06:59am 31 August 2026
NEWS
ബസിലിക്കയിലെ കുർബാന വിഷയത്തിലെ ധാരണ അംഗീകരിക്കില്ല
30/08/2026  08:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബസിലിക്കയിലെ  കുർബാന വിഷയത്തിലെ ധാരണ അംഗീകരിക്കില്ല

കൊച്ചി: എറണാകുളം സെൻറ് മേരിസ് കത്തീഡ്രൽ ബസിലിക്കയിലെ കുർബാന തർക്ക വിഷയത്തിൽ ഇടവകയിലെ ഏകീകൃത കുർബാനയർപ്പണം ആഗ്രഹിക്കുന്നവരുടെ പ്രതിനിധികളുമായി ഉണ്ടാക്കിയതായി പറയപ്പെടുന്ന ധാരണ ഒരു കാരണവശാലും അംഗീകരിക്കേണ്ടതില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഏകീകൃത കുർബാനക്കായി നിലകൊള്ളുന്ന സംഘടനകളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത രണ്ടോ മൂന്നോ വ്യക്തികളെ സ്വാധീനിച്ച്  ഉണ്ടാക്കിയ ധാരണ ഏകീകൃത കുർബാന ആഗ്രഹിക്കുന്ന യഥാർത്ഥ വിശ്വാസികൾക്കും സംഘടനകൾക്കും സ്വീകാര്യമല്ല.ധാരണ പത്രത്തിൽ ഒപ്പിട്ടിരിക്കുന്നതായി പറയപ്പെടുന്നവരെ ആരാണ് ഇതിന് ചുമതലപ്പെടുത്തിയതെന്ന് അതിരൂപത നേതൃത്വം വെളിപ്പെടുത്താൻ തയ്യാറാകണം. സഭയുടെ അംഗീകൃത കുർബാന അർപ്പണംമാത്രം നടത്താൻ മാർപാപ്പയുടെ ഉത്തരമുള്ളതും തർക്കത്തെ തുടർന്ന് കുർബാന ഒഴികെയുള്ള കർമ്മങ്ങൾക്ക് മാത്രം എറണാകുളം മുൻസിഫ് കോടതിയുടെ  നിർദ്ദേശവും ഇവിടെ നിലനിൽക്കെ ഏകീകൃത കുർബാനയ്ക്കായല്ലാതെ മറ്റൊരു തരത്തിലുള്ള  കരാറുകളും  നിലനിൽക്കില്ല.
വിശ്വാസികൾക്കിടയിൽ ഭിന്നിപ്പും ആശയക്കുഴപ്പും സൃഷ്ടിക്കാനായി മാർ ജോസഫ് പാംപ്ലാനിയും കൂരിയ അംഗങ്ങളും സഭാ വിരുദ്ധരും ചേർന്ന് രൂപപ്പെടുത്തിയ ഗൂഢ തന്ത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ധാരണ പത്രം. അതിരൂപതയിലെ എല്ലാ ഇടവകകളിലും വ്യവസ്ഥകളില്ലാതെ പൂർണ്ണമായും ഏകീകൃത കുർബാനയെന്നതിന് വിരുദ്ധമായെടുക്കുന്ന ഏത് തീരുമാനത്തേയും ശക്തമായ എതിർക്കുമെന്ന് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി, ജനറൽ കൺവീനർ അഡ്വ. ജോയി ജോർജ്, ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരി, ട്രഷറർ ക്യാപ്റ്റൻ ടോം ജോസഫ് എന്നിവർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img