
ദോഹ: അന്താരാഷ്ട്ര കലാരംഗത്തെ വിഖ്യാത പ്രദർശനമായ 'ആർട്ട് ബാസൽ' (Art Basel) മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ആദ്യ പതിപ്പിന് ദോഹയിൽ തുടക്കം കുറിച്ചു. മുശൈരിബ് ഡൗൺടൗണിലെ എം7 (M7), ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്. ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ ബിന്ത് ഹമദ് ബിൻ ഖലീഫ അൽതാനി മേള ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അമ്പത് വർഷമായി ഖത്തർ കെട്ടിപ്പടുത്ത സാംസ്കാരിക ആവാസവ്യവസ്ഥയെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്ന നിർണ്ണായക ചുവടുവെപ്പാണിതെന്ന്" ഷെയ്ഖ അൽ മയാസ പറഞ്ഞു.
87 അന്താരാഷ്ട്ര എക്സിബിറ്ററുകൾ പങ്കെടുക്കുന്ന മേളയിൽ 84 കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിൽ പകുതിയിലധികം പേരും മെനാസ (MENASA) മേഖലയിൽ നിന്നുള്ളവരാണ്.പരമ്പരാഗത രീതിയിൽ നിന്ന് മാറി, ഓരോ കലാകാരനും വ്യക്തിഗതമായ അവതരണങ്ങൾ നൽകുന്ന രീതിയിലാണ് മേളക്രമീകരിച്ചിരിക്കുന്നത്. 'Becomming' എന്നതാണ് ഈ വർഷത്തെ പ്രമേയം.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന്റെ (MIA) മുൻഭാഗത്ത് പ്രശസ്ത കലാകാരി ജെനി ഹോൾസർ ഒരുക്കിയ ലൈറ്റ് പ്രൊജക്ഷനും 700-ലധികം ഡ്രോണുകൾ അണിനിരന്ന പ്രകടനവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു. മഹ്മൂദ് ദർവീഷ് ഉൾപ്പെടെയുള്ളവരുടെ കവിതകളാണ് പ്രൊജക്ഷനായി ഉപയോഗിച്ചത്.
ഫെബ്രുവരി 7 ന് പ്രദർശനംസമാപിക്കും











