
കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി ഉടൻ രൂപീകരിച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്നായിരുന്നു താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കിയത്. സഭയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ, അതെല്ലാം പറഞ്ഞ് പരിഹരിക്കുമെന്നും രൂപത അധ്യക്ഷൻ കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ 10 വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 1500ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. കൃഷിക്കാർക്ക് വന്യമൃഗ ആക്രമണം മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാലാനുസൃതമായ മാറ്റം വരുത്താതെ പഴയ നിയമങ്ങൾ വച്ചുകൊണ്ട് ജനങ്ങളെ പീഡിപ്പിക്കുകയാണ്. അതിനാലാണ് അവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ടി വരുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണത്തെക്കുറിച്ച് വളരെ മുൻപ് തന്നെ ആലോചനയുള്ളതാണ്. ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല. പാവപ്പെട്ടവരായിപ്പോയി എന്നതുകൊണ്ട് ചൂഷണം ചെയ്യപ്പെടാൻ പാടില്ല’ – അദ്ദേഹം പറഞ്ഞു.











