08:52am 25 October 2026
NEWS
വയാ​ഗ്ര കൊണ്ടുള്ള ​ഗുണങ്ങൾ നിങ്ങൾ കരുതുന്നതിനും അപ്പുറമാണ്
12/07/2025  09:17 PM IST
nila
വയാ​ഗ്ര കൊണ്ടുള്ള ​ഗുണങ്ങൾ നിങ്ങൾ കരുതുന്നതിനും അപ്പുറമാണ്

വയാ​ഗ്രയെ കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. ലൈംഗിക ഉദ്ധാരണശേഷിക്കുറവ്‌ പോലുള്ള പ്രശ്നങ്ങൾക്കാണ് വയാ​ഗ്ര വ്യാപകമായി ഉപയോ​ഗിക്കുന്നത്. പേര് കേൾക്കുമ്പോൾ എന്തോ ആയുർവേദത്തിലെ പച്ചമരുന്നാണ് എന്ന് തോന്നുമല്ലേ? എന്നാൽ, സം​ഗതി അങ്ങനെയല്ല. സിൽഡെനാഫിൽ സിട്രേറ്റ് എന്ന മരുന്നിൻ്റെ ബ്രാൻഡ് നെയിമാണ് വയാ​ഗ്ര. കാലങ്ങളായി പുരുഷന്മാരുടെ ലൈം​ഗികോന്ദാരണത്തിനായാണ് ഉപയോ​ഗിച്ചിരുന്നത് എങ്കിലും വയാ​ഗ്രക്ക് മറ്റു ചില ​ഗുണങ്ങൾ കൂടിയുണ്ടെന്നാണ് ഇപ്പോൾ ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 

പീക്കിങ്‌ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പ്രായമായവർക്ക് ഇത് വലിയ സഹായമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ലൈം​ഗികതയുടെ കാര്യത്തിലല്ല കേട്ടോ. മറിച്ച് പ്രായമായവരുടെ എല്ലുകളെ കരുത്തുറ്റതാക്കാൻ വയാ​ഗ്രക്ക് സാധിക്കുമെന്നാണ് കണ്ടെത്തൽ.  വയാഗ്രയിൽ അടങ്ങിയിരിക്കുന്ന സിൽഡെനാഫിൽ എന്ന ഘടകം മനുഷ്യരിലെ സ്റ്റെം കോശങ്ങളെ ഓസ്‌റ്റിയോബ്ലാസ്‌റ്റുകളായി പരിവർത്തനം ചെയ്യിക്കുമെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

പബ്‌മെഡ്‌ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദീകരണമുള്ളത്. പുതിയ എല്ലു കോശങ്ങൾ നിർമ്മിക്കുന്നതിൽ സഹായിക്കുന്നവയാണ്‌ ഓസ്‌റ്റിയോബ്ലാസ്‌റ്റുകൾ. പ്രായമാകുമ്പോൾ എല്ലുകൾക്ക്‌ ശോഷണം സംഭവിക്കുന്ന ഓസ്‌റ്റിയോപോറോസിസിന്റെ ചികിത്സയ്‌ക്കായി വയാഗ്രയെ മാറ്റിയെടുക്കാമെന്നാണ് ​ഗവേഷകർ പറയുന്നത്.  എല്ലുകളെ ദുർബലമാക്കുന്ന ഓസ്‌റ്റിയോപോറോസിസ്‌ വീഴ്‌ചകളിൽ അവ  ഒടിയാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സിൽഡെനാഫിൽ ഉപയോഗിച്ചുള്ള ചികിത്സ സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

ഇതു മാത്രമല്ല, ചൈനയിലെ വെസ്റ്റ് ലേക്ക് യൂണിവേഴ്സിറ്റി, ഷെൻജിയാങ് യൂണിവേഴ്സിറ്റി, പെക്കിങ് യൂണിയൻ മെഡിക്കൽ കോളജ്, ഷാങ്ഹായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി എന്നിവയിലെ ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ പഠനത്തിൽ കാൻസർ ചികിൽസയിലും വയാഗ്ര സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  ട്യൂമറുകളുടെ വളർച്ച തടയാനുള്ള ഘടകങ്ങൾ സിൽഡെനഫിലിൽ ഉണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. 

വയാ​ഗ്ര എങ്ങനെയാണ് കാൻസർ തടയുന്നത് എന്ന് ​ഗവേഷകർ വിശ​ദമായി തന്നെ പറയുന്നുണ്ട്. അതിനെ കുറിച്ചാണ് ഇനി പറയുന്നത്. സംഭവം ശുദ്ധസയൻസാണ് കേട്ടോ. മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയിലെ പ്രധാനഘടകമാണ് ഡെൻഡ്രിറ്റിക് കോശങ്ങൾ.  പ്രതിരോധസംവിധാനത്തിലെ ഇൻറലിജൻസ് ഏജൻറുമാർ എന്നറിയപ്പെടുന്ന ഡെൻഡ്രിറ്റിക് കോശങ്ങൾക്ക് കോശജാലങ്ങൾക്കിടയിലൂടെ അനായാസം സഞ്ചരിക്കാൻ കഴിയും. ഇവയുടെ ആകൃതിയിലേ പ്രത്യേകതയാണ് ഇതിന് സഹായിക്കുന്നത് എന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്.

ശരീരത്തിൽ എവിടെയെങ്കിലും വൈറസിൻറെയോ ബാക്ടീരിയയുടെയോ ട്യൂമറുകളിലെയോ ആൻറിജനുകൾ ഉണ്ടെങ്കിൽ അവ അതിവേഗം കണ്ടെത്താൻ ഈ കോശങ്ങൾക്ക് കഴിയും. ഇതോടെ പ്രതിരോധസംവിധാനത്തിന് പ്രതികരിക്കാനുള്ള സന്ദേശം നൽകുകയും ചെയ്യും.. ട്യൂമറുകൾ ഉൾപ്പെടെയുള്ളവയെ ആക്രമിക്കാൻ ടി സെല്ലുകൾ ആക്ടിവേറ്റ് ആകുന്നത് ഈ സന്ദേശങ്ങളെത്തുടർന്നാണ്. എന്നാൽ, ട്യൂമറുകൾ രൂപപ്പെടുമ്പോൾ ഡെൻഡ്രിറ്റിക് കോശങ്ങളുടെ എണ്ണം ഗണ്യമായി കുറയും. സിൽ‍ഡ‍െനഫിലിൻറെ ഉപയോഗം ഡെൻഡ്രിറ്റിക് സെല്ലുകളുടെ ശോഷണം തടയുമെന്നും പ്രതിരോധസംവിധാനത്തെ സഹായിക്കുമെന്നുമാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നത്‌ വഴി മറവിരോഗത്തിന്റെ സാധ്യതകളും വയാഗ്ര കുറയ്‌ക്കുമെന്നും ​ഗവേഷകർ പറയുന്നു. ചിലയിനം ഹൃദ്രോ​ഗങ്ങൾക്കും വയാ​ഗ്ര നല്ലൊരു ഔഷധമാണെന്നും പറയപ്പെടുന്നു. വയാ​ഗ്രയുടെ ​സാധ്യതകൾ കേവലം ലൈം​ഗികതയിൽ ഒതുക്കിനിർത്താനാകില്ല എന്ന സൂചനയാണ് ശാത്രലോകം നൽകുന്നത്,. എന്നാൽ, ഈ കാര്യങ്ങളിൽ കൂടുതൽ ​ഗവേഷണങ്ങൾ ആവശ്യമാണെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്. വയാഗ്ര ഉപയോഗിക്കുമ്പോൾ മറ്റ്‌ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏതായാലും, നാം ഇതുവരെ ലൈം​ഗികതയുമായി മാത്രം ബന്ധപ്പെടുത്തി പറഞ്ഞിരുന്ന വയാ​ഗ്ര മറ്റു പല മാരക രോ​ഗങ്ങൾക്കുമുള്ള പ്രതിവിധിയാണെന്ന സൂചനകളാണ് ​ഗവേഷകർ പങ്കുവെക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img