
ദോഹ: അറബ് സൈനിക വിഭാഗങ്ങളുടെ കായിക പ്രകടനക്ഷമതയും ആരോഗ്യ മേഖലയിലെ സഹകരണവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിച്ച അഞ്ചാമത് അറബ് മിലിട്ടറി സ്‌പോർട്‌സ് മെഡിസിൻ സെമിനാറിന് ദോഹയിൽ തുടക്കമായി. ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയുടെ രക്ഷാകർതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
അറബ് മിലിട്ടറി സ്‌പോർട്‌സ് യൂണിയന്റെ മേൽനോട്ടത്തിൽ ഖത്തർ മിലിട്ടറി സ്‌പോർട്‌സ് യൂണിയൻ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ ആതിഥേയരായ ഖത്തർ ഉൾപ്പെടെ 16 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്നുണ്ട്.
സെമിനാർ ഖത്തറിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും സൈനിക കായിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അറബ് മിലിട്ടറി സ്‌പോർട്‌സ് യൂണിയൻ പ്രസിഡന്റും ഖത്തർ മിലിട്ടറി സ്‌പോർട്‌സ് യൂണിയൻ പ്രസിഡന്റുമായ ബ്രിഗേഡിയർ ജനറൽ (ഡോ.) യൂസഫ് ദസ്മാൽ അൽ കവാരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥർ, സൈനിക-കായിക മേഖലയിലെ പ്രമുഖർ, വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











