
ബംഗളുരു : വ്യത്യസ്തവും ശ്രദ്ധേയവുമായ സാഹിത്യ മഹോത്സവമാണ് ആഗസ്റ്റ് 8,9,10 തിയ്യതികളിൽ ബുക്ക് ബ്രഹ്മയുടെ ആഭിമുഖ്യത്തിൽ ബംഗളുരുവിൽ നടക്കുന്നത്.കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയമാണ് വേദി. തെന്നിന്ത്യൻ ഭാഷകളിലെ എഴുത്തുകാരുടെ സർഗ്ഗാത്മകമായ കൂടിച്ചേരലും അർത്ഥപൂർണമായ ആശയ വിനിമയവുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. തെന്നിന്ത്യൻ ഭാഷാസാഹിത്യത്തിലെ പുതുചലനങ്ങൾ സമന്വയിപ്പിക്കാൻ ഇംഗ്ലീഷ് സെഷനുകളുമുണ്ട്. കന്നഡ, മലയാളം, തമിഴ്, തെലുഗു ഭാഷകളിൽ നിന്നുള്ള ഇരുന്നൂറ്റിയമ്പതോളം പ്രമുഖ എഴുത്തുകാരും സാഹിത്യചിന്തകരും വിവിധ സെഷനുകളിൽ ഒത്തുചേരുന്ന സവിശേഷ പരിപാടിയാണിത്. മികവുറ്റ കലാപരിപാടികളും സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. അടൂർ, സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, ആലങ്കോട്, യു കെ കുമാരൻ, കെ രേഖ, സോമൻ കടലൂർ തുടങ്ങി മലയാളത്തിലെ ഇരുപത്തഞ്ചോളാം പ്രധാനപ്പെട്ട എഴുത്തുകാർ ഫെസ്റ്റിവലിൽ പങ്കുകൊള്ളുന്നുണ്ട്. ബംഗളുരുവിലെ ശ്രദ്ധേയരായ എഴുത്തുകാരും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.
കന്നഡ എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ സതീഷ് ചപ്പരിക്കെയാണ് ബുക്ക് ബ്രഹ്മ ഫെസ്റ്റിന്റെ പ്രധാന ചാലകശക്തി. വൻകിട വിദ്യാഭ്യാസ- വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ രണ്ടാമത്തെ എഡിഷനാണ് ഈ വർഷം നടക്കുന്നത്. ഇത്തവണ മലയാളത്തിനാണ് ബുക്ക് ബ്രഹ്മ പുരസ്‌കാരം. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഫെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ജേതാവിനെ പ്രഖ്യാപിക്കും. കന്നഡസാഹിത്യവുമായി അടുത്ത ബന്ധമുള്ള എഴുത്തുകാരനും വിവർത്തകനും സാമൂഹ്യ- വിദ്യാഭ്യാസ പ്രവർത്തകനുമായ സുധാകരൻ രാമന്തളിയാണ് ഫെസ്റ്റിൽ മലയാളം വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത്. ഭാഷാ സൗഹൃദത്തിന്റെയും സാഹിത്യ സമന്വയത്തിന്റെയും അഭിമാന വേദിയായി മാറുന്ന ബുക്ക് ബ്രഹ്മ ഫെസ്റ്റിൽ മലയാളത്തിന്റെ സജീവവും സർഗ്ഗാത്മകവുമായ പങ്കാളിത്തമാണ് അദ്ദേഹം ഉറപ്പുവരുത്തുന്നത്.
Photo Courtesy - Google











