08:00pm 12 May 2026
NEWS
മജിസ്‌ട്രേറ്റിന് എതിരായ വ്യാജ ബില്ല് ആരോപണം ഹൈക്കോടതി റജിസ്ട്രാർ രേഖകൾ കൈമാറിയാൽ മാത്രം അന്വേഷണമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ.
12/05/2026  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മജിസ്‌ട്രേറ്റിന് എതിരായ വ്യാജ ബില്ല് ആരോപണം ഹൈക്കോടതി റജിസ്ട്രാർ രേഖകൾ കൈമാറിയാൽ മാത്രം അന്വേഷണമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ.

മെഡിക്കൽ രേഖകൾ വ്യാജമായി ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഷൻ നടപടിയ്ക്ക് വിധേയയായ മജിസ്‌ട്രേറ്റിനെതിരെ പോലീസ് അന്വേഷണം നടത്തണമെങ്കിൽ സംഭവത്തിന് ആധാരമായ രേഖകൾ ഹൈക്കോടതി റജിസ്ട്രാർ തുടർ നടപടി ആവിശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരി മുഖേന കൈമാറണമെന്ന് തൃശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ വ്യക്തത.  തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെ  ജുഡീഷ്യൽ ഓഫീസറായിരുന്ന ടിയാറ റോസ് മേരി റീൻഫേഴ്‌സ്‌മെന്റ് ലഭിക്കുവാൻ വ്യാജ മെഡിക്കൽ രേഖ തയ്യാറാക്കി സമർപ്പിച്ചതായിട്ടുള്ള ആരോപണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു.  സംഭവത്തിൽ മജിസ്‌ട്രേറ്റിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണവും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ഡിജിപിയ്ക്ക് പരാതി നൽകുകയും ചെയ്തു.  ഇതിന് മേൽ തുടർ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ പരാതിയെ തൃശൂർ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിന് കൈമാറി.  ഹൈക്കോടതി രജിസ്ട്രാറുടെ പരിഗണനയിലുള്ള വിഷയത്തിൽ പൊലീസിന് അന്വേഷണം നടത്തണമെങ്കിൽ വ്യാജമായി ചമച്ചതായി പറയുന്ന രേഖ ബന്ധപ്പെട്ട പോലീസ് അധികാരിയ്ക്ക് തുടർ നടപടി ആവിശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർ കൈമാറണമെന്ന നിലപാടാണ് പരാതിയിൽ നിലവിൽ തൃശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സ്വീകരിച്ചിരിക്കുന്നത്.  ഇത്തരം വിവരം വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് ഔദ്യോഗികമായി കത്തും നല്കിയിട്ടുണ്ട്.  സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങിയതിന് റീഇൻഫോഴ്‌സ്‌മെന്റ് അനുവദിക്കുവാൻ കഴിയില്ലെന്ന് വ്യക്തമാക്കി വനിതാ മജിസ്‌ട്രേറ്റ് സമർപ്പിച്ച ബില്ലുകൾ ആരോഗ്യ വകുപ്പ് നിരസിച്ച് മടക്കിയിരുന്നു.  എന്നാൽ ബില്ലുകൾ പാസാക്കി അനുവദിച്ചതായി കാണിക്കുന്ന വ്യാജ മെഡിക്കൽ രേഖ ആനുകൂല്യം പണമായി ലഭിക്കുവാൻ ടിയാറ റോസ് മേരി ഹൈക്കോടതിയ്ക്ക് അയച്ചു.  ഇത്തരം വസ്തുക്കൾ വാങ്ങുന്നതിന് ആനുകൂല്യം ലഭിക്കില്ലെന്ന് ബോധ്യമുള്ള ഹൈക്കോടതി ജീവനക്കാർ വിഷയം റിപ്പോർട്ട് ചെയ്തതോടെ പ്രാഥമിക വിശദീകരണത്തിന് അവസരം നൽകിയ ശേഷം മജിസ്‌ട്രേറ്റിനെ ഹൈക്കോടതി റെജിസ്ട്രർ ജുഡീഷ്യറി സസ്പെൻഡ് ചെയ്തു.  സർക്കാറിന്റെ പേരിൽ വ്യാജ രേഖ ചമച്ചതായി ആരോപണം ശ്രദ്ധയിൽ പെട്ടാൽ സ്വമേധയാ അന്വേഷണം ഉടൻ ആരംഭിക്കുവാൻ പൊലീസിന് ഉത്തരവാദിത്വമുണ്ട്.  ഹൈക്കോടതി റെജിസ്ട്രർ അന്വേഷണം ആവിശ്യപ്പെട്ട് രേഖകളുടെ പകർപ്പുകൾ ബന്ധപ്പെട്ട അധികാരിയ്ക്ക് നൽകുന്ന മുറയ്ക്ക് അതിൽ ആവിശ്യമായ പോലീസ് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന തൃശൂർ അസി. പോലീസ് കമ്മീഷണറുടെ നിലപാട് നിഷ്പക്ഷ സന്ദേശമല്ല നൽകുന്നതെന്നും വിഷയം റെജിസ്ട്രാരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു.  നീതിപൂർവ്വം പ്രവർത്തിക്കുവാൻ വിനിയോഗിക്കപ്പെട്ട മജിസ്‌ട്രേറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്ന ആരോപണം ക്രിമിനൽ കേസ് പോലീസിനെ കൊണ്ട് രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ട്.  അച്ചടക്ക നടപടിയുടെ പരിധിയിൽ മാത്രം ഒതുക്കി തീർക്കേണ്ട ആരോപണമല്ല ടിയാറ റോസ് മേരിക്ക് എതിരെ ഉയർന്നിട്ടുള്ളതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.  നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ടിയാറ റോസ് മേരി മുമ്പ് മജിസ്‌ട്രേറ്റ് ആയിരിക്കവെ പ്രതികളെ ഓൺലൈൻ മുഖേന ഹാജരാക്കുവാൻ സമ്മതം ചോദിച്ച് തുടർച്ചയായി സ്റ്റേഷനിൽ നിന്ന് വിളിച്ച പോലീസുകാരനുമായി ഫോണിൽ കയർത്ത് സംസാരിച്ച ടിയാറയുടെ സംഭാഷണം റെക്കോർഡ് ചെയ്ത് പോലീസുകാർ പുറത്ത് വിട്ടിരുന്നു.  വിഷയം വിവാദമായതോടെ ടിയാറ റോസ് മേരിയെ അവിടെ തന്നെയുള്ള മുൻസിഫ് കോടതിയിലേക്ക് മാറ്റുകയും ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് പൊലീസിന് ഹൈക്കോടതി പൊതു നിർദ്ദേശവും ഡിജിപി മുഖാന്തിരം നൽകിയിരുന്നു.  തിരുവനന്തപുരം സിറ്റിയിലെ പോങ്ങുമൂടാണ് ടിയാറയുടെ സ്വദേശം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img