
തിരുവനന്തപുരം: മലയാളികൾ ഒരു മനസോടെ ഹൃദയങ്ങൾ ചേർത്തുനിന്നപ്പോൾ കുഞ്ഞു ആലിൻ ഷെറിന്റെ തുടിക്കുന്ന ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ മൂന്നേകാൽ മണിക്കൂറിനുള്ളിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത സഹജീവി സ്നേഹത്തിന്റെ നേർ സാക്ഷ്യമായി മാറുകയാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞും അതിന്റെ മാതാപിതാക്കളും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നത്. അഞ്ചു പേർക്കാണ് അതിലൂടെ പുതിജീവൻ ലഭിക്കുക.
കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നും വൈകിട്ട് 7.15 ന് പുറപ്പെട്ട ആംബുലൻസ് രാത്രി 10.30 ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ എത്തി. കുഞ്ഞിന്റെ കരൾ കിംസിൽ കൈമാറി, വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്, ഹൃദയവാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി. ഏകദേശം മൂന്നര മണിക്കൂറിനുള്ളിൽ 227 കിലോമീറ്റർ ദൂരം പിന്നിട്ട് ദൗത്യം വിജയകരമായി പൂർത്തിയായി. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ മെഡിക്കൽ കോളേജിലാണ്.
എറണാകുളത്ത് പുറപ്പെട്ട ആംബുലൻസിന് പൊലീസ് ഗ്രീൻ കോറിഡോർ ഒരുക്കി, ട്രാഫിക് നിയന്ത്രിച്ച് ദൗത്യം വേഗത്തിൽ നടപ്പിലാക്കാൻ സഹായിച്ചു. ആംബുലൻസ് ഡ്രൈവർമാരായ ജെയ്‌നീഷും ശരത്തുമാണ് ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരുന്നത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ സമ്മതപ്രകാരം കേരള സർക്കാർ അവയവദാന ഏകോപന സംവിധാനമായ കെസോട്ടോ വഴിയാണ് നടപടികൾ നടപ്പാക്കിയത്. അഞ്ചുപേര്ക്ക് പുതുജീവൻ ലഭിക്കുന്ന വിധത്തിലാണ് അവയവങ്ങൾ വിതരണം ചെയ്തത്. കൊച്ചി അമൃത ആശുപത്രി ജീവനക്കാർ കുഞ്ഞിനെ ആദരപൂർവം വിട നൽകി ഗാർഡ് ഓഫ് ഓണർ സംഘടിപ്പിച്ചു.
അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ച ആംബുലൻസ് ഡ്രൈവർ അടക്കമുള്ളവർക്ക്ആ രോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് വഴിയാണ് മന്ത്രി നന്ദി അറിയിച്ചത്. ആലിൻ ഷെറിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിക്കും. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നെടുങ്ങാടപ്പള്ളി സിഎസ്‌ഐ ചർച്ചിൽ സംസ്‌കാരം നടക്കും.











