10:27pm 03 September 2026
NEWS
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

28/02/2025  02:45 PM IST
nila
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ

താമരശ്ശേരി: രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ.  താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റ‌ത്. എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മുഹമ്മദ് ഷഹബാസ്. കഴിഞ്ഞ ഞയറാഴ്ച്ച താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. 

പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ നൃത്തം ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറായി പാട്ട് നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെൺകുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കി. 

എന്നാൽ എംജെ സ്കൂളിലെ വിദ്യാർഥികൾ അടുത്ത ദിവസം ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ഇത് ചോദ്യം ചെയ്യാൻ പദ്ധതിയിട്ടു. വ്യാഴാഴ്ച കൃത്യം 5 മണിക്ക് ട്യൂഷൻ സെന്ററിന് സമീപമെത്തണമെന്ന് ഗ്രൂപ്പിൽ സന്ദേശം അയച്ചു. അവിടെ എത്തിയ 15 വിദ്യാർഥികളാണ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടിയത്. ഈ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. എന്നാൽ പുറത്ത് പരുക്കൊന്നും കാണാത്തതിനാൽ ഷഹബാസിനെ ഏതാനും കൂട്ടുകാർ ചേർന്ന് വീട്ടിലെത്തിച്ചു. 

മകൻ തളർന്നു കിടക്കുന്നതു കണ്ട് ഷഹബാസിന് ആരെങ്കിലും ലഹരിവസ്തുക്കൾ നൽകിയതാണോ എന്നാണ് വീട്ടുകാർ കരുതിയത്. പിന്നാലെ അവന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമണത്തെ കുറിച്ച് വിവരമറിയുന്നത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ കോമ അവസ്ഥയിലാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img