
താമരശ്ശേരിയിൽ ഭാര്യയെ മൂന്നു വയസുകാരി മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി യാസിർ ലഹരിക്ക് അടിമയാണെന്നും ലഹരിമാഫിയയിലെ കണ്ണിയാണെന്നുമാണ് നാട്ടുകാർ പറയുന്നത്, ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായ മർദ്ദനം പതിവായതോടെയാണ് അടുത്തിടെ ഷിബില സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, കൃത്യം ചെയ്യുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് വിവരം.
ഇന്നലെ വൈകിട്ടാണ് യാസിർ ഭാര്യയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചുപോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന് ഭാര്യയെ വെട്ടുകയായിരുന്നു. ഇതു തടയാൻ വന്നപ്പോഴാണ് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ(48), മാതാവ് ഹസീന(44) എന്നിവർക്കും വെട്ടേറ്റത്. ഇതിൽ അബ്ദുറഹ്മാന്റെ പരുക്ക് ഗുരുതരമായി തുടരുകയാണ്.
2020ൽ ഷിബിലയും യാസിറും വിവാഹിതരായ ശേഷം അടിവാരത്തെ വാടകവീട്ടിലായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ഷിബില ഈങ്ങാപ്പുഴ കക്കാട്ടെ സ്വന്തം വീട്ടിലേക്കു വന്നത്. ലഹരിക്കടിമയായ യാസിറിന്റെ ആക്രമണമാണ് ഇതിനു കാരണമെന്നു പറയുന്നു. തിരിച്ചു ചെന്നില്ലെങ്കിൽ കൊല്ലുമെന്നു യാസിർ നേരത്തേ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.











