ്രവാസഭൂമിയിൽ മലയാളത്തിന്റെ സാംസ്കാരിക തനിമയും സമ്മാനിച്ചാണ് മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരശ്ശീല വീണത്. വരുംവർഷങ്ങളിൽ കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ, പുസ്തകപ്രേമികൾക്ക് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചാണ് അക്ഷരമുറ്റത്തുനിന്നും പ്രസാധകരും വായനക്കാരും മടങ്ങിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img