02:06pm 31 May 2026
NEWS
ഏഷ്യാകപ്പ് ക്രിക്കറ്റ് വിവാദവും അതിനു പിന്നിലെ രാഷ്ട്രീയവും
01/10/2025  04:51 PM IST
nila
ഏഷ്യാകപ്പ് ക്രിക്കറ്റ് വിവാദവും അതിനു പിന്നിലെ രാഷ്ട്രീയവും

സ്പോർട്മാൻ സ്പിരിറ്റോടെ കാണണം. നമ്മൾ നിത്യജീവിതത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെയും തർക്കങ്ങളെയും പരിഹരിക്കാൻ പോലും പറയുന്ന വാചകമാണത്. രാഷ്ട്രീയത്തിലും ആരോപണങ്ങളും തർക്കങ്ങളുമുണ്ടാകുമ്പോൾ പറയുന്ന മധ്യസ്ഥ വചനവും അതുതന്നെയാണ്. മത്സരം കഴിഞ്ഞാൽ കളിക്കളം വിടുംമുമ്പ് ജേതാക്കളും പരാജിതരും പരസ്പരം ഹസ്തദാനം നൽകി പിരിയുന്നതാണ് സ്പോർട്സിലെ സ്പിരിറ്റ്. കളി വെറും കളി മാത്രമാണ്. വിനോദത്തിനുള്ള ഉപാധിയാണ്. അതിനപ്പുറം ഒന്നുമുണ്ടാകരുത് എന്ന തത്വവും ചിന്തയുമാണ് സ്പോർട്സിനെ ഭരിക്കേണ്ടത്. 

ഇതിപ്പോൾ ഇവിടെ പറയാൻ കാരണമുണ്ട്. ഏഷ്യാകപ്പിലുയർന്ന വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഏഷ്യാകപ്പ് ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടും കപ്പ് ഏറ്റുവാങ്ങുവാൻ ഇന്ത്യൻ ടീം തയ്യാറായില്ല. ഏഷ്യാകപ്പിൽ വിവാദം തുടങ്ങുന്നത് അവിടെ നിന്നല്ല എന്നതാണ് വാസ്തവം. അവസാനിച്ചതും അവിടെയല്ല. അതിനെ കുറിച്ച് വിശദമായി പറയാം. അതിനും മുമ്പ് നാം മറ്റൊരു ചോദ്യത്തനാണ് ഉത്തരം തേടുന്നത്. എന്തിനാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് നടത്തുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഈ ചോദ്യത്തിനുത്തരം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ബോർഡുകളും ഭരണാധികാരികളും പഠിച്ചുവച്ചിരുന്നു എങ്കിൽ ഇന്ന് കത്തുന്ന വിവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല എന്നതല്ലേ സത്യം?

അതെ, ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ചരിത്രം അല്പമൊന്നറിഞ്ഞ ശേഷം മാത്രമേ വർത്തമാനകാല സംഭവ വികാസങ്ങളെ നമുക്ക് വിശകലനം ചെയ്യാൻ സാധിക്കൂ. 

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റാണ് ഏഷ്യാ കപ്പ്. ഇത് എന്നും കളിയേക്കാൾ രാഷ്ട്രീയവും, മത്സരത്തേക്കാൾ ദേശീയ അഭിമാനവും, ചിലപ്പോൾ നയതന്ത്ര സംഘർഷങ്ങളും അടയാളപ്പെടുത്തുന്ന ടൂർണമെന്റാണ്. പ്രത്യേകിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന മത്സരങ്ങൾ "ക്രിക്കറ്റ് യുദ്ധം" എന്ന പേരിൽ തന്നെ ലോകമെമ്പാടും അറിയപ്പെടുന്നു. എന്നാൽ, എന്തിനാണ് ഈ ടൂർണമെന്റ് ആരംഭിച്ചത് എന്നതാണ് ഏറെ രസകരം.

1984-ൽ ആരംഭിച്ച ഏഷ്യാ കപ്പിന്റെ പ്രധാന ലക്ഷ്യം ആസിയൻ രാജ്യങ്ങളെ ക്രിക്കറ്റിലൂടെ ഒന്നിപ്പിക്കുക എന്നതായിരുന്നു. എന്നാൽ ഇന്ത്യ–പാക് ബന്ധത്തിലെ അനിശ്ചിതാവസ്ഥ പലപ്പോഴും മത്സരങ്ങൾ രാഷ്ട്രീയത്തിന്റെ പിടിയിലാക്കി. ആദ്യം പറഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റ് ഇന്ത്യാ - പാക് മത്സരങ്ങളിൽ കാണാനേ സാധിക്കാത്ത അവസ്ഥ. 

ഒരിക്കൽ ഒന്നായിരുന്നൊരു ജനത,
ഒരുമിച്ച് വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ജനത,
ആരുടെയോ അധികാര മോഹങ്ങളും മതവൈരങ്ങളും കാരണം രക്തവും ജീവനും മാനാഭിമാനങ്ങളും നഷ്ടപ്പെട്ട് വേർപെടേണ്ടി വന്ന ജനത..

അതാണ് ഇന്ത്യയും പാകിസ്ഥാനും.

വിഭജനത്തിന്റെ നോവും പകയും പേറി പതിറ്റാണ്ടുകളായി കഴിയുന്നവർ. അവർക്കിടയിൽ ക്രിക്കറ്റ് കളിയിൽ പോലും സൗഹൃദം പൂക്കുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് ഈ മേഖലയിൽ സമാധാനം കളിയാടുക.

മുമ്പും പലപ്പോഴും ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യാ പാക് തർക്കം ഉയർന്നിരുന്നു. അതെല്ലാം പാകിസ്ഥാൻ എന്ന രാജ്യം ഇന്ത്യക്കു നേരേ ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ആക്രമണങ്ങളുടെ പേരിലായിരുന്നു എന്നത് ശരിതന്നെ. എന്നാൽ, കളിയാണിതെന്നും കളിക്കളമാണിതെന്നും യുദ്ധഭൂമിയല്ല എന്നും തിരിച്ചറിയേണ്ടവരല്ലേ ക്രിക്കറ്റ് താരങ്ങളും ഭരണകൂടങ്ങളും? അതിനു കഴിയുന്നില്ലെങ്കിൽ ഇത്തരം മത്സരങ്ങളേ ഒഴിവാക്കുന്നതാകും നല്ലത്.

ഇക്കുറി തുടക്കം മുതലേ പാക് താരങ്ങൾ ഇന്ത്യൻ താരങ്ങൾക്കെതിരെ പ്രകോപനം തുടർന്നുകൊണ്ടേയിരുന്നു. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. പാകിസ്ഥാനകട്ടെ മൂന്നു പരാജയങ്ങളറിഞ്ഞു. അതു മൂന്നും ഇന്ത്യയോടായിരുന്നു. ഇന്ത്യൻ ടീമിനെ കാണുമ്പോൾ കളിമറന്ന പാക് ടീംപ്രകോപനം മാത്രമാണ് പ്രകടിപ്പിച്ചത്. 

ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചരിത്രത്തിൽ ആദ്യമായാണ് ഏറ്റുമുട്ടിയത്. പാകിസ്ഥാനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ആധികാരികമായി വിജയം കണ്ടിരുന്നു. ഈ മത്സരങ്ങളിൽ പാകിസ്ഥാൻ ക്യാപ്ടന് ഷേക് ഹാൻഡ് നൽകാൻ വിസമ്മതിച്ച ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഫൈനലിലും തന്റെ നിലപാട് തുടർന്നുവെന്ന് മാത്രമല്ല മത്സരത്തലേന്ന് പാക് ക്യാപ്ടനൊപ്പം ട്രോഫിയുമായുള്ള ഫോട്ടോ ഷൂട്ടിൽ നിന്ന് പിന്മാറുകയും ചെയ്തു. മത്സരത്തിന് തൊട്ടുമുമ്പ് ട്രോഫിക്ക് ഇരുവശത്തുമായി നിന്നപ്പോൾ പാക് ക്യാപ്ടൻ സൽമാൻ ആഗയെ നോക്കാൻപോലും സൂര്യ തയ്യാറായില്ല. 

പാകിസ്ഥാൻ താരങ്ങൾ എന്താണ് ചെയ്തത്? ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയെ അങ്ങ് അടിച്ചു തകർത്തുകളഞ്ഞു എന്ന പ്രചാരണം നടത്തുകയും അത്രം അർത്ഥം വരുന്ന ആം​ഗ്യങ്ങൾ കാട്ടുകയുമായിരുന്നു. ഇന്ത്യൻ ടീമിനെയും ഇന്ത്യൻ ജനതയേയും ഇന്ത്യയിലെ ഭരണകൂടത്തെയും പ്രകോപിപ്പിക്കുവാൻ ക്വട്ടേഷൻ ഏറ്റെടുത്തത് പോലെയായിരുന്നു പാക് താരങ്ങളുടെ പ്രകടനം. 

ഫൈനലിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. എന്നാൽ, ജേതാക്കളുടെ ട്രോഫി ഏറ്റുവാങ്ങാൻ ടീം ഇന്ത്യ തയ്യാറായില്ല.  ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക്ക് ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്‍വിയാണ് വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കുക എന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ, പാക് രാഷ്ട്രീയക്കാരനിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ല എന്ന നിലപാടാണ് ഇന്ത്യൻ താരങ്ങൾ എടുത്തത്.

തോക്കിനും പീരങ്കിക്കും നൽകാൻ കഴിയാത്ത സമാധാനം ക്രിക്കറ്റ് മത്സരത്തിന് നൽകാൻ കഴിഞ്ഞേക്കുമെന്ന സങ്കൽപ്പം അതോടെ പൂർണമായും  തകരുകയായിരുന്നു. മത്സരത്തിൽ വിജയിച്ചവർ ട്രോഫി വാങ്ങാൻ നിൽക്കാതെ കളംവിട്ടതോടെ മുഹ്സിൻ നഖ്വി ട്രോഫി ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ട്രോഫി വിജയികൾക്ക് അവകാശപ്പെട്ടതാണ് അത് നേടുന്നതിന് വേണ്ടിയുള്ള  നീക്കങ്ങൾ ഇന്ത്യയും ട്രോഫിയും മെഡലും ടീം ഇന്ത്യക്ക് നൽകുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ സംഘാടകരും നടത്തുന്നുണ്ട്. അതവിടെ നിൽക്കട്ടെ, നമുക്ക് വീണ്ടും സ്പോർട്സിലേക്ക വരാം.

സ്വാതന്ത്ര്യം പരസ്പരാശ്രയത്വത്തിന് പൂർണമായും വഴിമാറിയ കാലത്താണ് നാം ജീവിക്കുന്നത്. ഒരു രാജ്യത്തിനും തനിച്ച് നിൽക്കാനാകില്ല. പരസ്പര സഹകരണത്തിലൂന്നിയ വികസന പദ്ധതികളാണ് ലോകമെമ്പാടും നടക്കുന്നത്. അതേസമയം, വിവിധ രാജ്യങ്ങൾ തമ്മിൽ അതിർത്തി തർക്കവും വംശീയ പ്രശ്നങ്ങളും രൂക്ഷമായ യുദ്ധങ്ങളുമൊക്കെ നടക്കുന്നുമുണ്ട്.

സ്പോർട്സ് നമ്മെ കൂടുതൽ അകറ്റാനല്ല, അടുപ്പിക്കാനാണ് ശ്രമിക്കേണ്ടത്. രാഷ്ട്രീയക്കാർക്ക് അതിർത്തി തർക്കങ്ങളിലും അതിർത്തി കടത്തിവിടുന്ന ഭീകര പ്രവർത്തനങ്ങളിലുമൊക്കെ അവരുടേതായ താത്പര്യങ്ങളുണ്ടാകും. എന്നാൽ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ ആ വൈരവും അകൽച്ചയും പാടില്ല. ​ഗൾഫ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ഇന്ത്യക്കാരും പാകിസ്ഥാനികളും 

ഒരുമിച്ച് ജോലി ചെയ്യുന്നുണ്ട്, 
ഒരുമിച്ചുറങ്ങുന്നുണ്ട്..
ഒരുമിച്ച് ഭക്ഷണം കഴിക്കുന്നുണ്ട്.

ആ ഒരുമ മുഴുവൻ ഇന്ത്യക്കാരിലും പാകിസ്ഥാനികളിലും എത്തിക്കാനാകണം കലാകാരന്മാരും കായികതാരങ്ങളുമൊക്കെ ശ്രമിക്കേണ്ടത്. അതിർത്തിയിലെ സംഘർഷങ്ങളെ ജനതയുടെ മനസുകളിലേക്ക് കടത്തിവിട്ട് പ്രശ്നം കൂടുതൽ രൂക്ഷമാക്കാനല്ല എന്ന് ചുരുക്കം.

ഭീകരവാദത്തെ വിറ്റ് പാകിസ്ഥാനിലെ ചില രാഷ്ട്രീയക്കാരും തീവ്രദേശീയത പ്രചരിപ്പിച്ച് ഇന്ത്യയിലെ ചില നേതാക്കളും നേട്ടമുണ്ടാക്കുന്നുണ്ടാകാം. എന്നാൽ, ഇതിനിടെയിൽ ഇരുഭാ​ഗത്തും പിടഞ്ഞുമരിക്കുന്നവർ അധികാരത്തിന്റെ ആടയാഭരണങ്ങൾ പ്രതീക്ഷിക്കാത്ത പാവങ്ങളാണ്. എല്ലാ അതിർത്തികളിലും സമാധാനം പുലരണം. ഒരു മനുഷ്യന്റെയും രക്തവും ജീവനും നഷ്ടമാകരുത്. അതിനുവേണ്ടിയാകണം കലാകാരന്മാരും കായിക താരങ്ങളും നിലകൊള്ളേണ്ടത്. 

അവസാനമായി പറയാനുള്ളത് പലസ്തീൻ കവി മഹ്‌മൂദ് ദർവിശിന്റെ നാലുവരിയാണ്..

‘യുദ്ധങ്ങൾ അവസാനിക്കും.. നേതാക്കൾ കൈകൊടുത്ത് പിരിയും. 
വൃദ്ധയായ അമ്മ തന്റെ മകന് വേണ്ടി കാത്തിരിക്കും, 
ഭാര്യ ഭർത്താവിനെ കാത്തിരിക്കും, 
കുട്ടികൾ അവരുടെ പിതാവിനെ കാത്തിരിക്കും. 
എന്റെ മണ്ണ് വിറ്റതാരെന്ന് എനിക്കറിയില്ല,
പക്ഷേ അതിന് വില കൊടുത്തത് ആരെന്ന് എനിക്കറിയാം..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img