01:17am 18 January 2026
NEWS
30ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും
12/12/2025  12:31 PM IST
Nasar
30ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും


തിരുവനന്തപുരം: കലയും കലാപവുമുള്ള മലയാളിയെ ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തിരശ്ശീല ഉയരും.
ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16  തിയ്യറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ കാണികൾക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 
ഇന്ന് വൈകീട്ട് ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ 30ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും.  കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും. 
പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും.
ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്  കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 
സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ ക്യാമറ' സാംസ്കാരിക മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്യും. 
ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നൽകി പ്രകാശിപ്പിക്കും. 
ഡെയിലി ബുള്ളറ്റിൻ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് കൈമാറി പ്രകാശനം നിർവഹിക്കും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥ് സാംസ്കാരിക മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങും. രാജീവ് നാഥ്നെക്കുറിച്ച് അക്കാദമി തയ്യാറാക്കിയ 'തണൽ' പുസ്തകം ടി കെ രാജീവ്‌ കുമാർ കെ മധുവിന് നൽകി പ്രകാശനം ചെയ്യും. 
ചീഫ് സെക്രട്ടറി ഡോ. ജയതിലക്,  ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ എന്നിവർ സംസാരിക്കും. 
മധുപാൽ, ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് എന്നിവർ പങ്കെടുക്കും. 
ഉദ്ഘാടനശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻ മേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img