
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ഒരു വൻ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. മുന്നണി വിപുലീകരണം ലക്ഷ്യമിട്ടുള്ള യു.ഡി.എഫിന്റെ നീക്കങ്ങൾ ഫലം കാണുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും വാർത്തകൾ നിഷേധിക്കുന്നുണ്ടെങ്കിലും, പാർട്ടി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫുമായി കൈകോർക്കാനുള്ള ശക്തമായ രാഷ്ട്രീയ സാഹചര്യം ഒരുങ്ങുകയാണ്.
ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം;
ഇടതുപാളയത്തിൽ ഞെട്ടൽ
സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിൽ വിള്ളലുണ്ടാക്കി മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത് ഇടതുമുന്നണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. കൊട്ടാരക്കരയിൽ മൂന്നുതവണ എൽ.ഡി.എഫിനെ വിജയത്തിലേക്ക് നയിച്ച ഐഷാ പോറ്റിയുടെ മാറ്റം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായ കാറ്റടിക്കുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
സഭാനേതൃത്വവും നയതന്ത്ര നീക്കങ്ങളും
സീറോ മലബാർ സഭയുടെ സിനഡിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച അപ്രതീക്ഷിത പ്രവേശനം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. കേരള കോൺഗ്രസ് (എം) വിഭാഗത്തിന് മേൽ നിർണ്ണായക സ്വാധീനമുള്ള സഭയുടെ നിലപാട് ജോസ് കെ. മാണിക്ക് അവഗണിക്കാൻ കഴിയില്ല. ഇതിനുപുറമെ, എ.ഐ.സി.സി നേതൃത്വവും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ജോസ് കെ. മാണിയുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്.
ജോസഫ് ഗ്രൂപ്പിലെ അസ്വസ്ഥതകൾ
മാണി വിഭാഗം മടങ്ങിവരുന്നതിൽ പി.ജെ. ജോസഫ് വിഭാഗത്തിനും മാണി സി. കാപ്പനും താൽപ്പര്യമില്ലെങ്കിലും, അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിനായി ഇത്തരം എതിർപ്പുകൾ യു.ഡി.എഫ് നേതൃത്വം വകവെയ്ക്കാൻ സാധ്യതയില്ല.
യു.ഡി.എഫിന്റെ പ്രതീക്ഷ
മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും നിലവിൽ യു.ഡി.എഫിനുള്ള അംഗബലം പരിമിതമാണ്. മാണി വിഭാഗം കൂടെയുണ്ടെങ്കിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്നും ഒപ്പം ഭരണവിരുദ്ധ വികാരം കൂടി ചേരുമ്പോൾ വിജയം സുനിശ്ചിതമാണെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.











