01:27am 23 October 2026
NEWS
ജർമനിയില്‍ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ പുലര്‍ച്ചെ (ഒക്ടോബർ 23ന്) കൊച്ചിയിലെത്തിക്കും
22/10/2026  06:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജർമനിയില്‍ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ പുലര്‍ച്ചെ (ഒക്ടോബർ 23ന്) കൊച്ചിയിലെത്തിക്കും

ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാര്‍പ്പിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഒക്ടോബർ 23ന് കൊച്ചിയിലെത്തും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ്‌ (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26) എന്നിവരുടെ മൃതദേഹങ്ങള്‍ ഒക്ടോബർ 21 ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കും അവിടെനിന്ന് ഒക്ടോബർ 22ന് രാത്രി പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒക്ടോബർ 23ന് പുലർച്ചെ കൊച്ചിയിലുമെത്തിക്കും. ഇടുക്കി ഇരട്ടയാര്‍ സ്വദേശി  നോവ സാബുവിന്റെ (25) മൃതദേഹം ഒക്ടോബർ 22ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടും. ഡൽഹിയിൽനിന്ന് ഒക്ടോബർ 23ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ അന്നുതന്നെ കൊച്ചിയിലെത്തിക്കും. മൂന്ന് മൃതദേഹങ്ങളും ഒരേ ദിവസമാണ് കൊച്ചിയിലെത്തുന്നതെങ്കിലും രണ്ട് വ്യത്യസ്ത വിമാനങ്ങളിലായിരിക്കും എത്തിക്കുക. തുടര്‍ന്ന് നോര്‍ക്ക റൂട്ടസ് ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. ദുരന്തവാര്‍ത്ത അറിഞ്ഞതുമുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) ബെർലിനിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് ജനറല്‍ ഓഫീസ്, ജര്‍മ്മനിയിലുളള മലയാളി സംഘടാനാ പ്രതിനിധികള്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു ഏകോപനം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോര്‍ക്ക വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img