06:58pm 06 November 2026
NEWS
കയ്യൂക്കിന്റെ സാക്ഷ്യപത്രം: ഇറാനിൽ അയത്തൊള്ളമാർ തകർന്നടിഞ്ഞു; കണക്കുനോക്കാൻ ജനാധിപത്യത്തിന് ശക്തിയുണ്ട്
29/03/2026  06:29 PM IST
കല്ലമ്പലം അൻസാരി
കയ്യൂക്കിന്റെ സാക്ഷ്യപത്രം: ഇറാനിൽ അയത്തൊള്ളമാർ തകർന്നടിഞ്ഞു; കണക്കുനോക്കാൻ ജനാധിപത്യത്തിന് ശക്തിയുണ്ട്

'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന നിലയിലേക്ക് ലോകക്രമം പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. അതിന് സമാനതകളില്ലാത്ത ഉദാഹരണമാണ് ഇറാനിൽ അമേരിക്കയും, ഇസ്രായേലും നടത്തിയ ആക്രമണം. ഒരു രാഷ്ട്രത്തിന്റെ ഭരണത്തലവനെ അദ്ദേഹത്തിന്റെ മാളികയിൽ ചെന്ന് മിസൈലുകൾ പായിച്ച് കൊന്നുതള്ളുക സൈനികമായ കയ്യൂക്കിന്റെ സാക്ഷ്യപത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകയ്യെടുത്ത് വെനിസ്വേലയെ ആക്രമിച്ച് അവിടുത്തെ പ്രസിഡന്റ് നിക്കോളസ് മഡൂറയെയും, അദ്ദേഹത്തിന്റെ ഭാര്യയെയും പിടികൂടി അമേരിക്കയിലേക്ക് തട്ടിക്കൊണ്ടുപോയി. അവരുടെ ഗതി പിന്നെ എന്താണെന്ന് ലോകം കാര്യമായി അന്വേഷിച്ചതേ ഇല്ല. അതിനുശേഷം വീണ്ടും ട്രംപ് മുൻകൈ എടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി നെത്‌ന്യാഹുവിനെക്കൊണ്ട് ടെഹ്‌റാനിൽ ഇറാനിലെ ഭരണാധികാരികളെ മുഴുവൻ തെരഞ്ഞുപിടിച്ച് ഒറ്റ ആക്രമണത്തിൽ കൊന്നുതള്ളി.

മധ്യ പൂർവ്വേഷ്യയിൽ അമേരിക്കയുടെയും, ഇസ്രായേലിന്റെയും ഇംഗിതത്തിന് വഴങ്ങാത്ത അവസാനത്തെ ഭരണകൂടമാണ് ഇറാനിൽ കൂട്ടത്തോടെ കൊല ചെയ്യപ്പെട്ടത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം നിലവിൽ വന്ന ഇറാനിലെ മതഭരണകൂടം അമേരിക്കയുമായി സമരസപ്പെടാൻ തയ്യാറായില്ലെന്ന് മാത്രമല്ല ഇസ്രായേലുമായി കൊമ്പുകോർക്കാനും ഒട്ടും മടിച്ചില്ല. മുൻ അമേരിക്കൻ പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തനായ ട്രംപ് അതിനെല്ലാം കൂടി ചേർത്ത ഒറ്റമൂലിയാണ് ഇറാനിൽ പ്രയോഗിച്ചത്. 

ഇറാനുമായി അടുത്ത സൗഹൃദബന്ധം നിലനിന്നിരുന്ന അമേരിക്കയ്ക്ക് 1979 ലെ ഇസ്ലാമിക വിപ്ലവത്തോടെയാണ് ഇറാനുമായുള്ള ബന്ധങ്ങൾ നഷ്ടമാകുന്നത്. അന്ന് അമേരിക്കയുടെ ടെഹ്‌റാനിലെ എംബസി ആക്രമിച്ച് നയതന്ത്ര ഉദ്യോഗസ്ഥന്മാരെ മതമൗലിക പക്ഷം മാസങ്ങളോളം തടവിൽ വച്ചപ്പോൾ അമേരിക്ക വല്ലാതെ കിതച്ചു. അന്നത്തെ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ രാഷ്ട്രീയഭാവി തന്നെ അവതാളത്തിലാഴ്ത്തിയ സംഭവമായിരുന്നു അത്. അതിന് ശേഷവും ഇറാനും, അമേരിക്കയും തമ്മിൽ നിരവധി വിഷയങ്ങളിൽ അന്യോന്യം ഉരസലുകളുണ്ടായി. എന്നാൽ ലക്ഷ്മണരേഖ കടക്കാൻ അമേരിക്കൻ പ്രസിഡന്റുമാരാരും തയ്യാറായില്ല. പക്ഷേ ഇപ്പോൾ ട്രംപ് എല്ലാത്തിനും കൂടെ ചേർത്ത് ഒറ്റയടിക്ക് പകരം വീട്ടിയിരിക്കുന്നു.

ജൂതന്മാരുടെ പ്രാർത്ഥനാദിനമായ ഷബാത്ത് ശനിയാഴ്ചകളിലാണ്. ഇക്കൊല്ലത്തെ റംസാന്റെ വ്രതദിനാചരണം കൂടി കടന്നുപോയ ശനിയാഴ്ചയിലാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ടെഹ്‌റാനിലേക്ക് കുതിച്ച് ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലിഖമനിയെ വധിച്ചത്. കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും, മകളും, മരുമകനും ചെറുമകനും, പ്രതിരോധമന്ത്രി അസീസ് നസീർ സാദ ഉൾപ്പെടെ നിരവധി ഉന്നത ഇറാനിയൻ മിലിട്ടറി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഖമനിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല യോഗം നടക്കവേയാണ് അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് ഇസ്രായേലി മിസൈലുകൾ പതിച്ചത്. ഇത് കരുതിക്കൂട്ടിവച്ചിരുന്ന ഒരു ആക്രമണമായിരുന്നു. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയുടെ നേരിട്ടുള്ള ഇടപെടലുകൾ ഇതിന്റെ പിന്നിലുണ്ടെന്ന് വളരെ വ്യക്തം. ഇറാന്റെ ഉന്നതമായ ഭരണശൃംഖലകളിൽ സി.െഎ.എയ്ക്ക് ചാരന്മാരുണ്ടായിരുന്നു എന്നതും ഇതിൽ നിന്ന് വെളിവാകുന്നു. ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷിതമായ ബങ്കറുകൾ ഉള്ള വസതിയിൽ അതിന് പുറത്താണ് ഖമനി എന്ന വ്യക്തമായ അറിവ് ലഭിച്ചതിന് ശേഷമാണ് കൃത്യതയാർന്ന വ്യോമാക്രമണം. ഒറ്റ ആക്രമണത്തിലൂടെ ഇറാന്റെ നെടുനായകനെ വീഴ്ത്തി യുദ്ധത്തിന്റെ പരമോന്നത ലക്ഷ്യം നിമിഷങ്ങൾ കൊണ്ട് നേടിയത് ഇസ്രായേലിന്റെയും, അമേരിക്കയുടെയും പിഴക്കാത്ത കണക്കുകൂട്ടലുകളുടെ വിജയമാണ്.

ഇറാന്റെ പ്രത്യാക്രമണം അയൽപക്ക മുസ്ലീം രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. യുദ്ധത്തിൽ പങ്കാളികളല്ലെങ്കിലും അമേരിക്കയുമായി സുഹൃത്ബന്ധം പുലർത്തുന്ന സൈനിക കേന്ദ്രങ്ങൾ നിലനിർത്തുന്നതുമായ രാഷ്ട്രങ്ങൾ എന്ന നിലയിലാണ് ഇവർക്ക് നേരെയുള്ള ആക്രമണം. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെയാണ് ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്നത്. എന്നാൽ ഇസ്രായേലും അമേരിക്കയും ഇറാന് നൽകിയ പ്രഹരത്തിന്റെ തുമ്പിൽ കെട്ടാൻ പോലുമില്ല ഇറാന്റെ ആക്രമണഭീഷണി. 350 കിലോമീറ്ററിൽ തുടങ്ങി 3000 കിലോമീറ്റർ വരെ എത്താവുന്ന വലിയ മിസൈൽ ശേഖരം ഇറാനുണ്ടെന്നാണ് പറഞ്ഞുകേട്ടിരുന്നത്. ഇതിൽ ബാലിസ്റ്റിക് മിസൈലുകളും, ക്രൂസ് മിസൈലുകളും ഉൾപ്പെടും. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് തൊട്ടടുത്തുള്ള രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെയാണ് കാണുന്നത്. ക്രൂസ് മിസൈലുകൾ ഉപയോഗിച്ചതായി തെളിവുകളില്ല. മിസൈലുകളുടെ വൻശേഖരം ഇറാനുണ്ടെങ്കിലും വലിയ നാശനഷ്ടം വരുത്തുന്ന പോർമുന ഇവർക്കില്ലെന്നാണ് വെളിവാകുന്നത്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള പോരിനും ഇതുവരെ ഇറാൻ കാര്യമായി തയ്യാറായിട്ടില്ല. കാലഹരണപ്പെട്ട കുറെ യുദ്ധവിമാനങ്ങൾ മാത്രമേ ഇറാന് ഉള്ളൂവെന്നാണ് പല സ്രോതസ്സുകളും പറയുന്നത്. ആ നിലയിൽ അത്യന്താധുനിക ആയുധങ്ങൾ കുന്നുകൂടിയിട്ടുള്ള അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ ഒരു സൈനികഭീഷണിയും ഉയർത്തുന്നില്ല. ജനങ്ങളെ ഭയചകിതരാക്കാൻ അങ്ങുമിങ്ങും ചില ബോംബുകൾ പൊട്ടിക്കാമെന്നല്ലാതെ ആകാശയുദ്ധത്തിൽ ഇറാന് ഒരു സാധ്യതയുമില്ല.

ഈ യുദ്ധതന്ത്രം വിലപ്പോവാതെ വന്നതുകൊണ്ടാണ് പശ്ചിമേഷ്യയിലെ എണ്ണ വാതക കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ മറ്റൊരു പോർമുഖം തുറന്നിരിക്കുന്നത്. ഇറാന്റെ പെട്രോളിയം കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക ബോംബ് വർഷിച്ചതായാണ് റിപ്പോർട്ട്. അതിന് പ്രതികാരമായാണ് ഗൾഫ് മേഖലയിലെ റിഫൈനറികൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. ഖാർഗ് ദ്വീപിന്റെയും ഹോർവുഡ് കടലിടുക്കിന്റെയും അധീശത്വം ട്രംപ് ആഗ്രഹിക്കുന്നുണ്ട്. അതുംകൂടി കൈയിൽ നിന്ന് പോയാൽ പിന്നെ ഇറാന്റെ ഒരു ശൗര്യവും ഫലിക്കില്ല. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് ഒരു എണ്ണ യുദ്ധത്തിലേക്ക് ഇറാൻ പുറപ്പെട്ടിരിക്കുന്നത്.

ഇറാൻ ആണവായുധ നിർമ്മാണത്തിൽ ഒരുമ്പെട്ടിരിക്കുന്നു എന്ന് ആരോപിച്ചാണ് ഇസ്രായേലിന്റെയും, അമേരിക്കയുടെയും ആക്രമണം. നേരത്തെ ഇവർ പറഞ്ഞ് നടന്നിരുന്നത് ഇറാന്റെ ആണവകേന്ദ്രങ്ങളെല്ലാം ഞങ്ങൾ ആക്രമിച്ച് തരിപ്പണമാക്കിയെന്നാണ്. സദ്ദാം ഹുസൈന് രാസായുധങ്ങളുടെ വൻശേഖരമുണ്ടെന്ന് പറഞ്ഞാണ് മുൻപ് അമേരിക്കയും, സഖ്യകക്ഷികളും ഇറാക്കിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയത്. പക്ഷേ രാസായുധങ്ങൾ സദ്ദാമിനുണ്ടെന്ന് തെളിയിക്കാൻ പിന്നീട് അവർക്ക് കഴിഞ്ഞില്ല. അന്നത്തെ ലക്ഷ്യം സദ്ദാമിനെ പുറത്താക്കുകയായിരുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ തകർത്ത് തരിപ്പണമാക്കി പുറത്താക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇപ്പോൾ ഉള്ളത്. ഇറാക്കിൽ കരയുദ്ധം കൂടി നടത്തിയാണ് തങ്ങളുടെ ലക്ഷ്യം കൈവരിച്ചത്. ഇറാനിൽ അമേരിക്ക അതിന് ഒരുമ്പെടുമെന്ന് തോന്നുന്നില്ല. അതൊരു വലിയ റിസ്‌ക്കാണ്. ആകാശത്തുനിന്നുകൊണ്ട് ഇസ്ലാമിക ഭരണകൂടത്തിന്റെ നടുവൊടിച്ച് നാശനഷ്ടങ്ങൾ വരുത്തിയാൽ പിന്നെ അവർക്ക് കരകയറുക എളുപ്പമല്ലെന്ന് ആക്രമണകാരികൾക്ക് അറിയാം.

1979 ൽ ഇസ്ലാമിക വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ അയത്തുള്ള ഭരണകൂടം അന്നുതൊട്ട് അമേരിക്കയ്ക്കും, ഇസ്രായേലിനും എതിരായ കരുനീക്കങ്ങളുടെ മുൻപന്തിയിലായിരുന്നു. മധ്യേഷ്യയിലെ മറ്റെല്ലാ ശത്രുക്കളെയും വകവരുത്തിയിട്ടും ഇറാൻ മാത്രം അവർക്കെതിരെ നിലകൊണ്ടു. മറ്റ് നാടുകളിലെ സംഘർഷങ്ങളിൽ ഇറാൻ ഒരു പക്ഷത്ത് പ്രത്യക്ഷമായി ഇടപെടുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. പാലസ്തീനിൽ ഇസ്രായേലിനെ വെല്ലുവിളിക്കുന്ന ഹമാസിന്റെ പിന്നിൽ പ്രധാന ചാലകശക്തി ഇറാനാണ്. യാസർ അരാഫത്തിന്റെ പി.എൽ.ഒയെപോലും നിഷ്പ്രഭമാക്കിക്കൊണ്ട് ഹമാസ് കളം പിടിച്ചത് ഇങ്ങനെയാണ്. ലബനനിലെ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഇറാന്റെ തണലിലാണ് നിൽക്കുന്നത്. സിറിയയിൽ ബഷർ അൽ അസദ് അധികാരത്തിൽ നിന്ന് പുറത്തായ സംഘർഷത്തിലും ഇറാന് വലിയൊരു പങ്കുണ്ട്. സാക്ഷാൽ സദ്ദാം ഹുസൈനെപോലും തകർത്തിടാൻ ഇറാൻ പിന്നിൽ നിന്ന് വലിയ പണികൾ ചെയ്തിട്ടുണ്ട്. യമനിലെ ഹൂതി ഭീകരസംഘടനയെ മുൻനിർത്തി അവിടെ യുദ്ധം നയിക്കുന്നതും ഇറാനാണ്. ഹൂതികളുടെ ആക്രമണം അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യക്കാണ് വലിയ തലവേദനയാകുന്നത്. മധ്യേഷ്യയിലെ ഇറാന്റെ പരമ്പരാഗത ശത്രുവായ സൗദി അറേബ്യയെ ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കങ്ങൾ അവർക്ക് വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. മിക്കവാറും എല്ലാ അറബ് രാഷ്ട്രങ്ങളും ഇസ്രായേലിന്റെ അസ്തിത്വം അംഗീകരിച്ചിട്ടും ഇറാൻ മാത്രമാണ് അതിന് തയ്യാറാവാതെ മാറിനിൽക്കുന്നത്. ഗാസയിൽ ഹമാസിനെ തകർത്ത് തരിപ്പണമാക്കിയ യുദ്ധത്തിനുശേഷം പാലസ്തീൻ, ഇസ്രായേൽ എന്ന ദ്വിരാഷ്ട്ര പദ്ധതിക്ക് ട്രംപ് തന്നെ മൗനാനുവാദം നൽകിയിട്ടും, ഇസ്രായേലിനെ അംഗീകരിക്കാൻ ആവാത്തതുകൊണ്ട് ഇറാൻ ഈ നീക്കത്തിന് തുരങ്കം വയ്ക്കുന്നുവെന്ന് പരക്കെ പരാതിയുമുണ്ട്.

ഇറാന്റെ ഉന്നത ഭരണാധികാരികളുടെ തലയിൽ ബോംബിട്ട് അവരെ കൊന്നൊടുക്കി യുദ്ധം തുടങ്ങിവയ്ക്കുന്ന ഇസ്രായേലിന്റെയും, അമേരിക്കയുടെയും നടപടി പരമാധികാരരാഷ്ട്രങ്ങളുടെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്യുന്നതാണ്. കയ്യൂക്കുള്ളവന് എന്തും ചെയ്യാമെന്ന നിലവന്നാൽ അത് ലോകക്രമത്തെ തന്നെ തകർത്തെറിയും. എന്നാൽ ഇപ്പോൾ യുദ്ധം നടത്തുന്നത് ട്രംപും നെത്‌ന്യാഹുവുമാണ്. ഇസ്രായേലിലെയോ അമേരിക്കയിലെയോ ഭൂരിപക്ഷം ജനത അത് അംഗീകരിക്കുന്നുണ്ടോ എന്ന് നിശ്ചയമില്ല. ജനാധിപത്യത്തിന്റെ കരുത്താണ് ഇസ്രായേലിനും അമേരിക്കയ്ക്കും ഉള്ളത്. ഇറാന് ഇല്ലാത്തതും അതുതന്നെ. ഒരു ഇസ്ലാമിക സ്വേച്ഛാധിപത്യ ഭരണകൂടമാണ് ഇറാനിലുള്ളത്. തുറന്ന ജനാധിപത്യ പ്രക്രിയയ്ക്ക് ഒട്ടുമിക്ക മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളും തയ്യാറാകുന്നില്ലെന്നുള്ളതും ഇവിടെ ചേർത്തുവച്ച് വായിക്കണം. എന്നാൽ അമേരിക്കയിലെ ട്രംപും, ഇസ്രായേലിലെ നെത്‌ന്യാഹുവും നാളെ അവരുടെ പ്രവൃത്തികളുടെ റിസൾട്ടറിയാൻ അങ്കത്തട്ടിലിറങ്ങണം. അവരുടെ ചെയ്തികൾ തെറ്റായിരുന്നോ ശരിയായിരുന്നോ എന്ന് നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പുകളാണ്. നെത്‌ന്യാഹു ഉടൻതന്നെ ഈ പരീക്ഷണത്തിന് വിധേയനാകേണ്ടി വരും. അമേരിക്കയിലെ പ്രൗഢമായ ജനാധിപത്യ സംവിധാനങ്ങൾക്ക് മുന്നിൽ ട്രംപും ഉത്തരങ്ങൾ പറയേണ്ടി വരും. അതിൽ സംശയമില്ല. ജനാധിപത്യത്തിന്റെ ആ സുവർണ്ണാവസരങ്ങൾ ആ രാജ്യങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട് അമേരിക്കയെയോ, ഇസ്രായേലിനെയോ ഒന്നടങ്കം അടച്ചാക്ഷേപിക്കേണ്ടതില്ല. ജനാധിപത്യത്തിന്റെ ശക്തിക്ക് മുന്നിൽ ട്രംപും, നെത്‌ന്യാഹുവും ഒരുനാൾ വിചാരണ ചെയ്യപ്പെടും. എന്നാൽ അയത്തുള്ളമാർ അധികാരം പിടിച്ചടക്കി വാഴുന്ന ഇറാനിൽ അവിടത്തെ ജനങ്ങൾക്ക് പ്രതികരിക്കാൻ ഒരവസരം ലഭിക്കുമെങ്കിൽ ഈ യുദ്ധവും ന്യായീകരിക്കപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img