05:02am 13 November 2026
NEWS
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ പതിനൊന്നാമത് ബിരുദദാന ചടങ്ങ് 19 ന്.
ബിരുദധാരികളിൽ നിന്ന് സ്ത്രീധന–മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം വാങ്ങും; ലോക ഭക്ഷ്യ അവാർഡ് ജേതാവ് മുഖ്യാതിഥി.

18/02/2026  03:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ പതിനൊന്നാമത് ബിരുദദാന ചടങ്ങ് 19 ന്.


 കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പതിനൊന്നാമത് ബിരുദദാനചടങ്ങ് 2026 ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 10.45ന് കുഫോസ് പനങ്ങാട് ക്യാമ്പസ്സിൽ വച്ച് നടക്കും. അക്കാദമിക മികവിനൊപ്പം സാമൂഹിക ഉത്തരവാദിത്വബോധം ഉയർത്തിപ്പിടിക്കുന്ന പരിപാടിയായാണ് ബിരുദദാനചടങ്ങ് സംഘടിപ്പിക്കുന്നത്. സ്ത്രീധന- മയക്കുമരുന്ന് വിരുദ്ധ സത്യവാങ്മൂലം സമർപ്പിച്ചതിന് ശേഷമേ ബിരുദധാരികൾക്ക് ഡിഗ്രികൾ വിതരണം ചെയ്യൂ എന്ന് സർവകലാശാല അറിയിച്ചു.
 
രാവിലെ നടക്കുന്ന ചടങ്ങിൽ ബഹു. കേരള ഗവർണർ, ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പിഎച്ച്ഡി ബിരുദങ്ങൾ, ഗോൾഡ് മെഡലുകൾ, മികച്ച ഗവേഷണ സംഭാവനകൾ നൽകിയവർക്കുള്ള  ബെസ്റ്റ് ഫാക്കൽറ്റി റിസർച്ചർ അവാർഡ്, ബെസ്റ്റ് സ്റ്റുഡന്റ് റിസർച്ചർ അവാർഡ് എന്നിവ വിതരണം ചെയ്യും. ഉച്ചയ്ക്കുശേഷം നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ, പ്രൊഫ. ഡോ. എ ബിജുകുമാർ, വിദ്യാർഥികൾക്ക് ബിരുദങ്ങൾ ഔപചാരികമായി വിതരണം ചെയ്യും.
 
അക്കാദമിക് പ്രൊസഷൻ രജിസ്ട്രാർ പ്രൊഫ. (ഡോ.) കെ. ദിനേശ് നയിക്കും. വൈസ് ചാൻസലർ, പ്രൊഫ. (ഡോ.) എ ബിജുകുമാർ, ചടങ്ങിന് അധ്യക്ഷത വഹിക്കും. മത്സ്യബന്ധന, സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി, ശ്രീ. സജി ചെറിയാൻ പ്രത്യേക പ്രഭാഷണം നടത്തും. വൈസ് ചാൻസലർ സർവകലാശാല റിപ്പോർട്ട് അവതരിപ്പിക്കും. 
 
സ്ത്രീധനവിരുദ്ധവും മയക്കുമരുന്ന് വിരുദ്ധവുമായ സത്യവാങ്മൂലം നിർബന്ധമാക്കിയത് സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാരെ വളർത്തുന്നതിനും ധാർമിക മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണെന്ന് സർവകലാശാല അറിയിച്ചു.
ലോക ഭക്ഷ്യ  അവാർഡ് ജേതാവും പ്രശസ്ത പോഷകാഹാര ഗവേഷകയുമായ ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്റ്റഡ് മുഖ്യാതിഥിയായിരിക്കും.
110 അണ്ടർഗ്രാജുവേറ്റ്, 304 പോസ്റ്റ്‌ഗ്രാജുവേറ്റ്, 36 പിഎച്ച്ഡി അടക്കം ഈ വർഷം 450 വിദ്യാർഥികൾ ഡിഗ്രി നേടി പുറത്തിറങ്ങും.
വിദ്യാഭ്യാസ മികവിന്റെ ഭാഗമായി ഫസ്റ്റ് റാങ്ക് നേടിയ 27 പേർക്ക് ഗോൾഡ് മെഡൽ നൽകും. കൂടാതെ പ്രമുഖ അധ്യാപകരും അഭ്യുദയകാംക്ഷികളും ഏർപ്പെടുത്തിയ 4 എൻഡോമെന്റ് അവാർഡുകളും ബഹു. ഗവർണർ സമ്മാനിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img