കൊച്ചി: ജർമ്മനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.
എറണാകുളം ജില്ലയിലെ കാലടി മാണിക്കമംഗലം സ്വദേശി സിവിൻ ജോണി (27), ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബു (28), കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലി എസ്. ജോയ് (27) എന്നിവരാണ് ജർമ്മനിയിലെ അപ്പാർട്ട്മെൻറിൽ ഉണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികൾ. പുതിയ വിവരം അനുസരിച്ച് സിവിൻ ജോണിയുടേയും, അഞ്ജലി എസ്. ജോയിയുടേയുംമൃതദേഹങ്ങൾ ജർമ്മനിയിൽ നിന്നും ഡൽഹി വഴി വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയും നോവ സാബുവിൻ്റേത് രാത്രി 8 നും നെടുമ്പാശ്ശേരിയിൽ എത്തുമെന്ന് ഇന്നലെ എംബസിയിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ച രണ്ട രണ്ടാമത്തെ മെയിലിൽ പറയുന്നു. ഇന്നലെ രാവിലെ കിട്ടിയ മെയിൽ സന്ദേശത്തിൽ 23 ന് രാത്രി 10 നും 11-നുമിടയിൽ 3 പേരുടേയും മൃതദേഹങ്ങൾ കൊച്ചി എയർപോർട്ടിൽ വരുമെന്നാണ് പറഞ്ഞിരുന്നത്.
കഴിഞ്ഞ 14ന് വെളുപ്പിന് തീ പടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച മൂന്നുപേരുടെയും പോസ്റ്റുമാറ്റം നടപടികൾ കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായിരുന്നു. എയർ കാർഗോയുടെ ലഭ്യത കുറവാണ് മൃതദേഹങ്ങൾ നാട്ടിലെത്താൻ വൈകിയതിന് കാരണമായതെന്ന് വീട്ടുകാർ പറഞ്ഞു.എംപിമാരായ ബെന്നി ബഹന്നാൻ, ഡീൻ കുര്യാക്കോസ്, പ്രേമചന്ദ്രൻ, സംസ്ഥാന മന്ത്രി റോജി എം. ജോൺ എന്നിവരും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇതര ഡിപ്പാർട്ട്മെൻറ് കളും സംഭവം അറിഞ്ഞത് മുതൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നിരന്തര ശ്രമത്തിലായിരുന്നു.
ജർമ്മനിയിൽ തന്നെ നേഴ്സിങ് വിദ്യാർഥിയായ സിവിൻ ജോണിയുടെ അനുജൻ സാൽവിൻ ജോണിയും അയർലൻഡിൽ നേഴ്സായ സഹോദരി സിമിയും ശനിയാഴ്ച വീട്ടിലെത്തി. സെപ്റ്റംബർ 14ന് പഠനത്തിനായി ജർമനിലെത്തി കൃത്യം ഒരു മാസം തികയുന്ന ദിവസമായിരുന്നു സിവിന് അപകടം സംഭവിച്ചത്. സഹോദരനൊപ്പം താമസിച്ചിരുന്ന സിവിൻ പതിനൊന്നാം തീയതിയാണ് അപകടം നടന്ന അപ്പാർട്ട്മെന്റിൽ താമസം ആരംഭിച്ചത്.പുതിയ സമയക്രമം അനുസരിച്ച് സിവിൻ്റെ സംസ്ക്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇടവക ദേവാലയമായ മാണിക്കാമംഗലം സെൻറ് റോക്കീസ് പള്ളിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. നോവയുടേയും അഞ്ജലിയുടേയും സംസ്കാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം തീരുമാനിക്കുമെന്നാണ് അറിയുന്നത്.









