10:58am 07 November 2026
NEWS
കർഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് ലക്ഷ്യം: മന്ത്രി പി പ്രസാദ്
01/03/2025  07:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കർഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ്  ലക്ഷ്യം: മന്ത്രി പി പ്രസാദ്

ആലപ്പുഴ : കർഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ടതിന് നമ്മൾ പിന്തുണയും പിൻബലവും കൊടുക്കേണ്ടതുണ്ട്. കർഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ്പറഞ്ഞു. 

കഞ്ഞിക്കുഴിയിലെ കർഷകരിൽ നിന്നും  സംഭരിച്ച  ചീരയും പച്ചക്കറികളുമായി എറണാകുളത്ത് എത്തിയ ചീരവണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇലവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ആവർത്തിച്ചു പറയുന്ന കാര്യങ്ങളാണ്. പകുതിയിൽ കൂടുതൽ രോഗങ്ങൾക്കും കാരണം ഭക്ഷണത്തിൽ നിന്നാണ് ഇവിടെയാണ് ചീരവണ്ടിയുടെ പ്രസക്തിയും. കഞ്ഞിക്കുഴിയിലെ കർഷകരുടെ വിഷ രഹിതമായ പച്ചക്കറികളും  ഇല വർഗ്ഗങ്ങളും ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്നും നേരിട്ട് മേടിക്കാൻ സാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.കർഷകർക്ക് എവിടെയെങ്കിലും  ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളിൽ പ്രാദേശികമായി ഇടപെടലിലൂടെ വിറ്റഴിക്കുന്നതിനുള്ള സൗകര്യങ്ങൾ കൃഷിവകുപ്പ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന കർഷക അവാർഡ് ജേതാവ് എസ് പി സുജിത്തിന്റെ നേതൃത്വത്തിലാണ് ചീരവണ്ടി വിപണനം. കഞ്ഞിക്കുഴി കുടുംബശ്രീ പ്രവർത്തകയായ ശ്രീജ മോൾ പി റ്റിയാണ് ചീര വണ്ടിയുടെ സാരഥി.

ആദ്യ വില്പന കൃഷിവകുപ്പ് മന്ത്രിയിൽ നിന്നും  കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീലേഖ ബി ആർ ഏറ്റുവാങ്ങി. വൈക്കം എംഎൽഎ സി.കെ ആശ മുഖ്യ അതിഥി ആയിരുന്നു.  കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ വൈസ് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാർ, എറണാകുളം ജില്ലാ കൃഷി ഓഫീസർ ഷേർലി സക്കറിയ, ഡെപ്യൂട്ടി ഡയറക്ടർമാരായ ടാനി തോമസ്, ഫാൻസി പരമേശ്വരൻ, ഇന്ദു നായർ പി,വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി ജോസഫ്, കഞ്ഞിക്കുഴി കൃഷി ഓഫീസർ റോസ്മി ജോർജ്, വൈറ്റില അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ രമേഷ് കുമാർ,കഞ്ഞിക്കുഴി സ്ഥിരം സമിതി അധ്യക്ഷ ജ്യോതിമോൾ, വാർഡ് അംഗം ഫെയ്‌സി വി ഏറനാട്, തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img