
തിരുവനന്തപുരം: സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്ക് കോടതിയുടെ വിന. ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികനും രാഷ്ട്രീയ നിരീക്ഷകനുമായ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (മിഥുൻ ഗോപി) ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നുമാണ് ഞായറാഴ്ച തിരുവനന്തപുരം സൈബർ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് മുൻകൂട്ടി നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്ന് മോഹൻദാസിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത് കോടതിയിൽ ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം പ്രതി ഒളിവിൽ പോകുമെന്ന പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ വാദം കോടതി അംഗീകരിച്ചില്ല.
കർശന ജാമ്യവ്യവസ്ഥകൾ:
ചൊവ്വാഴ്ച മുതൽ തുടർച്ചയായി മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.
തുടർന്നുള്ള രണ്ടുമാസം എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി രജിസ്റ്ററിൽ ഒപ്പിടണം.
സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ പാടില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം.
കേസിനാസ്പദമായ വിവാദ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്ക്ക് (Meta) കത്ത് നൽകിയിട്ടുണ്ട്.
കോടതി പരിസരത്ത് പ്രതിഷേധം:
മോഹൻദാസിനെ കോടതിയിൽ ഹാജരാക്കിയ വേളയിൽ വഞ്ചിയൂർ കോടതി പരിസരത്ത് കരിങ്കൊടിയും പ്ലക്കാർഡുകളുമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, അവധിദിവസം നോക്കി നടത്തിയ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും മതമൗലികവാദികളെ തൃപ്തിപ്പെടുത്താനുമുള്ള നീക്കമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് കുറ്റപ്പെടുത്തി.











