09:48am 21 July 2024
NEWS
'അതായിരുന്നു ജീവിതത്തിലെ വലിയ വഴിത്തിരിവ്‌'; വെളിപ്പെടുത്തി സുചിത്ര നായർ
11/06/2024  08:19 AM IST
എസ്.എസ്
'അതായിരുന്നു ജീവിതത്തിലെ വലിയ വഴിത്തിരിവ്‌'; വെളിപ്പെടുത്തി സുചിത്ര നായർ
HIGHLIGHTS

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള വരവുതന്നെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ബിഗ് സ്റ്റാറിനൊപ്പം. ‘മഹിളാരത്‌ന’വുമായി ആ ത്രില്ലിംഗ് മൊമന്റ്‌സ് പങ്കുവയ്ക്കുകയാണ് സുചിത്രനായർ.

സീരിയൽ നടി ആയിരുന്ന താങ്കളുടെ ആദ്യസിനിമ തന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ലാലേട്ടനൊപ്പം... എന്ത് തോന്നുന്നു?
ഒരു ന്യൂ കമ്മറിന് കിട്ടേണ്ട ഏറ്റവും വലിയ ഭാഗ്യം തന്നെയാണിത്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമ, ഷിബു ബേബിജോൺ നിർമ്മാണം, ക്യാമറാമാൻ മധു, പിന്നെ മലയാളത്തിന്റെ മോഹൻലാൽ... ഒരു വലിയ പാക്കേജ് തന്നെയാണത്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ കരിയർഗ്രാഫിലെ ഏറ്റവും ഉയരത്തിൽ തന്നെയാണ് ഞാൻ ഇപ്പോഴുള്ളതെന്ന് പറയാം. അതായത് താഴ്ന്നിരുന്ന ഗ്രാഫ് പെട്ടെന്ന് അങ്ങോട്ട് മുകളിലേക്ക് ഉയർന്നു എന്നുതന്നെ പറയേണ്ടി വരും. വളരെ നല്ലൊരു അനുഭവമാണ് എനിക്ക് മലൈക്കോട്ടൈ വാലിബൻ.

ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിലേക്ക് ആദ്യം വിളിച്ചപ്പോൾ എന്തായിരുന്നു പ്രതികരണം?
സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ശ്യാം ലാൽ ആണ് ആദ്യം എന്നെ വിളിക്കുന്നത്. ആദ്യം തന്നെ ഡേറ്റ് ഉണ്ടോ എന്നാണ് ചോദിച്ചത്. പിന്നെയാണ് സംവിധായകന്റെ പേരും ലാലേട്ടന്റെ പേരും ഒക്കെ പറഞ്ഞത്. അത് കേട്ടപ്പോ തന്നെ ഞാൻ എക്‌സൈറ്റഡ് ആയി. ഈ സിനിമ ചെയ്താൽ കരിയറിൽ നല്ലൊരു കാര്യമാകും എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ സിനിമ കമിറ്റ് ചെയ്യാൻ എനിക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല.

ലാലേട്ടൻ പഴയപോലെ പ്രേക്ഷകരെ അഭിനയം കൊണ്ട് തൃപ്തിപ്പെടുത്തുന്നില്ല എന്ന തരത്തിലുള്ള വിമർശനങ്ങൾ ഒക്കെ ശ്രദ്ധിച്ചിരുന്നുവോ?
സിനിമയിൽ ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് എനിക്ക് അതിൽ അഭിപ്രായമില്ല. ഞാൻ ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമകൾ കാണാറുണ്ട്. അവരുടെ അഭിനയം കണ്ട് വിസ്മയിക്കാറുണ്ട്. പിന്നെ പ്രേക്ഷകരുടെ പ്രതീക്ഷയുടെ തലങ്ങൾ എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു കഥാപാത്രം ഡിമാന്റ് ചെയ്യുന്ന അഭിനയം അല്ലേ ഏതൊരു ആക്ടറിനും കാഴ്ച വയ്ക്കാൻ പറ്റൂ. അതിൽ ഒരു സ്റ്റാർ ആയതുകൊണ്ട് വ്യത്യാസം എങ്ങനെ ഉണ്ടാകും.
സിനിമ ഇറങ്ങുന്നതിന് മുമ്പുതന്നെ പ്രൊമോഷൻ ഒരുപാട് പ്രതീക്ഷകൾ പ്രേക്ഷകരിൽ നിറച്ചിട്ടുണ്ട്. ഒരു സിനിമയ്ക്ക് ഇത്രയധികം പ്രൊമോഷൻ കൊടുക്കുന്നത്

പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടോ?
ഒരു സിനിമ ജനങ്ങളിലേക്ക് ഏത് രീതിയിൽ എത്തിച്ചേരണം എന്ന് അതിന്റെ പ്രവർത്തകർക്ക് നല്ല ബോധ്യമുണ്ട്. അതിനൊത്താണ് അവർ പരസ്യം ചെയ്യുന്നത്. പിന്നെ ഒരു സിനിമയ്ക്ക് വേണ്ടി ഒരുപാട് പൈസ നിക്ഷേപിച്ചിട്ടുമുണ്ട്. അതൊക്കെ ബാലൻസ് ചെയ്യണമെങ്കിൽ പി.ആർ. ചെയ്യണമല്ലോ. പ്രേക്ഷകർ ഇതുകണ്ട് അവരുടെ പ്രതീക്ഷകളെ തുറന്നുവിടുന്നു. അതിന് നിയന്ത്രണങ്ങളില്ല.

ലാലേട്ടൻ ആണോ സിനിമയിലേക്ക് താങ്കളെ നിർദ്ദേശിക്കുന്നത്?
അല്ല. ലിജോ സാർ. ബിഗ്‌ബോസ് കാണാറുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ ആദ്യം തിരിച്ചറിയുന്നത്. ശേഷം ടിനുചേട്ടനോട് സംസാരിക്കുകയായിരുന്നു. ബിഗ്‌ബോസ്സ് ഷോ മൂലമാണ് ഞാൻ ശ്രദ്ധിക്കപ്പെടുന്നത്.

സീരിയലിൽ നിന്നും ഒരു ബ്രേക്ക് എടുത്തത് ഗുണകരമായി എന്നിപ്പോൾ തോന്നുന്നുണ്ടോ?
സീരിയലിൽ നിന്നും കുറച്ചുകാലം വിട്ടുനിന്നു. ആ സമയം സ്റ്റാർട്ട് മ്യൂസിക് എന്നൊരു പരിപാടി ആങ്കർ ചെയ്തു. അതിനുശേഷമാണ് ബിഗ്‌ബോസിലേക്ക് പോകുന്നത്. സീരിയലിൽ നിന്നും ബ്രേക്ക് എടുത്തപ്പോഴാണ് ആങ്കറിംഗ് ചെയ്യാൻ പറ്റിയത്. ബിഗ്‌ബോസിൽ കയറാൻ പറ്റിയത് ആയിരുന്നു വലിയ വഴിത്തിരിവ്. അങ്ങനെയാണല്ലോ ലിജോ സാറിന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.

ഒരു സീരിയൽ അഭിനേത്രിക്ക് സിനിമയിൽ അത്ര പെട്ടെന്ന് അവസരം ലഭിക്കുമോ... എന്താണഭിപ്രായം...
കിട്ടണമെന്നില്ല. കാരണം പ്രേക്ഷകർക്ക് മുഖം തിരിച്ചറിഞ്ഞു തുടങ്ങിയാൽ പിന്നെ അതേ വ്യക്തിയെ വച്ച് സിനിമ ചെയ്യാൻ ആരും തയ്യാറാകില്ല. സിനിമയ്ക്ക് ഒരു ഫ്രഷ് ഫേസ് ആവശ്യമുണ്ട്. പല സംവിധായകരും അങ്ങനെ ചിന്തയുള്ളവരാണ്. പക്ഷേ ലിജോ സാറിന് അത് പ്രശ്‌നമായിരുന്നില്ല. അതുകൊണ്ടല്ലേ എന്നെ സെലക്ട് ചെയ്തത്.

അപ്പോൾ സീരിയൽ അഭിനയം പൂർണ്ണമായും ഉപേക്ഷിച്ചോ?
ഒരിക്കലുമില്ല. 'വാനമ്പാടി' എന്ന സീരിയൽ പ്രേക്ഷകരിൽ നിന്നും എനിക്കൊരുപാട് സ്‌നേഹം നേടിത്തന്നതാണ്. ഇനി ഞാൻ ചെയ്യുകയാണെങ്കിൽ ഒന്നുകിൽ അതിന് മുകളിൽ നിൽക്കുന്ന കഥ, അല്ലെങ്കിൽ അതിനൊപ്പം വരുന്ന കഥയെങ്കിലും വേണം. അത്തരമൊരു കഥയുമായി ഇതുവരെ ആരും എന്നെ സമീപിച്ചിട്ടില്ല. നല്ല കഥയാണെങ്കിൽ തീർച്ചയായും സീരിയൽ ചെയ്യും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MAHILARATNAM