
ന്യൂയോർക്ക്/ദോഹ: ഐക്യരാഷ്ട്രസഭയുടെ (UN) 81-ാമത് പൊതുസഭാ സമ്മേളനത്തിന് ഇന്ന് (ചൊവ്വാഴ്ച) ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് തുടക്കമാകുന്നു. ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘം സമ്മേളനത്തിൽ പങ്കെടുക്കും. "വിശ്വാസം പുനഃസ്ഥാപിക്കലും പരിവർത്തനം മാനേജ് ചെയ്യലും: എല്ലാവർക്കും ഫലം നൽകുന്ന ഒരു ഐക്യരാഷ്ട്രസഭ" എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സമ്മേളനം നടക്കുന്നത്.
ഇന്ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രസംഗിക്കും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ആഗോള സമാധാനം, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അമീർ തന്റെ പ്രസംഗത്തിൽ പരാമർശിക്കും. പശ്ചിമേഷ്യൻ പ്രതിസന്ധി, പ്രത്യേകിച്ച് ഫലസ്തീൻ വിഷയം, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സാഹചര്യം എന്നിവയ്ക്ക് അമീറിന്റെ പ്രസംഗത്തിൽ മുൻഗണന ലഭിക്കും.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും പൊതുസഭാ പ്രസിഡന്റുമായ ഖലീലുർ റഹ്മാന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം, പരമ്പരാഗതമായി ബ്രസീലും തുടർന്ന് ആതിഥേയ രാജ്യമായ അമേരിക്കയും പൊതുസഭയെ അഭിസംബോധന ചെയ്യും. അതിനുശേഷമായിരിക്കും മറ്റ് രാഷ്ട്രത്ത തലവന്മാരുടെ പ്രസംഗങ്ങൾ. 130-ഓളം ലോക നേതാക്കൾ പങ്കെടക്കുന്ന ഈ സമ്മേളനത്തിൽ ഗാസ, ഉക്രെയ്ൻ, സുഡാൻ എന്നിവിടങ്ങളിലെ യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയന്ത്രണങ്ങൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകും.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അവസാന ഔദ്യോഗിക സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ട്. സമ്മേളനത്തിന് മുന്നോടിയായി, യു.എൻ അടുത്ത സെക്രട്ടറി ജനറലിനായുള്ള തിരഞ്ഞെടുപ്പ് ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായി ഖത്തർ അമീർ വിവിധ ലോക നേതാക്കളുമായും അന്താരാഷ്ട്ര യു.എൻ ഉദ്യോഗസ്ഥരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രാദേശിക തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിൽ ഖത്തറിന്റെ മധ്യസ്ഥ പങ്ക് കൂടുതൽ ശക്തമാക്കാനും അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനും ഈ കൂടിക്കാഴ്ചകൾ വഴിയൊരുക്കും.










