
ഹാനോയ്: വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനാലാം പാർട്ടി കോൺഗ്രസാണ് നടക്കുന്നത്. ഹാനോയിയിലെ വിയറ്റ്നാം നാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ 1586 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഈ മാസം 25 വരെയാണ് സമ്മേളനം.
അടുത്ത അഞ്ചുവർഷത്തേക്ക് നയിക്കേണ്ട കേന്ദ്രകമ്മിറ്റിയെയും പൊളിറ്റ്ബ്യൂറോയെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുക്കും. 2024 ജൂലൈയിൽ പാർട്ടി ജനറൽ സെക്രട്ടറി ഗുയേൻ ഫു ട്രോങ്അന്തരിച്ചതിനെത്തുടർന്നാണ് മുൻ പ്രസിഡന്റ് ടോ ലാമിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. പ്രസിഡന്റ് ലുങ് കോങ്, പ്രധാനമന്ത്രി ഫാം മിൻ ചിൻ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
വിയറ്റ്നാം പുരോഗതിയുടെ പുതുയുഗത്തിലേക്ക് കടക്കുകയാണെന്നും ആധുനികവത്കരണത്തിലൂടെയും ഭരണപരിഷ്കാരങ്ങളിലൂടെയും എല്ലാ ജനങ്ങൾക്കിലേക്കും ഭരണനേട്ടങ്ങൾ എത്തിക്കാനാണ് ശ്രമമെന്നും വിദേശ സഹമന്ത്രി ലീതി തു ഹാങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 46 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 20 ശതമാനം തീരുവയാണ് നിലവിലുള്ളത്. ഇൗ പ്രതികൂല സാഹചര്യത്തിലും കയറ്റുമതി 28 ശതമാനം വർധിപ്പിക്കാൻ വിയറ്റ്നാമിനായി. ഉൽപ്പാദനവും കയറ്റുമതിയും കൂട്ടി സമ്പദ്ഘനയിൽ കുതിപ്പ് നടത്താനുള്ള ശ്രമങ്ങൾക്ക് ദിശാബോധം നൽകുന്ന ചർച്ചകളും സമ്മേളനത്തിൽ നടക്കും.











