
ദോഹ:ചിറകടിച്ചുയരുന്ന പരുന്തുകളുടെ ഗാംഭീര്യവും, തലമുറകൾ നെഞ്ചിലേറ്റിയ മരുഭൂമിയുടെ പൈതൃകപ്പെരുമയും സമന്വയിപ്പിച്ച് പത്താമത് കത്താറ അന്താരാഷ്ട്ര വേട്ടയാടൽ പരുന്ത് പ്രദർശനത്തിന് (സഹീൽ 2026) ഇന്ന് കത്താറയിൽ തിരശ്ശീലയുയരും. അറബ് സംസ്കാരത്തിന്റെ വീര്യവും ആധുനിക സാങ്കേതികവിദ്യയുടെ മികവും ഒത്തുചേരുന്ന ഈപൈതൃകോത്സവത്തിൽ ഖത്തർ ഉൾപ്പെടെ 14 ലോകരാജ്യങ്ങളാണ് അണിനിരക്കുന്നത്. സെപ്റ്റംബർ 12 വരെയാണ് അഞ്ച് ദിവസം നീളുന്ന ഈ ദൃശ്യവിരുന്ന്.
പരുന്ത് വളർത്തൽ, വേട്ടയാടൽ, ക്യാമ്പിംഗ് ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 155 പ്രമുഖ കമ്പനികളും സ്ഥാപനങ്ങളുമാണ് ഇത്തവണ എക്സിബിഷനിൽ അണിനിരക്കുന്നത്. ഖത്തറിന് പുറമെ സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, പോളണ്ട്, ഫ്രാൻസ്, തുർക്കി, ലെബനൻ, യുകെ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, സ്പെയിൻ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർ മേളയിൽ പങ്കാളികളാകുന്നുണ്ട്.
മെട്രാഷ് (Metrash) ആപ്പ് വഴി വേട്ടയാടൽ ആയുധ ലൈസൻസുകൾ നേടുന്നതിനും, പഴയ ആയുധങ്ങൾ മാറ്റി പുതിയവ വാങ്ങുന്നതിനും, വെടിമരുന്ന് (Ammunition) വാങ്ങുന്നതിനുമുള്ള നടപടിക്രമങ്ങൾ പ്രദർശന നഗരിയിൽ ക്രമീകരിച്ചിട്ടുണ്ട്.പ്രശസ്തമായ പരുന്ത് ലേലത്തിന് പുറമെ, ഏറ്റവും മികച്ച പരുന്ത് തൊപ്പി (Falcon hood), മികച്ച പവലിയൻ, മികച്ച ഗാരേജ്, പരുന്തിനെക്കുറിച്ചുള്ള മികച്ച കവിത എന്നിവയ്ക്കുള്ള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.പ്രകൃതിദൃശ്യങ്ങളും വേട്ടയാടൽ സന്ദർഭങ്ങളും ആസ്പദമാക്കി കലാകാരന്മാർ തത്സമയം വരയ്ക്കുന്ന ലൈവ് ആർട്ട് വിഭാഗവും എക്സിബിഷന്റെ ഭാഗമാണ്.
പൈതൃകവും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന സഹീൽ എക്സിബിഷൻ, മേഖലയിലെ വേട്ടയാടൽ പ്രേമികളുടെയും സഞ്ചാരികളുടെയും പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്. സോഷ്യൽ ആൻഡ് സ്പോർട് കോൺട്രിബ്യൂഷൻ ഫണ്ട് (DAAM) ആണ് പരിപാടിയുടെ പ്രധാന സ്പോൺസർമാർ.











