
ഒരു കാലത്ത് മഹാനഗരമായ മുംബയ്യുടെ ഉറക്കം കെടുത്തിയിരുന്ന അധോലോക കുറ്റവാളികൾ പത്തിമടക്കിയപ്പോൾ തലപൊക്കിയ അൻമോൾ ബിഷ്ണോയ് തിഹാർ ജയിലിൽ കിടന്നും മുംബയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്.
മുംബയിൽ സമാന്തര ഭരണത്തിന് ആരെയും അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഏക്നാഥ് ശിന്ദേ, വെടിയേറ്റ ബോളിവുഡ് യുവനടൻ ടൈഗർ ഷ്റോഫിന്റെ വസതി സന്ദർശിച്ചപ്പോൾ ഉറപ്പു പറഞ്ഞെങ്കിലും അത് വെറും വാക്കാനാകാനാണ് സാധ്യത.
രണ്ടു വർഷത്തിനു മുൻപ് 2024 ഒക്ടോബർ 12 ന് മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ധിഖിനെ ബിഷ്ണോയ് സംഘം വധിച്ചെങ്കിലും ഇന്നും കേസെങ്ങും എത്തിയിട്ടില്ലെന്നാണ്, സിദ്ധിഖിന്റെ ഭാര്യ ശേഹ്സീൻ തന്നെ ആരോപിക്കുന്നത്. കേസിൽ 27 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ബിഷ്ണോയിയെ മുംബയിൽ എത്തിച്ച് ചോദ്യം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിട്ടും അതിനിയും നടന്നിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ എസിപി സുഭാഷ് ധുധ്ഗാവ്കർ ന്യായീകരിക്കുന്നത്. ഇതുവരെയുള്ള കേസ് അന്വേഷണത്തിന്റെ മുഴുവൻ വിവരങ്ങളും ഒക്ടോബർ 28ന് സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ടൈഗറിന്റെ കാര്യം എന്താകും?
ഒക്ടോബർ 18 ന് ഞായറാഴ്ച വൈകിട്ട് ഏതാണ്ട് ഏഴിന് ജുഹു ഫുട്ബോൾ ഗ്രൗണ്ടിൽ കളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് യുവനടൻ ടൈഗർ ഷറോഫിനെ ബൈക്കിലെത്തിയ 3 പേർ 7 റൗണ്ട് വെടിവച്ചത്. നടന്റെ കൈയിലും നെഞ്ചിലും വെടിയേറ്റെങ്കിലും മരണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നടന്റെ ഡ്രൈവർ, ബ്ലോഗർ ഉമേഷ് ചൗഹാൻ എന്നിവർക്കും വേടിയേറ്റിരുന്നു. ഉമേഷിന്റെ നെഞ്ചിലാണ് വെടിയേറ്റത്. കാറിനോട് ചേർന്ന് നടന്റെ അടുത്തുനിന്ന് മൊബൈലിൽ ഷൂട്ട് ചെയ്യുമ്പോഴാണ് വെടിയുടെ തുടരെത്തുടരെയുള്ള വരവ്.
രണ്ടിൽ ഒരു പിസ്റ്റോൾ പണിമുടക്കിയതാണ്, ടൈഗർ രക്ഷപ്പെടാൻ കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് വെളിപ്പെടുത്തി.
ഒരാൾ മുൻപിൽ നിന്ന് വിൻഡ് സ്ക്രീനിലൂടെയും മറ്റൊരാൾ തുറന്ന വാതിലിലൂടെയുമാണ് വെടിവച്ചത്. രണ്ടാമന്റെ പിസ്റ്റോളാണ് ജാമായത്. ഗേറ്റിനു പുറത്തിറങ്ങി ആരാധകരുമായി സംസാരിച്ചുകൊണ്ടിരിക്കവേയാണ് പെട്ടെന്നുള്ള ആക്രമണം.
ഞായറാഴ്ചതോറുമാണ് ടൈഗർ ജുഹു ഫുട്ബോൾ ഗ്രൗണ്ടിൽ കളിക്കാൻ വരുന്നത്. സംഭവത്തിനു മുൻപുള്ള ഞായറാഴ്ചയും പ്രതികൾ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, അവരുടെ പക്കൽ ആയുധം ഉണ്ടായിരുന്നില്ല. സംഭവത്തിനു തലേന്ന് മാത്രമാണ് ഇവരുടെ പക്കൽ പിസ്റ്റോൾ അമൃത്സറിൽ നിന്ന് ട്രെയിൻമാർഗം എത്തുന്നത്. ഡൽഹിയിൽ നിന്നു ദാദറിൽ ഇറങ്ങിയ യുപിക്കാരായ രാധാ വർമ, ബബിത റാവു എന്നീ സ്ത്രീകൾ വഴിയായിരുന്ന് ഇത്.
ശരിക്കും ടൈഗർ ആയിരുന്നില്ല തങ്ങളുടെ ഇരയെന്നും മറ്റു ചിലരെ ഉന്നം വച്ചെങ്കിലും അവർക്കെല്ലാം അടുക്കാൻ വയ്യാത്ത സെക്യൂരിറ്റി ആയതിനാൽ നടന്നില്ലെന്നും പ്രതികൾ മൊഴിനൽകി. ടൈഗറിന് സെക്യൂരിറ്റി ഇല്ലാത്തത് വിനയായി. ഇങ്ങനെ ഒരാക്രമണം ടൈഗർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.
ഒരു മാസം മുൻപ് മുംബയിൽ എത്തി സർവേ നടത്തിവരികയായിരുന്നു പ്രതികൾ. ബോളിവുഡ് സൂപ്പർതാരങ്ങളായ സൽമാൻഖാൻ, ആമീർഖാൻ, റൺബീർകപൂർ എന്നിവർ അടക്കമുള്ളവരുടെ വസതികളും അവരുടെ സഞ്ചാരങ്ങളും പ്രതികൾ സർവേ നടത്തി.
ബിഷ്ണോയി സമുദായത്തിന്റെ ആരാധനാ മൃഗമായ കൃഷ്ണമൃഗത്തെ സൽമാൻ കൊന്നതാണ് പ്രതികാരത്തിനു കാരണം. സൽമാനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കാരണത്താലാണ് സിദ്ധിഖിനെ ബിഷ്ണോയ് സംഘം വധിച്ചത്. ടൈഗർ, ആമീർ, റൺബീർ എന്നിവരോടും ഇതേ വിഷയത്തിലാണത്രേ വൈരാഗ്യം.
ഹര്യാണ സോണിപത് ജില്ലാ നിവാസികളായ ഫൂൽസിംഹ് (18), റോഹൻ റഷീസുദീൻ അൻസാരി (18) എന്നിവരാണ് വെടിവച്ചത്. ഹൃതിക്കുമാർ മോഹതോ (22) ആണ് ആക്രമണത്തിനു ശേഷം പ്രതികളെ ബൈക്കിൽ രക്ഷപ്പെടുത്തിയത്. ബിഹാർ സ്വദേശിയായ ഇയാൾ മുംബയിലെ അന്ധേരിയിൽ താമസിച്ച് റാപിഡ് ബൈക്ക് സർവീസിൽ ബൈക്ക്മാനായി ജോലി ചെയ്തുവരികയായിരുന്നു.
മുംബയ് പൊലീസിന്റെ നിർദേശ പ്രകാരം 15 മണിക്കൂറിനുള്ളിൽ പ്രതികളെ കോട്ട സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ (23.10.26) 10 പ്രതികളെയാണ് പിടികൂടിയത്. ഇതിൽ 2 സ്ത്രീകളുമുണ്ട്.
ഇനിയുമൊരു പ്രതി പിടികിട്ടാപ്പുള്ളി
യുഎസിൽ കഴിയുന്ന അനിൽ പണ്ഡിത് (32) ആണ് ആക്രമണത്തിനും ഗൂഢാലോചനയ്ക്കും നേതൃത്വം വഹിച്ചതെന്നു പൊലീസ് കരുതുന്നു. ബിഷ്ണോയ് സംഘത്തിലെ മുഖ്യരിൽ ഒരാളായ ഇയാൾ ഓരോ അംഗങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തുവരികയായിരുന്നുവത്രേ. 11-ാം പ്രതിയായ ഇയാളെ പിടികിട്ടാപ്പുള്ളിയായി മുംബയ് പൊലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഹര്യാണ പാനിപത് സ്വദേശിയായ ഇയാൾ 2023 ൽ ആണ് ഇന്ത്യവിടുന്നത്. കാനഡ, കാലിഫോർണിയ വഴിയാണ് യുഎസിൽ എത്തുന്നത്. ഇവിടെ വച്ച് റൺദീപ് മാലിക്കുമായി പരിചയപ്പെടുന്നു. ഇയാൾ വഴിയാണ് ബിഷ്ണോയിൽ എത്തുന്നത്.
സൽമാൻഖാനുമായി അടുപ്പമുണ്ടെന്ന കാരണത്താൽ ഡൽഹിയിൽ ഗുരു റാണ്ഡവ എന്ന ഗായകന്റെ പരിപാടികളിൽ പതിവായി വെടിവയ്പ് നടത്തുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടൈഗറിന്റെ ആക്രമണത്തിൽ ഇയാളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് അന്വേഷിച്ചുവരികയാണ് മുംബയ് പൊലീസ്.
അധോലോകവും ബോളിവുഡ്ഡും
അധോലോക കുറ്റവാളികൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ബോളിവുഡ്ഡ് സെലിബ്രറ്റികൾക്കു നേരെ ഒരു ഡസനിൽപ്പരം ആക്രമണങ്ങളാണ് നടത്തിയത്. ഇതിൽ 4 പേർ കൊല്ലപ്പെട്ടു.
സംഗീത കാസറ്റ് നിർമാതാവായ ഗുൽശൻകുമാർ (1997), നിർമാതാവായ മുകേഷ് ദുഗ്ഗൽ (1997), പ്രൊഡ്യൂസർ ജാവേദ് റിയാസ് സിദ്ധിഖി (1994), നടനും നിർമാതാവുമായ ദിനേഷ് ആനന്ദ് (2001) എന്നിവരാണത്.
ഫിലിം മേക്കർമാരായ രാജീവ് റായ് (1997), മൻമോഹൻ ശെട്ടി (1999), രാകേഷ് രോഷൻ (2000), ലോറൻസ് ഡിസൂസ (2002) എന്നിവരെ ആക്രമിച്ചത് മുൻ അധോലോക കുറ്റവാളികളായിരുന്നു. ഇതിൽ രോഷനു മാത്രമാണ് പരുക്കേറ്റത്. ഇതിൽ ഭൂരിപക്ഷവും ഗുണ്ടാപ്പണ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു.
നടൻ സൽമാൻഖാൻ (2024), നടി ദിശ പഠാണി (2025), ഫിലിം മേക്കർ റോഹിത് ശെട്ടി, (2026), ടൈഗർ ഷ്റോഫ് (2026) എന്നിവരെ ആക്രമിച്ചത് മുംബയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ബിഷ്ണോയ് സംഘമാണ്.
സൽമാനോട് അടുപ്പമുള്ള റസ്റ്ററന്റ് ഉടമ കപിൽ ശർമയോട് ഒരു കോടി രൂപയും (2025 സെപ്റ്റംബർ) നടൻ റൺവീർ സിംഹിനോട് ഈ വർഷം ഫെബ്രുവരി 13 ന് 20 കോടി രൂപയും ബിഷ്ണോയ് സംഘം ആവശ്യപ്പെട്ടിരുന്നു. ലവ് ജിഹാദ് നടത്തുന്നുവെന്നാരോപിച്ച് 2026 ജൂലൈയിൽ ആമീർഖാനും ഭീഷണി ലഭിച്ചിരുന്നു.
1960 കളിൽ ഹാജി മസ്താന്റെ കാലം മുതൽ തുടങ്ങിയതാണ് അധോലോക- ബോളിവുഡ്ഡ് അവിഹിതബന്ധം.1990 കളിലും 2000 കളിലും ഇതു കൂടുതൽ ശക്തിപ്രാപിച്ചു.
ബോളിവുഡ്ഡിൽ ഫിലിം നിർമാണത്തിനു പണം മുടക്കുക, കാസ്റ്റിംഗിൽ കൈകടത്തുക, വിദേശ പ്രദർശനാവകാശം ആവശ്യപ്പെടുക, ഗുണ്ടാപ്പണപ്പിരിവ് എന്നിവയ്ക്കൊപ്പം നടീനടന്മാരുമായി ബന്ധം സ്ഥാപിക്കുന്നതുവരെ അധോലോകരുടെ താൽപര്യങ്ങളിൽപ്പെടുന്നു.
എങ്ങനെ വലയിലായി ?
15 അന്വേഷണ സംഘത്തെ രൂപീകരിച്ച മുംബയ് പൊലീസ് കേവലം 15 മണിക്കുറിനുള്ളിൽ പ്രതികളെ പിടികൂടി റിക്കോർഡ് സൃഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ, മറ്റ് സാങ്കേതിക സൗകര്യങ്ങൾ എന്നിവ വഴി ലഭിച്ച വിവരങ്ങൾ രാജസ്ഥാൻ പൊലീസ് കൈമാറുക വഴി രാജസ്ഥാനിലെ കോട്ടയിൽ ട്രെയിനിൽ നി്ന്നാണ് ഷൂട്ടർമാർ പിടിയിലായത്.
ആക്രമണത്തിനു ശേഷം സൂറത്ത് വഴിയാണ് പ്രതികൾ രാജസ്ഥാനിലേയ്ക്ക് മുങ്ങിയത്. വിവരങ്ങൾ രാജസ്ഥാൻ പൊലീസിനു കൈമാറുകയും അവർ കോട്ട സിറ്റി പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഡൽഹി വഴി നേപ്പാളിലേയ്ക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും മുംബയ് പൊലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു.










