12:38am 13 November 2026
NEWS
തല്ലുമാലയും തള്ളുമാലയും: കുറ്റ്യാടിയിലെ ഗുസ്തിയും പാലായിലെ പ്രേമവും
16/02/2026  09:20 AM IST
സ്വന്തം ലേഖകൻ
തല്ലുമാലയും തള്ളുമാലയും: കുറ്റ്യാടിയിലെ ഗുസ്തിയും പാലായിലെ പ്രേമവും

​കോഴിക്കോട്: സിനിമയിൽ ചാൻസ് ചോദിച്ചു ചെന്ന ശ്രീനിവാസൻ സംവിധായകൻ ഐ.വി. ശശിയുടെ കസേരയിൽ കയറിയിരുന്ന കഥ നാം കേട്ടിട്ടുണ്ട്. എന്നാൽ കോഴിക്കോട് കുറ്റ്യാടിയിൽ കണ്ടത് അതിന്റെ 'ന്യൂ ജനറേഷൻ' വേർഷനാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യാത്രയ്ക്ക് സ്വീകരണം നൽകുന്ന വേദി. പരിപാടി ഉഷാറാക്കാൻ നോക്കിയ ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിലിനെ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി 'സ്നേഹപൂർവ്വം' കഴുത്തിന് പിടിച്ചു പിന്നിലേക്ക് ഒരു തള്ളങ്ങു കൊടുത്തു!
​തള്ള് കിട്ടിയ പ്രമോദ് നേരെ ചെന്ന് വീണത് വി.ഡി. സതീശന്റെ അടുത്തേക്കാണ്. ഭാഗ്യത്തിന് സതീശന്റെ കയ്യിൽ തോക്കില്ലാത്തതുകൊണ്ട് 'നാടോടിക്കാറ്റ്' സിനിമയിലെ പോലെ ഒരു വെടിവയ്പ്പ് ഒഴിവായെന്ന് ദൃക്സാക്ഷികൾ ആശ്വസിക്കുന്നു. ഇതിനിടയിൽ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പെട്ടെന്ന് താഴേക്ക് ഇരുന്നോ അതോ ആരെങ്കിലും ഇരുത്തിയോ എന്ന കാര്യത്തിൽ ഇപ്പോഴും വോട്ടെണ്ണൽ നടക്കുകയാണ്. "രംഗം പന്തിയല്ലെന്ന് കണ്ട് ഞാൻ തനിയെ കുനിഞ്ഞതാണ്" എന്നാണ് മുല്ലപ്പള്ളിയുടെ ലൈൻ. കോൺഗ്രസ് ഗ്രൂപ്പുകളിലെ ഈ 'കഴുത്തിന് പിടുത്തം' കണ്ടാൽ തോന്നും അടുത്ത ഭരണം കിട്ടിയാൽ ഇവർ പരസ്പരം കഴുത്തു ഞെരിക്കുമെന്ന്!

​ജോസ്-റോഷി കെട്ടുതാലി' തർക്കം!

​അപ്പുറത്ത് കേരള കോൺഗ്രസിൽ (എം) നടക്കുന്നത് മറ്റൊരു നാടകമാണ്. യു.ഡി.എഫിലേക്ക് തിരികെ വരാൻ ജോസ് കെ. മാണിക്ക് വലിയ പൂതി. പക്ഷേ, കയ്യിലുള്ള മന്ത്രിസ്ഥാനം റോഷി അഗസ്റ്റിൻ വിട്ടുതരില്ല. പാലായിൽ ജോസ് മത്സരിക്കുമെന്ന് റോഷിയും, അതല്ല താൻ മത്സരിക്കില്ലെന്ന് ജോസും മൈക്ക് പിടിച്ചുവാങ്ങി തർക്കിച്ചു.
​ജോസ് കെ. മാണിക്ക് യു.ഡി.എഫിലേക്ക് വരാൻ 'അര സമ്മതം'. ബാക്കി അര സമ്മതം റോഷി അഗസ്റ്റിന്റെ പോക്കറ്റിലാണ്. പാർട്ടിയുടെ കപ്പൽ മുങ്ങുമെന്ന് കരുതി സതീശനും ചെന്നിത്തലയും കരയിൽ കയർ കെട്ടി കാത്തിരുന്നെങ്കിലും, ജോസ് നൈസായി 'യൂടേൺ' അടിച്ചു. "റോഷി പറഞ്ഞത് ശുദ്ധമനസ്സോടെയാണ്" എന്ന് ജോസ് തിരുത്തിയതോടെ കോൺഗ്രസുകാർക്ക് കിട്ടിയത് കയ്പ്പക്ക ജ്യൂസ്!

​സച്ചിദാനന്ദന്റെ വെളിപാടും പ്രേംകുമാറിന്റെ സങ്കടവും!

​ഇടതുപക്ഷത്തിന്റെ കസേരയിലിരുന്ന് കൊണ്ട് "ഇടതുപക്ഷത്തിന് അടുത്ത ഭരണം കിട്ടിയാൽ ആപത്താണ്" എന്ന് കവി സച്ചിദാനന്ദൻ കാച്ചിയ വെടി കേട്ട് സഖാക്കൾ മൂക്കത്ത് വിരൽ വെച്ചു പോയി. മാഷ് അക്കാദമി അധ്യക്ഷനായി ഇരുന്നുകൊണ്ട് തന്നെ സർക്കാരിന്റെ 'അന്ത്യം' പ്രവചിക്കുന്നു.
​ഇതുകേട്ട് ശരിക്കും സങ്കടം വന്നത് നടൻ പ്രേംകുമാറിനാണ്. പണ്ട് 'സഖാവ്' സിനിമയിൽ പി. കൃഷ്ണപിള്ളയായി അഭിനയിച്ച് ശീലിച്ച് പോയ പാവം പ്രേംകുമാറിനെ ഒരു വാക്ക് പോലും പറയാതെയാണ് സർക്കാർ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തള്ളിയത്. "സർക്കാരിനെ തള്ളുന്നവർക്ക് കസേര, സർക്കാരിനെ താങ്ങുന്ന എനിക്കോ വെറും തള്ളൽ!" എന്നതാണ് പ്രേമന്റെ രോദനം. ഇതിനെയാണോ സഖാക്കളേ 'വരേണ്യ വർഗത്തിന്റെ ഗുമ്മ്' എന്ന് വിളിക്കുന്നത്?

​ഇന്നത്തെ പൊട്ടാസ്:

​കേരളത്തിൽ എയിംസ് (AIIMS) വരാൻ സമയമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശരിയാണ്, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പും വരാനുണ്ടല്ലോ! എല്ലാം ഒരു ടൈമിംഗ് ആണ് സാർ, ടൈമിംഗ്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img