
തിരുവനന്തപുരം: ശശി തരൂരിനെപ്പോലുള്ള ഒരു ദേശീയ നേതാവിനെ പാർട്ടിയിൽ നിന്ന് അകറ്റി നിർത്താനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ "ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ല, ആരും ക്ഷണിച്ചില്ല" എന്ന പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിലെ ചിലരുടെ നിഷേധാത്മക നിലപാട് വെളിവാക്കുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ ചില നേതാക്കൾ തരൂരിനെതിരെ നടത്തിയ "ക്ഷണിക്കാൻ ഇത് കല്യാണമല്ല", "തരൂർ പോയാൽ ഒന്നും സംഭവിക്കില്ല", "തരൂർ വട്ടപ്പൂജ്യമാകും" തുടങ്ങിയ പരാമർശങ്ങൾ രാഷ്ട്രീയ സംവാദത്തിന് ചേർന്നതല്ലെന്നും, ഇത് കോൺഗ്രസിന്റെ ഭാവിയെക്കുറിച്ചുള്ള നിരുത്തരവാദപരമായ സമീപനമാണെന്നും രാഷ്ട്രീയ നിരീക്ഷർ അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നയതന്ത്ര ശൈലിക്ക് പുതിയ ദിശാബോധം നൽകിയ വ്യക്തിയാണ് തരൂർ. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ സവിശേഷമായ സ്ഥാനം അവതരിപ്പിച്ചത് വോട്ടുകളുടെ കണക്കിൽ മാത്രം ഒതുക്കാവുന്നതല്ല. അടുത്തിടെ അമേരിക്കയിലെ സിന്ദൂർ വിവാദത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ കേന്ദ്രം തരൂരിനെ ചുമതലപ്പെടുത്തിയത് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണ്.
എന്നാൽ, ഇതിനിടയിൽ കേരളത്തിലെ രാഷ്ട്രീയ വേദികളിൽ നിന്ന് തരൂരിനെ അകറ്റാനുള്ള ശ്രമങ്ങൾ ശക്തമാകുന്നത് ആശങ്കാജനകമാണ്. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ മനഃപൂർവം നടത്തുന്ന അനാചാരങ്ങളുടെ ഭാഗമാണോ ഇതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഈ ഭിന്നതകൾ ക്രിയാത്മകമായ ചർച്ചകളിലേക്ക് നയിക്കേണ്ടതിന് പകരം ഭിന്നതയുടെ ആഴം കൂട്ടുന്ന പ്രവണത ദോഷകരമാണ്. തരൂരിന്റെ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണ്. അതിന് വിരോധത്തിന്റെയോ അപമാനത്തിന്റെയോ ഭാഷയിലുള്ള മറുപടി നൽകുന്നത് ഉചിതമല്ല. വ്യത്യസ്ത ശബ്ദങ്ങളെ അടിച്ചമർത്തി മുന്നോട്ട് പോകാനാകില്ലെന്നും, അവരെ ചേർത്ത് നിർത്തിയാലേ പാർട്ടികൾക്ക് വളരാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തരൂർ താരപ്രചാരകരുടെ പട്ടികയിൽ എട്ടാമനാണെന്നും അകറ്റപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞിരുന്നു. എന്നാൽ, പട്ടികയിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ പ്രധാനം പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്. "തരൂർ വന്നിരുന്നെങ്കിൽ നല്ലതായിരുന്നു" എന്ന പരാമർശം, ഒരു ചെറിയ ക്ഷണം മതിയായിരുന്നുവെങ്കിൽ എന്തുകൊണ്ട് അത് നൽകിയില്ല എന്ന ചോദ്യമുയർത്തുന്നു.
തരൂരിന്റെ ആഭ്യന്തര വിമർശനങ്ങളെ കോൺഗ്രസ് ഉൾച്ചിന്തനത്തിനുള്ള അവസരമായി കാണണം. പാർട്ടി പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ, പുതിയ തലമുറയ്ക്ക് സംഭാഷണത്തിന്റെ ഭാഷ നൽകുന്ന ഒരു നേതാവിനെ തള്ളിക്കളയുന്നത് ആത്മഹത്യാപരമാണ്. അദ്ദേഹത്തെ സംരക്ഷിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നും, ഉപേക്ഷിക്കരുതെന്നുംനിരീക്ഷകർ ഊന്നിപ്പറഞ്ഞു.











