
ദോഹ:അപ്രതീക്ഷിതമായ പ്രതിസന്ധികളിൽപ്പെട്ട് കടക്കെണിയിലായവർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകാൻ 'ഡെറ്റേഴ്സ്' (Debtors Project) എന്ന മാനുഷിക പദ്ധതിയുമായി താനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ. സാമ്പത്തിക പ്രയാസങ്ങൾ മൂലം തകർച്ചയുടെ വക്കിലെത്തിയ കുടുംബങ്ങളെ ചേർത്തുപിടിക്കാനും അവർക്ക് അന്തസ്സോടെ പുതിയൊരു ജീവിതം ഉറപ്പാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
തൊഴിൽ നഷ്ടം, പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ, മറ്റ് സാമൂഹിക പ്രതിസന്ധികൾ തുടങ്ങിയ നിയന്ത്രണാതീതമായ കാരണങ്ങളാൽ കടബാധ്യതയിലായവരെയാണ് ഈ പദ്ധതി പ്രധാനമായും സഹായിക്കുന്നത്. ആഡംബരത്തിനോ ധൂർത്തോ വേണ്ടിയല്ല, മറിച്ച് ജീവിതസാഹചര്യങ്ങൾ മൂലം ദുരിതത്തിലായവർക്ക് ജയിൽവാസമോ ദാരിദ്ര്യമോ ഉണ്ടാകാതിരിക്കാൻ ഫൗണ്ടേഷൻ മുൻകൈ എടുക്കുന്നു.അർഹരായവരുടെ കടങ്ങൾ നേരിട്ട് വീട്ടുന്നതിലൂടെ അവർ നേരിടുന്ന നിയമപരവും മാനസികവുമായ സമ്മർദ്ദങ്ങൾ ഇല്ലാതാക്കുന്നു.വരുമാനക്കാരൻ ജയിലിലായതോടെ നിരാലംബരായ കുടുംബങ്ങൾക്ക് വാടക, കുട്ടികളുടെ വിദ്യാഭ്യാസം, നിത്യനിദാന ചെലവുകൾ എന്നിവയ്ക്ക് സഹായം നൽകുന്നുഎന്നിങ്ങനെ
സാമ്പത്തിക തകർച്ച മൂലം കുടുംബങ്ങൾ ശിഥിലമാകുന്നത് തടയാനും സമൂഹത്തിൽ സുരക്ഷിതബോധം വളർത്താനും പദ്ധതി സഹായിക്കുന്നു.സഹായം ലഭിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നതിൽ തികഞ്ഞ സുതാര്യതയാണ് ഫൗണ്ടേഷൻ പുലർത്തുന്നത്. പ്രത്യേക സമിതികൾ ഓരോ അപേക്ഷയും സൂക്ഷ്മമായി പഠിക്കുകയും സാമ്പത്തിക-സാമൂഹിക പശ്ചാത്തലം വിലയിരുത്തുകയും ചെയ്ത ശേഷമാണ് അർഹരെ കണ്ടെത്തുന്നത്. കേവലം സാമ്പത്തിക സഹായം എന്നതിലുപരി, കടക്കെണിയിൽ നിന്ന് മുക്തരായവർക്ക് വീണ്ടും സാമ്പത്തിക സ്വതന്ത്ര്യം നേടാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഫൗണ്ടേഷൻ നൽകുന്നുണ്ട്.ഒരാളുടെ ദുരിതമകറ്റുന്നത് ഒരു കുടുംബത്തെ മുഴുവൻ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിന് തുല്യമാണ്" എന്ന് താനി ബിൻ അബ്ദുള്ള ഫൗണ്ടേഷൻ ഓർമ്മിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന അപേക്ഷകൾ പരിഗണിച്ച്, കൂടുതൽ പേരിലേക്ക് ഈ കാരുണ്യമെത്തിക്കാൻ സുമനസ്സുകളുടെ സഹകരണം ഫൗണ്ടേഷൻ അഭ്യർത്ഥിച്ചു.ഫൗണ്ടേഷന്റെ വെബ്സൈറ്റ് വഴിയും വിവിധ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയും പൊതുജനങ്ങൾക്ക് ഈ പദ്ധതിയിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്. ഒരു കുടുംബത്തിന്റെ അന്തസ്സും പ്രത്യാശയും വീണ്ടെടുക്കാൻ നിങ്ങളുടെ ചെറിയൊരു സഹായം വലിയ മാറ്റമുണ്ടാക്കും.











