05:18pm 29 September 2026
NEWS
ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനത്തിന് തുടക്കം.
05/07/2025  10:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനത്തിന് തുടക്കം.
HIGHLIGHTS

ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം 
ഐസിസി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. സുരേഷ് കെ. നിർവ്വഹിക്കുന്നു. ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ,ഡോ. അനിൽ റോബി,ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. രാജീവ്.ഇ;ഡോ. കെ.എച്ച്. ശ്രീനിവാസ,    ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അരുൺ ഗോപി; ഡോ. അർഷാദ് .എം എന്നിവർ സമീപം

കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം, ഐസിസി കോൺ 2025,  റാവിസ് കടവിൽ ആരംഭിച്ചു.രണ്ട് ദിവസത്തെ പരിപാടിയിൽ കാർഡിയോളജിയിലെ പുരോഗതി, വികസിച്ചുകൊണ്ടിരിക്കുന്ന ചികിത്സാ രീതികൾ, കാർഡിയാക് കെയറിലെ വെല്ലുവിളികൾ എന്നിവ ചർച്ചാ വിഷയമാവും.സമ്മേളനത്തിൻ്റെ ഉദ്ഘാടനം  ഐസിസി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. സുരേഷ് കെ. നിർവ്വഹിച്ചു. 
 
ശാസ്ത്രവും രോഗിയുടെ ജീവിതവും ഒത്തു ചേരുന്നതാണ് ചികിത്സയുടെ അടിത്തറ. നൂതന  സാങ്കേതിക വിദ്യയും, ചർച്ചകളും ചികിത്സകൾ സുരക്ഷിതവും ലളിതവും, എല്ലാവർക്കും ലഭ്യവുമാക്കുന്ന  ലക്ഷ്യത്തിലൂന്നിയാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ഹൃദ്രോഗ പരിചരണ രീതികളും സാങ്കേതികവിദ്യകളെയും കുറിച്ച് പൊതുജനാവബോധം നിർണായകമാണെന്ന് ഡോ. സുരേഷ് പറഞ്ഞു.

ഓർഗനൈസിങ്ങ്  ചെയർമാൻ  ഡോ. രാജീവ്.ഇ; ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അരുൺ ഗോപി; ഡോ. കെ.എച്ച്. ശ്രീനിവാസ, സയന്റിഫിക് കമ്മിറ്റി ചെയർമാൻ  ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഐ.സി.സി കേരള ചാപ്റ്റർ സെക്രട്ടറി ഡോ. അനിൽ റോബി, ഡോ. അർഷാദ് എം എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

ഹൃദയ വാൽവ് രോഗത്തെ ചികിത്സിക്കുന്നതിനുള്ള ലളിതവും സുരക്ഷിതവും ഫലപ്രദവുമായ വഴികൾ ഡോ. കെ.എച്ച്. ശ്രീനിവാസ  മുഖ്യ പ്രഭാഷണത്തിൽ സംസാരിച്ചു.ഓപ്പൺ-ഹാർട്ട് സർജറിക്ക് പകരം, ഇമേജിംഗ് ഉപകരണങ്ങൾ വഴി ചെറിയ സുഷിരത്തിലൂടെ പുതിയ വാൽവ് ഘടിപ്പിക്കാൻ സാധിക്കുന്ന  അയോർട്ടിക് വാൽവ് റീപ്ലേസ്‌മെൻ്റ് സാങ്കേതിക വിദ്യക്ക് പ്രചാരം ലഭിച്ചു കഴിഞ്ഞു.   വാൽവ് രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന്  കെ.എച്ച്. ശ്രീനിവാസ പറഞ്ഞു. 

ഓർഗനൈസിംഗ് ചെയർമാൻ ഡോ. രാജീവ് ഇ. വിവിധ ഹൃദയവാൽവ് മാറ്റി വെക്കൽ സാങ്കേതികവിദ്യകളെക്കുറിച്ച് സംസാരിച്ചു.  റോബോട്ടിക് സാങ്കേതിക വിദ്യകളും വാൽവ് ചികിത്സയിൽ വലിയ വിപ്ലവം സൃഷ്ടിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

ബിരുദാനന്തര ബിരുദ അക്കാഡമിക് സെഷനുകൾ, ഗവേഷണ അവാർഡുകൾ, ഇന്റർവെൻഷണൽ ടെക്നിക്കുകളെക്കുറിച്ചുള്ള വർക്ക്ഷോപ്പുകൾ എന്നിവ  ഉൾപ്പെടുന്ന ശാസ്ത്ര പരിപാടികളെപ്പറ്റി ഓർഗനൈസിംഗ് സെക്രട്ടറി ഡോ. അരുൺ ഗോപി വിശദീകരിച്ചു. 

ജന്മനായുള്ള ഹൃദ്രോഗങ്ങൾ, ഹൃദയാഘാതത്തിനു ശേഷമുള്ള ചികിത്സ, അക്യൂട്ട് കൊറോണറി സിൻഡ്രോം എന്നിവ ഉൾക്കൊള്ളുന്ന ബിരുദാനന്തര പഠന സെഷനുകൾ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ലിപിഡ് മാനേജ്മെന്റ്, കാൽസിഫൈഡ് ബ്ലോക്കുകൾ, IVUS, OCT പോലുള്ള ഇമേജിംഗ് സാങ്കേതിക വിദ്യകൾ  എന്നിവയെക്കുറിച്ച് വിദഗ്ദ്ധ ചർച്ചകൾ ആദ്യ ദിവസം നടന്നു. 

രണ്ടാം ദിവസം നൂതന ഹൃദ്രോഗ മരുന്നുകൾ,  കാർഡിയാക് ട്രാൻസ്പ്ലാൻറ് വിലയിരുത്തലും ഉൾപ്പെടുത്തും. ഇന്റർവെൻഷണൽ കാർഡിയോളജിയിൽ നിർമ്മിതബുദ്ധിയുടെ പങ്ക്, ന്യൂക്ലിയർ മെഡിസിൻ ഉപയോഗം, കീമോതെറാപ്പിയും ഹൃദയ പരിരക്ഷയും എന്നീ സുപ്രധാന സെഷനുകൾ നടക്കും. 

പ്രായോഗിക പരിശീലനത്തിനായി ഒരുക്കിയ ശിൽപശാലയിൽ കാഠിന്യമേറിയ ബ്ലോക്കുകൾ പൊടിച്ചു കളയുന്ന റോട്ടബ്ലേഷൻ,  സെപ്റ്റൽ പഞ്ചറുകൾ തുടങ്ങിയ സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഉൾപ്പെടുന്നുണ്ട്. അവാർഡു ദാന ചടങ്ങോടെ സമ്മേളനം സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 300-ലധികം കാർഡിയോളജിസ്റ്റുകളും ദേശീയ ഫാക്കൽറ്റിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img