
കൊച്ചി: നിയമവ്യവസ്ഥയുടെ കണ്ണുവെട്ടിച്ച് അഴിമതിക്കേസുകൾ നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയ്‌ക്കെതിരെ കേരള ഹൈക്കോടതിയുടെ ശക്തമായ മുന്നറിയിപ്പ്. വിചാരണയും അപ്പീലുകളും മനപ്പൂർവം വൈകിപ്പിച്ച് അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്ന പരിതാപകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ അപ്പീൽ പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഭാഗത്തുനിന്നും ഈ തുറന്ന വിമർശനമുണ്ടായത്.
നീളുന്ന നിയമയുദ്ധങ്ങളും പൊളിയുന്ന പ്രതീക്ഷകളും
വർഷങ്ങൾ നീളുന്ന നിയമനടപടികൾക്കിടയിൽ അഴിമതിക്കേസിലെ പ്രതികൾ വിചാരണാ ഘട്ടങ്ങളെ പല മാർഗങ്ങളിലൂടെ തടസ്സപ്പെടുത്തുന്നു. ഒടുവിൽ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിക്കപ്പെട്ടാൽ പോലും, അപ്പീൽ കോടതികളെ സമീപ്പിച്ച് ജാമ്യം നേടി പുറത്തിറങ്ങുന്ന പ്രതികൾ വർഷങ്ങളോളം യാതൊരുവിധ തടസ്സവുമില്ലാതെ പുറത്തുതുടരുന്നതാണ് രീതി. അന്തിമ വിധി വരും മുമ്പ് പല പ്രതികളും മരണപ്പെടുന്ന അവസ്ഥപോലുമുണ്ടെന്നും, ഹൈക്കോടതിയുടെ മുൻകാല രേഖകൾ പരിശോധിച്ചാൽ ഈ കയ്പ്പേറിയ സത്യം ബോധ്യപ്പെടുമെന്നും ബെഞ്ച് വ്യക്തമാക്കി. അഴിമതിക്കെതിരെയുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെട്ടാൽ മാത്രമേ പൊതുജനങ്ങൾക്കിടയിൽ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം നിലനിൽക്കൂ എന്നും കോടതി ഓർമ്മിപ്പിച്ചു.
തച്ചങ്കരിയുടെ ഹർജിയും സർക്കാരിന്റെ ശക്തമായ എതിർപ്പും
തന്റെ മേൽ ചുമത്തപ്പെട്ട ശിക്ഷയും കുറ്റവിധിയിലെ കണ്ടെത്തലുകളും തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നായിരുന്നു ടോമിൻ ജെ. തച്ചങ്കരിയുടെ പ്രധാന വാദം. തനിക്ക് ലഭിച്ച സ്വത്തുക്കൾ മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചു.
എന്നാൽ, ഹർജിക്കാരന്റെ വാദങ്ങളെയും ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തെയും സർക്കാർ കോടതിയിൽ ശക്തമായി എതിർത്തു. സ്വത്തുക്കളുടെ ഉറവിടത്തെക്കുറിച്ച് ഹർജിക്കാരൻ പറയുന്ന പലകാര്യങ്ങൾക്കും വ്യക്തമായ തെളിവുകളോ രേഖകളോ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതിയും നിരീക്ഷിച്ചു. കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരിയെ ശിക്ഷിച്ചിരുന്നത്. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ഹൈക്കോടതി, ഹർജി വിധി പറയാനായി മാറ്റിവെച്ചു.










