11:12pm 01 July 2026
NEWS
ഡസൻ കണക്കിന് മാവോയിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ പോലീസിന്റെ തോക്കിനിരയായത്; ലോകത്തെ ഒരു രാജ്യത്തും ഇന്ന് ഈ രീതിയിൽ തീവ്ര ഇടതുപക്ഷക്കാരെ കൂട്ടക്കൊല ചെയ്യുന്നില്ല; നക്‌സൽവേട്ടയുടെ ബാക്കിപത്രം
01/07/2026  10:54 AM IST
അഡ്വ.ജി.സുഗുണൻ
ഡസൻ കണക്കിന് മാവോയിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ പോലീസിന്റെ തോക്കിനിരയായത്; ലോകത്തെ ഒരു രാജ്യത്തും ഇന്ന് ഈ രീതിയിൽ തീവ്ര ഇടതുപക്ഷക്കാരെ കൂട്ടക്കൊല ചെയ്യുന്നില്ല; നക്‌സൽവേട്ടയുടെ ബാക്കിപത്രം

രാജ്യത്തെ 12 സംസ്ഥാനങ്ങളിലും ചുവപ്പൻ ഇടനാഴി തീർത്ത നക്‌സലിസത്തെ അവസാനിപ്പിച്ചെന്ന് ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നക്‌സലിസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കുള്ള മറുപടിക്കിടെയാണ് ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. രാജ്യം നക്‌സൽ വിമുക്തമാക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നതാണ്. ചർച്ചകളിലൂടെയും ആക്രമണത്തിലൂടെയുമാണ് നക്‌സലിസത്തെ അടിയറവ് പറയിച്ചതെന്ന് അമിത് ഷാ പറഞ്ഞു. കീഴടങ്ങുന്നവരുടെ പുനരധിവാസം ഉറപ്പാക്കിയിട്ടുണ്ട്. കീഴടങ്ങിയവരുമായി സംഭാഷണവും, വെടിയുണ്ടകൾക്ക് അതേ നാണയത്തിലും മറുപടി നൽകിയിട്ടുണ്ട്. 

ഛത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ബംഗാൾ, കേരളം, കർണാടകം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നക്‌സലൈറ്റുകളെയാണ് ഇല്ലാതാക്കിയത്. കേരളത്തിലെ നക്‌സലൈറ്റുനേതാക്കളിൽ ചിലരും മാസങ്ങൾക്കു മുമ്പ് പോലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായിട്ടുണ്ട്. 4839 നക്‌സലൈറ്റുകൾ കീഴടങ്ങിയിട്ടുണ്ടെന്നും 2218 പേർ ജയിലിലായിട്ടുണ്ടെന്നും 706 പേർ പോലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടെന്നുമാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. എന്നാൽ അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം പോലീസിനാൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കിനേക്കാൾ പത്തിരട്ടിയോളമാണ്. നക്‌സലൈറ്റ് നേതാക്കളിൽ ഒരാൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും 2024 നു മുമ്പ് തന്നെ നക്‌സലിസം ഇല്ലാതാക്കിയിട്ടുണ്ട്. മുൻ കോൺഗ്രസ് സർക്കാർ നക്‌സലൈറ്റുകളെ സംരക്ഷിച്ചതിനാലാണ് ഛത്തീസ്ഗഡിൽ ഈ ഓപ്പറേഷൻ നീണ്ടത്. 

കോൺഗ്രസിന്റെ നയങ്ങളാണ് രാജ്യത്ത് നക്‌സലിസം വളർത്തിയതെന്ന് ആഭ്യന്തരമന്ത്രി വിമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടികളും നക്‌സലിസം വ്യാപിപ്പിക്കാൻ ഇടയാക്കി. ആദിവാസികൾക്ക് വികസനം നിഷേധിക്കപ്പെട്ടത് നക്‌സലിസത്തെ പ്രോത്സാഹിപ്പിച്ചു. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നക്‌സലൈറ്റുകൾ പങ്കെടുത്തെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അർബൻ നക്‌സലൈറ്റുകളെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എല്ലാക്കാലത്തും നക്‌സലിസത്തിനും, മാവോയിസത്തിനും എതിരായ ശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന കാര്യം ഏവർക്കും ബോധ്യമുള്ളതാണ്.
കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്നുണ്ട്. ചില രാജ്യങ്ങളിൽ ഈ പ്രസ്ഥാനങ്ങൾ വളരെ ശക്തമാണെങ്കിലും മറ്റു ചില രാജ്യങ്ങളിൽ വളരെ ദുർബലവുമാണ്. കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ തീവ്ര ഇടതുപക്ഷവും, മധ്യ ഇടതുപക്ഷവും വലത് സമീപനമുള്ള ഇടതു പ്രസ്ഥാനങ്ങളുമൊക്കെ ഇന്ന് നമുക്ക് കാണാൻ കഴിയും. എങ്കിലും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഊന്നിനിന്നുകൊണ്ട് ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ അധികാരത്തിലുള്ള പ്രസ്ഥാനവും ഇടതുപക്ഷമാണെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. 

രാഷ്ട്രീയ പ്രവർത്തനം ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയപ്പാർട്ടികൾ ശക്തിയുടെ അടിസ്ഥാനത്തിൽ അതാത് രാജ്യങ്ങളിൽ അധികാരത്തിൽ വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ശക്തിയുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷവും ഇന്ന് വിവിധ രാജ്യങ്ങളിൽ അധികാരത്തിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇടതുപക്ഷ പാർട്ടികളിൽ ഒരു വിഭാഗം തീവ്രമായ ഇടതുസമീപനം സ്വീകരിക്കുകയും അക്രമങ്ങളും ഭീകരപ്രവർത്തനവുമെല്ലാം പല രാജ്യങ്ങളിലും നടത്തുകയും ചെയ്യുന്നുണ്ട്. ഓരോ രാജ്യത്തിന്റെയും നിയമങ്ങൾക്കും, നീതിന്യായ സംവിധാനങ്ങൾക്കും ഘടകവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനും കോടതിക്കു മുമ്പിൽ ഹാജരാക്കാനും, ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനും സർക്കാരിനുള്ള അധികാരവും അവകാശവും അംഗീകരിക്കപ്പെട്ട ഒന്നാണ്. അക്രമങ്ങളിലും ഭീകരപ്രവർത്തനങ്ങളിലും ഏർപ്പെടുന്ന പാർട്ടിയെ രാജ്യത്ത് നിലവിലുള്ള നീതി-ന്യായ സംവിധാനങ്ങളുടെ അകത്തുനിന്നു കൊണ്ട് വേണം സർക്കാർ നേരിടേണ്ടത്. ഛത്തീസ്ഗഢിലെ മാവോവാദികളെ അറസ്റ്റുചെയ്യാനും, കോടതിയിൽ ഹാജരാക്കി വിചാരണ ചെയ്ത് ശിക്ഷിക്കാനുമുള്ള അധികാരമാണ് ഭരണഘടനയും രാജ്യത്തെ നിയമങ്ങളും സർക്കാരിന് നൽകിയിട്ടുള്ളത്. അവരെ കൂട്ടത്തോടെ വെടിവെച്ച് കൊല്ലാൻ ഒരു സർക്കാരിനും യാതൊരു അധികാരവും ഇല്ല. ലോകത്തെ ഒരു രാജ്യത്തും ഇന്ന് ഈ രീതിയിൽ തീവ്ര ഇടതുപക്ഷക്കാരെ കൂട്ടക്കൊല ചെയ്യുന്നുമില്ല.

വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വേട്ട ഒരു തുടർക്കഥയായി മാറിയിരിക്കുന്നു. ഡസൻ കണക്കിന് മാവോയിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ പോലീസിന്റെ തോക്കിനിരയായത്. ഛത്തീസ്ഗഢ് അതിർത്തിയിൽ നിരന്തരമായ മാവോയിസ്റ്റ് കൂട്ടക്കൊല റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാരായൺപൂർ ജില്ലയിലെ അബുജ്മദ് പ്രദേശത്തെ സുരക്ഷാസേന 27 മാവോയിസ്റ്റുകളെയാണ് കൊലപ്പെടുത്തിയത്. സി.പി.ഐ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി ബസവരാജുവും കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി. 

തലയ്ക്ക് ഒരു കോടിരൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് നേതാവാണ് ബസവരാജു എന്നറിയപ്പെടുന്ന നമ്പാല കേശവറാവു. 2018 ൽ ഗണപതിയുടെ പിൻഗാമിയായാണ് ബസവരാജു സി.പി.ഐ (മാവോയിസ്റ്റ്) ജനറൽസെക്രട്ടറിയായത്. നാരായൺപൂർ, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ് എന്നീ ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ്‌സായ് പറഞ്ഞു. മാവോയിസ്റ്റ് മാഡ് ഡിവിഷനിലെ മുതിർന്ന കേഡറുകളുടെ സാന്നിദ്ധ്യം സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് ഓപ്പറേഷൻ നടത്തിയത്. മാവോയിസ്റ്റുകൾ നടത്തിയ വെടിവെയ്പിന് മറുപടിയായി സുരക്ഷാസേന പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി വിജയ്ശർമ്മ പറഞ്ഞു. കഴിഞ്ഞ 72 മണിക്കൂറായി ഓപ്പറേഷൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലിൽ 214 ഓളം മാവോയിസ്റ്റ് ഒളിത്താവളങ്ങളും ബാങ്കുകളും നശിപ്പിച്ചുവെന്നും, ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങൾ, ബിജിഎൽ ഷെല്ലുകൾ, ഡിറ്റണേറ്ററുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ പിടിച്ചെടുത്തുവെന്നും പോലീസ് പറയുന്നു. തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമുള്ള ഛത്തീസ്ഗഢിലെ വനങ്ങളിൽ സുരക്ഷാസേന 31 മാവോവാദികളെ 21 ദിവസത്തിനിടെ കൊലപ്പെടുത്തി, ദിവസങ്ങൾക്കകമാണ് പുതിയ സംഭവം. മാവോയിസ്റ്റുകൾ വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്രം ഇതുതള്ളി ഓപ്പറേഷൻ തുടരുകയായിരുന്നു.

മാവോയിസ്റ്റ് കൂട്ടക്കൊല ഇവിടെ അനുസ്യൂതം തുടരുകയാണ്. മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിക്ക് സമീപം ഗഡ്ചിരോളി ജില്ലയിലെ കവണ്ടയിൽ നാല് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു. തോക്കുകളും, സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും പോലീസ് അവകാശപ്പെട്ടു. ഛത്തീസ്ഗഢിലെ സുഖ്മയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് പ്രവർത്തകനും കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ ലെത്തേഹാർ ജില്ലയിൽ തലയ്ക്ക് 5 ലക്ഷംരൂപ വിലയിട്ട നിരോധിത മാവോവാദി സംഘടനാംഗം സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സി.പി.ഐ (മാവോയിസ്റ്റ്) അംഗം മനീഷ്‌യാദവ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്ക് 40 ലക്ഷംരൂപ വിലയിട്ട മറ്റൊരംഗം കുന്ദൻ ഖേർവാറിനെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം മുമ്പാണ് ജില്ലയിൽ സുരക്ഷാസേന നടത്തിയ മാവോവാദി വിരുദ്ധനടപടിയിൽ നിരോധിത ജെ.ജെ.എം.പി മേധാവി പപ്പു ലോഹ്‌റ ഉൾപ്പെടെ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടത്.

പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 30ൽപ്പരം മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ പോലീസ് സംസ്‌കരിച്ചു. മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്‌കരിക്കാൻ ബന്ധുക്കൾ ആശുപത്രിയിൽ കാത്തു നിൽക്കവേയാണ് പോലീസ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ അവകാശികളില്ലെന്ന പേരിൽ സംസ്‌കരിച്ചത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌വിട്ടുനൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവും രേഖകളുമായി ജില്ലാ ആശുപത്രിക്ക് മുമ്പിൽ ബന്ധുക്കൾ കാത്തു നിൽക്കവെയാണ് ഛത്തീസ്ഗഢ് പോലീസ് മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആരുമില്ലെന്ന കാരണം പറഞ്ഞ് മറവു ചെയ്തത്. 

ഹൈക്കോടതി ഉത്തരവും ബന്ധപ്പെട്ട രേഖകളും ഹാജരാക്കിയിട്ടും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ മാന്യമായി സംസ്‌കരിക്കാൻ വിട്ടുനൽകാത്ത പോലീസ് നടപടികൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. മനുഷ്യാവകാശ അഭിഭാഷകയായ ബേല ഭാട്ടിയ ബന്ധുക്കൾക്കൊപ്പം നാരായൺപൂർ ആശുപത്രിയിൽ എത്തിയിരുന്നു. അവിടെ ബന്ധുക്കളോടുള്ള പോലീസ് പ്രതികരണം പരുഷമായിരുന്നുവെന്ന് ഭാട്ടിയ പുറത്തുവിട്ട വീഡിയോ പറയുന്നു. കോടതി ഉത്തരവും ബന്ധുക്കൾ ഹാജരാക്കിയരേഖകളും ഇരുസംസ്ഥാനങ്ങളിലെയും പോലീസ് പരിശോധിക്കാനോ മൃതദേഹം വിട്ടുനൽകാനോ കൂട്ടാക്കിയില്ല. മൃതദേഹങ്ങൾ വെറും നിലത്താണ് കിടത്തിയിരുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളോട് പോലും പോലീസ് അനാദരവുകാട്ടിയെന്നും ബേല ഭാട്ടിയ പ്രതികരിച്ചു. അക്കാദമിക്, സമൂഹ്യപ്രവർത്തക, അഭിഭാഷക കൂട്ടായ്മയായ ദി കോ-ഓർഡിനേഷൻ കമ്മിറ്റി ഫോർ പീസും പോലീസിന്റെ മനുഷ്യത്വ രഹിതമായി നടപടിക്കെതിരെ രൂക്ഷവിമർശനം നടത്തി. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾ ഹാജരാക്കിയ രേഖയിൽ കൊല്ലപ്പെട്ടവരുമായുള്ള ബന്ധം വ്യക്തമാക്കിയിട്ടില്ലെന്നാണ് ബസ്തർ റെയ്ഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി. സുന്ദരരാജിന്റെ ഭാഷ്യം.
സർക്കാരിന്റെ അഭ്യർത്ഥനയെ മാനിച്ച് അവരുമായി ചർച്ചയ്ക്ക് തയ്യാറായ മാവോയിസ്റ്റ് നേതാക്കളെയാണ് ഛത്തീസ്ഗഢിലും മറ്റു പല സംസ്ഥാനങ്ങളിലും പോലീസ് തോക്കിനിരയാക്കിയിരിക്കുന്നത്.  മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവറാവു ഉൾപ്പെടെയുള്ള നേതാക്കളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ യാതൊരു നീതീകരണവുമില്ല. തങ്ങളുമായി ചർച്ച നടത്തണമെന്നുള്ള മാവോയിസ്റ്റുകളുടെ തുടർച്ചയായ ആവശ്യം തള്ളിയാണ് കേന്ദ്രസർക്കാരും ബി.ജെ.പി നേതൃത്വം നൽകുന്ന ഛത്തീസ്ഗഢ് സർക്കാരും കൂട്ടക്കൊലയുടെയും ഉന്മൂലനത്തിന്റെയും പാത സ്വീകരിച്ചത്. 

ദിവസങ്ങൾക്കുള്ളിൽ മാവോയിസ്റ്റുകളെ മുഴുവൻ തുടച്ചു നീക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി ആവർത്തിക്കുമ്പോഴും മാവോയിസ്റ്റുകളുമായി ഒരു തരത്തിലുള്ള ചർച്ചയുടെയും ആവശ്യമില്ലെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആളുകളെ കൊന്നൊടുക്കുന്നതിൽ ആഹ്ലാദിക്കുന്ന ഫാസിസ്റ്റ് മനോഭാവമാണ് ഇത്തരം പ്രസ്താവനകളിൽ പ്രതിഫലിക്കുന്നത്.  
സുരക്ഷാസേന നടത്തിയത് 'വ്യാജ ഏറ്റുമുട്ടൽ' ആണെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും തെലുങ്കാന സിവിൽ ലിബർട്ടീസ് കമ്മിറ്റി ആവശ്യപ്പെട്ടു. മാവോയിസ്റ്റുകൾക്കെതിരായ ആക്രമണത്തിനു പിന്നിൽ കേന്ദ്രസർക്കാർ ആണെന്നും ഓപ്പറേഷൻ കാഗർ നിർത്തിവെയ്ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ മാവോയിസ്റ്റുകളുമായി ചർച്ച നടത്താൻ തയ്യാറാവണമെന്ന് സി.എൽ.സി സംസ്ഥാന പ്രസിഡന്റ് ഗദ്ദാം ലക്ഷ്മണും ജനറൽ സെക്രട്ടറി എൽ നാരായണറാവും ആവശ്യപ്പെട്ടു. 

2003 ഡിസംബറിലാണ് ഛത്തീസ്ഗഢിൽ ബി.ജെ.പി ഭരണത്തിൽ ഏറിയത്. ആ വർഷം 56 മാവോവാദികളടക്കം 149 പേരാണ് ഏറ്റുമുട്ടലുകളിൽ കൊലചെയ്യപ്പെട്ടത്. തൊട്ടടുത്ത വർഷം 296 മാവോവാദികൾ ഉൾപ്പെടെ 397 പേർ കൊല്ലപ്പെട്ടു. ഓപ്പറേഷൻ ഗ്രീൻഹണ്ടിനു ശേഷമുള്ള ഉയർന്ന മരണനിരക്കായിരുന്നു ഇത്. നടപ്പുവർഷം 5 മാസംമാത്രം പിന്നിടുമ്പോൾ 330 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായാണ് ഒടുവിൽ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ജനാധിപത്യ വ്യവസ്ഥിതിയിൽ ആശയ സംഘർഷങ്ങൾ സ്വാഭാവികമാണ്. തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടും അതിന്റെ ഭാഗമായുള്ള തീവ്രവാദ പ്രവർത്തനവുമെല്ലാം ലോകത്ത് ആദ്യമായി ഇന്ത്യയിൽ മാത്രം കാണുന്ന ഒരു കാര്യമല്ല. ലോകചരിത്രത്തിലും വിവിധ രാജ്യങ്ങളിൽ ഇന്നും ഇത്തരം സംഭവങ്ങൾ ധാരാളം നമുക്ക് കാണാൻ കഴിയും. സായുധസേനയെ ഉപയോഗിച്ച് കൂട്ടക്കുരുതി നടത്തുകയല്ല ഇവരെ അമർച്ച ചെയ്യാനുള്ള മാർഗ്ഗം . ഇടതുതീവ്രവാദത്തിന് എതിരായ ആശയപ്രചരണവും ശക്തമായ നിയമനടപടികളുമാണ് സർക്കാർ സ്വീകരിക്കേണ്ടത്.  
നമ്മുടെ രാജ്യത്തെ ജനാധിപത്യം പ്രതിബന്ധങ്ങളെ അതിജീവിച്ചുകൊണ്ട് ഇന്ന് മുന്നോട്ട് തന്നെ പോകുകയാണ്. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടരെ, അത് തീവ്ര പ്രത്യയശാസ്ത്രക്കാരായാൽ പോലും അതിലുള്ളവരെ വെടിവെച്ച് കൊല്ലാൻ ഒരു സർക്കാരിനും അവകാശമില്ല. രാജ്യത്തെ ഭരണഘടനയ്ക്കും, നീതിന്യായ വ്യവസ്ഥയ്ക്കും അകത്തുനിന്നുകൊണ്ട് തന്നെയായിരിക്കണം ഇക്കൂട്ടരെ നേരിടേണ്ടത്.  'ഞൗഹല ീള ഘമം' ആണ് രാജ്യം അംഗീകരിക്കപ്പെട്ടിട്ടുള്ളത്. നിയമവാഴ്ചതന്നെയാണ് ഈ രാജ്യത്ത് നടപ്പിലാക്കേണ്ടത്. ഭരണാധികാരികളുടെ തേർവാഴ്ചയ്ക്ക് ഈ രാജ്യത്തെ എറിഞ്ഞു കൊടുക്കാൻ രാഷ്ട്രീയ പ്രബുദ്ധരായ ഇന്ത്യൻജനത സമ്മതിക്കുമെന്ന് തോന്നുന്നില്ല. 

രാജ്യത്തെ ഗോത്രമേഖലകളിലെയും, പിന്നോക്ക പ്രദേശങ്ങളിലെയും ദൗർഭാഗ്യകരമായ ജീവിത പരിതസ്ഥിതിയും അവിടങ്ങളിൽ വൻകിട കുത്തക കമ്പനികൾ നടത്തിയ പ്രകൃതിചൂഷണവും അതിനു ഭരണകൂടം ചെയ്ത ഒത്താശകളും അത് ഗോത്രജീവിതത്തിലും പിന്നോക്ക ജനസമൂഹത്തിലും ഉണ്ടാക്കിയ അസ്വാസ്ഥ്യങ്ങളും ഒക്കെയാണ് രാജ്യത്ത് മാവോവാദത്തിന്റെ വളർച്ചയ്ക്ക് വളമായതെന്ന യാഥാർത്ഥ്യം ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. ഈ മേഖലയിൽ ദാരിദ്ര്യ നിർമ്മാർജ്ജനവും, സമതുലിത വികസനവും യാഥാർത്ഥ്യമാക്കാൻ കോർപ്പറേറ്റ് ചൂഷണത്തിന് കുടപിടിക്കാതിരിക്കാനുള്ള രാഷ്ട്രീയ വിവേകം കൂടി കേന്ദ്രസർക്കാരിന് ഉണ്ടായേ മതിയാകൂ. എന്നാൽ കേന്ദ്രനേതൃത്വത്തിന് ഈ വസ്തുതകളൊന്നും ബോധ്യപ്പെടുന്നില്ല. അതുകൊണ്ടാണ് തോക്കിൻകുഴലിൽ കൂടി മാവോയിസത്തെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നക്‌സലൈറ്റ് വേട്ട ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടായി മാറുകയാണ്. ഒരു പുരോഗമന - വിപ്ലവ പ്രസ്ഥാനത്തെയും ചോരയിൽ മുക്കിക്കൊല്ലാൻ ഒരു ഭരണാധികാരിക്കും സാധ്യമല്ല. ലോകചരിത്രം അതാണ് പഠിപ്പിക്കുന്നത്. ഇന്ത്യയിലെ നിഷ്ഠൂരമായ നക്‌സലൈറ്റ് വേട്ടയുടെ ബാക്കിപത്രം വലിയ ചർച്ചയ്ക്ക് ഇടവരുത്തുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.     

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img