03:55am 07 November 2026
NEWS
തരൂർ പുറത്തുപോകില്ല; പിന്നെ, എന്ത് ?
13/06/2025  08:21 PM IST
അനീഷ് മോഹനചന്ദ്രൻ
തരൂർ പുറത്തുപോകില്ല; പിന്നെ, എന്ത് ?

തിരുവനന്തപുരം എം.പി. ഡോ. ശശി തരൂർ ഇതെന്ത് ഭാവിച്ചിട്ടാണ്? രാഷ്ട്രീയകേരളം കഴിഞ്ഞ ഏതാനും ആഴ്ചകളായി തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. തരൂർ ബി.ജെ.പിയിലേക്ക് ചാടുമെന്നും ഇല്ലെന്നും പലവിധ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ അങ്ങിനൊരു സാദ്ധ്യതയേ ഉദിക്കുന്നില്ല എന്ന് തരൂർ തന്നെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതോടെ തരൂർ ചാപ്റ്റർ ക്ലോസ്ഡ് എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ കേരളരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളും അതിവിദൂരമല്ലാത്ത ഭൂതകാലവും പരിശോധിച്ചാൽ തരൂരിന്റെ കാര്യത്തിൽ ആർക്കും ഒരുറപ്പും പറയാൻ സാധിക്കില്ല.  

2012 ൽ എൽ.ഡി.എഫ്. ബാന്ധവം വിട്ട് പുറത്തുവന്ന ആർ. സെൽവരാജിനെ ഇവിടെ പലരും ഉദാഹരിക്കുന്നു. സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് താങ്കൾ കോൺഗ്രസ്സിൽ ചേരുമോ എന്ന് സെൽവരാജിനോട് അന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. കോൺഗ്രസ്സിൽ ചേരുന്നതിനേക്കാൾ ഭേദം ആത്മഹത്യ ചെയ്യുന്നതല്ലേ എന്നായിരുന്നു സെൽവരാജിന്റെ മറുപടി. എന്നാൽ തൊട്ടടുത്ത ദിവസം അദ്ദേഹം കോൺഗ്രസ്സിൽ അംഗത്വം സ്വീകരിക്കുകയും നെയ്യാറ്റിൻകര മത്സരിച്ച് എം.എൽ.എ. ആവുകയും ചെയ്തു. തരൂർ സെൽവരാജിനെപ്പോലെ ഒരു ജില്ലയിൽ മാത്രം അല്ലെങ്കിൽ ഒരു പ്രദേശത്തുമാത്രം ഒതുങ്ങിനിൽക്കുന്ന നേതാവല്ല. എന്നിരുന്നാലും രാഷ്ട്രീയത്തിലെ ന്യായ, അന്യായങ്ങളും യുക്തിയും യുക്തിരാഹിത്യവും സാഹചര്യങ്ങൾക്കനുസരിച്ച് മാറിമറിഞ്ഞേക്കാം. അങ്ങിനെ വരുമ്പോൾ തരൂർ ഒരുപക്ഷേ നാളെ ബി.ജെ.പി. ക്യാമ്പിലെത്തിയാലും അത്ഭുതപ്പെടാനില്ല എന്ന് രാഷ്ട്രീയകേന്ദ്രങ്ങൾ വിലയിരുത്തുന്നു. 

അടിക്കടി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻ.ഡി.എ. സർക്കാരിനേയും പ്രകീർത്തിക്കുന്ന തരൂർ കഴിഞ്ഞ കുറേനാളുകളായി സ്വന്തം പാർട്ടിക്ക് തലവേദനയാണ് സമ്മാനിക്കുന്നത്. ഇതൊരുവേള പാർട്ടിയുടെ താക്കീത് വരെ എത്തിയെങ്കിലും പിന്നീട് പ്രശ്‌നങ്ങൾ മയപ്പെട്ടുവന്നു. എന്നാൽ പഹൽഗാം ഭീകര ആക്രമണത്തിന് പിന്നാലെ കേന്ദ്രം തുടങ്ങിവെച്ച ഓപ്പറേഷൻ സിന്ദൂറിന് ശക്തമായ പിന്തുണയുമായി രംഗത്ത് വന്ന തരൂർ പിന്നീട് തുടരെത്തുടരെ കേന്ദ്രസർക്കാരിന്റെ നടപടികളെ പ്രകീർത്തിച്ചുകൊണ്ടേയിരുന്നു. കേന്ദ്രസർക്കാരിനെതിരെ യുദ്ധഘട്ടത്തിൽപ്പോലും ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ച് കോൺഗ്രസ്സ് പ്രതിസന്ധി തീർക്കുന്ന സമയത്തായിരുന്നു തരൂർ എതിർദിശയിലേക്ക് നീന്തിയത്. ഏറ്റവും ഒടുവിൽ രാജ്യത്തിന്റെ ഭാഗം വിശദീകരിക്കാൻവേണ്ടി കേന്ദ്രം രൂപവത്കരിച്ച വിദേശ യാത്രാപ്രതിനിധി സംഘത്തിൽ തരൂരിനെ അവർ ഉൾപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ്സിൽ നിന്നും പങ്കെടുക്കേണ്ട പ്രതിനിധിസംഘത്തിന്റെ പട്ടികയിൽ തരൂർ ഇല്ലാതിരിക്കെയാണ് അതെല്ലാം ബൈപ്പാസ്  ചെയ്തുകൊണ്ട് മോദി ശശിതരൂരിന് ചുവപ്പുപരവതാനി വിരിച്ചത്. ഇതോടെ തരൂർ വീണ്ടും വാർത്തകളിൽ താരമാവുകയും അദ്ദേഹം ബി.ജെ.പി. ക്യാമ്പിലെത്തുമെന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തു. 

എന്നാൽ ഏറെനാൾ നീണ്ട വിവാദങ്ങൾക്കൊടുവിൽ താൻ ബി.ജെ.പിയിലേക്കില്ലെന്ന് തരൂർതന്നെ പ്രഖ്യാപിച്ചു. പക്ഷേ, അപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിൽ ചില അന്തർധ്വനികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. അതിൽ ഒന്ന് താൻ ബി.ജെ.പിയിലേക്ക് പോകില്ല എന്ന തരൂരിന്റെ പ്രയോഗമാണ്. താൻ പോകില്ല എന്നുപറഞ്ഞാൽ താനായിട്ട് പോകില്ല എന്നാണ് തരൂർ ഉദ്ദേശിച്ചതെന്നാണ് വിലയിരുത്തൽ. അതായത് കോൺഗ്രസ് തന്നെ പുറത്താക്കിയാൽ ഒരുപക്ഷേ, തീരുമാനം മാറ്റാനും അങ്ങിനെ തീരുമാനം മാറ്റിയാൽ അതിന് യുക്തിസഹമായ ന്യായീകരണം നൽകാനും തരൂരിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി തരൂർ അടിക്കടി മോദിയെ പുകഴ്ത്തുന്നത് തന്നെ പാർട്ടി പുറത്താക്കുന്നെങ്കിൽ ആക്കട്ടെ എന്ന നിലപാടിലാണ് എന്നും ഡെൽഹിയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു.

ഇതേക്കുറിച്ച് ആധികാരികമായ വിവരങ്ങൾക്കായി തരൂർക്യാമ്പിനെ ബന്ധപ്പെട്ടു എങ്കിലും അവർ അത്തരം സാദ്ധ്യതകൾ നിഷേധിക്കുകയാണ്. അതേസമയം, തരൂർ പാർട്ടിയിൽ നിന്നും പുറത്തുപോകാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നേ തന്നെ തരൂരിന് ചില ഓഫറുകൾ ബി.ജെ.പി. ക്യാമ്പിൽ നിന്നും ഉണ്ടായിരുന്നു. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ തേടി മറുകണ്ടംചാടിയാൽ അത് തന്റെ രാഷ്ട്രീയ ഭാവിക്ക് ദോഷമാകുമെന്ന് തിരിച്ചറിഞ്ഞ തരൂർ ഓഫർ പെന്റിംഗിൽ വെയ്ക്കുകയായിരുന്നത്രേ. ഇന്ത്യ, ഇന്ത്യൻ ദേശീയപ്രസ്ഥാനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി താൻ രചിച്ച പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം സംഘ്പരിവാർ പൊളിറ്റിക്‌സിനെ പാടേ നിരാകരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ താൻ പാർട്ടിവിട്ടാൽ തന്റെ പുസ്തകങ്ങൾ ഒരുപക്ഷേ പിൻവലിക്കേണ്ടി വരുമെന്നും തരൂർ കരുതുന്നു. 

പ്രായോഗികരാഷ്ട്രീയത്തിന്റെ പുത്തൻ സമസ്യകൾ തേടുമ്പോൾ അതിനെല്ലാം യുക്തിസഹമായ ന്യായീകരണസിദ്ധാന്തങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടൊന്നുമില്ല. അങ്ങിനെ തരാതരംപോലെ നിലപാട് മാറ്റിയ നേതാക്കൻമാർ ധാരാളമുണ്ടെങ്കിലും ഒരു ഇന്റലക്ച്വൽ തിങ്ക്ടാങ്ക് എന്ന നിലയിലും വിശ്വപൗരൻ എന്ന നിലയിലും ഘോഷിക്കപ്പെട്ട താൻ ആ വഴിയിൽ നീങ്ങേണ്ടതില്ല എന്നാണ് തരൂർ ചിന്തിക്കുന്നതത്രേ. അതേസമയം, സ്വന്തം നിലപാടുകൾ അതും രാജ്യതാത്പര്യത്തിന് അനുസൃതമായിട്ട് താൻ കൈക്കൊണ്ട നിലപാടുകൾ നിരാകരിച്ചുകൊണ്ട് പാർട്ടി തന്നെ പുറത്താക്കുന്നപക്ഷം അതിന്റെ പേരിൽ ബി.ജെ.പി. ക്യാമ്പിൽ രാഷ്ട്രീയ അഭയം തേടിയാൽ അത് തന്റെ പൊളിറ്റിക്കൽ കരിയറിന് ഗുണം ചെയ്യുമെന്നും അദ്ദേഹം ചിന്തിക്കുന്നുണ്ട്. 

2009 ൽ യു.എന്നിൽ നിന്നും പറന്നിറങ്ങി ആദ്യഅങ്കത്തിൽതന്നെ എം.പി ആയ തരൂർ അധികം വൈകാതെ കേന്ദ്രകാബിനറ്റിൽ ഇടംനേടി. എന്നാൽ ഐ.പി.എൽ. വിവാദത്തെ തുടർന്ന ്അദ്ദേഹത്തിന് രാജിവെച്ചൊഴിയേണ്ടിവന്നു. തുടർന്ന് വെറും എം.പിയായി മാത്രം ഒതുങ്ങിയിട്ട് കൊല്ലം 16 കഴിയുന്നു. ഇനിയും ഇങ്ങിനെ തുടരുന്നതിൽ ഒരർത്ഥവുമില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒന്നുകിൽ സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ മുഖമായി തന്നെ ഉയർത്തിക്കാട്ടുക. അതിലൂടെ 2026 ൽ മുഖ്യമന്ത്രിസ്ഥാനം തനിക്ക് ലഭിക്കണം. അല്ലാത്തപക്ഷം കേന്ദ്രത്തിൽ മാന്യമായ ഒരിടം. തരൂരിനെ സംബന്ധിച്ചിടത്തോളം എ.ഐ.സി.സി. അദ്ധ്യക്ഷസ്ഥാനത്തിൽ കുറഞ്ഞൊന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. അല്ലാത്തപക്ഷം പാർലമെന്റിൽ പ്രതിപക്ഷനേതാവായി എത്തണം. ഇതൊന്നും രാഹുൽഗാന്ധിയും കൂട്ടരും അംഗീകരിക്കാൻ സാദ്ധ്യത ഇല്ലേയില്ല (ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽതന്നെയാണ് അദ്ദേഹം കോൺഗ്രസ്സ് അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക ്മത്സരിച്ചതും). 

ഇതിനെല്ലാം പുറമേയാണ് രാജ്യത്ത് ബി.ജെ.പി. നാൾക്കുനാൾ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയും വളർച്ചയും. പ്രതിസന്ധികൾ പലതുണ്ടെങ്കിലും അതെല്ലാം അതിജീവിച്ച് മുന്നേറുന്ന മോദിക്ക് ലോകസമൂഹത്തിന്റെ പിന്തുണയും ആരാധകവൃന്ദവുമുണ്ട്. ഇത് രാജ്യത്തെ ബി.ജെ.പിയുടെ ഭാവി ശോഭനമാക്കുന്നുണ്ട് എന്നും തരൂർ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് ഉചിതമാണ് എന്നുതന്നെയാണ് തരൂർ കരുതുന്നത്. പക്ഷേ, അതിനുള്ള സമയം ഇപ്പോൾ ആയിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. 

തരൂർ ബി.ജെ.പിയിലേക്ക് പോകുമോ ഇല്ലയോ എന്നത് ഇപ്പോൾ ആർക്കും ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ചിലപ്പോൾ പോകുമായിരിക്കും ചിലപ്പോൾ ഇല്ലായിരിക്കും. പക്ഷേ, 2026ൽ സംസ്ഥാനത്ത് പിണറായി വിജയൻ ഹാട്രിക്ഭരണം പിടിക്കുകയാണെങ്കിൽ (ബി.ജെ.പി. ക്യാമ്പും അതാഗ്രഹിക്കുന്നു എന്നാണ് ലഭ്യമാകുന്ന വിവരം) അത് സംസ്ഥാന കോൺഗ്രസ്സ് ഘടകത്തിൽ പല പൊട്ടിത്തെറികൾക്കും വഴിമരുന്നിടുമെന്നുറപ്പാണ്. അങ്ങിനെങ്കിൽ പാർട്ടിയിൽ വിവാദങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയശേഷം തരൂരാകും ആദ്യം ബി.ജെ.പി. പാളയത്തിൽ ചേക്കേറുക. പോകണോ വേണ്ടയോ എന്നത് തരൂരിന്റെ ചോയ്‌സ് ആണ്. എന്നാൽ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നത് മാത്രമാണ് ബി.ജെ.പിയുടെ മുന്നിലുള്ള വഴി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img